Connect with us

Palakkad

അപകടമരണ ധനസഹായം ഒഴിവാക്കിയതിനെതിരെ പ്രതിഷേധം

Published

|

Last Updated

പാലക്കാട്: സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ നിന്ന് അപകട മരണ ധനസഹായം ഒഴിവാക്കിയതിനെതിരെ വ്യാപക പ്രതിഷേധം. കുടുംബനാഥന് അപകടമരണം സംഭവിച്ചാല്‍ അവകാശികള്‍ക്ക് രണ്ട് ലക്ഷം രൂപ ഇന്‍ഷ്വറന്‍സ് കമ്പനി നേരത്തെ നല്‍കിയിരുന്നു. ഗുരുതരമായി പൊള്ളലേല്‍ക്കുന്നവര്‍ക്ക് അമ്പതിനായിരം രൂപയുടെ ചികിത്സാ സഹായവും നല്‍കിവന്നിരുന്നു. ഈ ആനുകൂല്യങ്ങളാണ് പുതിയ സ്മാര്‍ട്ട് കാര്‍ഡില്‍ ഇനിമുതല്‍ ഇല്ലാതാകുന്നത്. യുനൈറ്റഡ് ഇന്ത്യാ ഇന്‍ഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കിയപ്പോള്‍ മാര്‍ച്ച് 31 വരെ അപകടമരണ ധനസഹായം ലഭിച്ചിരുന്നു. 
ഇത്തവണ റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനി പദ്ധതിയുടെ പങ്കാളിയായതോടെ അപകടമരണ ധനസഹായം ഉള്‍പ്പെടുത്തിയിട്ടില്ല. ആര്‍ എസ് ബി വൈ പദ്ധതി അനുസരിച്ച് കേരളത്തില്‍ മാത്രമാണ് ഈ ധനസഹായം നല്‍കിയിരുന്നത്. ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമായിട്ടുള്ള കുടുംബത്തിന് പ്രതിവര്‍ഷം 30,000 രൂപ വരെയുള്ള ചികിത്സയാണ് തിരഞ്ഞെടുക്കപ്പെട്ട ആശുപത്രിയില്‍ ലഭിക്കുക. നിലവിലുള്ള രോഗങ്ങള്‍ക്കും ചികിത്സ ലഭിക്കുമെന്നതാണ് സവിശേഷത. ഇതിനു പുറമേയായിരുന്നു അപകടമരണത്തിനും പൊള്ളലേറ്റവര്‍ക്കമുള്ള ധനസഹായം. ഇത് പുതിയ കാര്‍ഡിലും നല്‍കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ഓഫ് ഐ ടി എംപ്ലോയീസ് ജില്ലാ സെക്രട്ടറി ടി പി പദീപ് കുമാര്‍ മുഖ്യമന്ത്രിക്കും ചിയാക് ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
പഴയ കാര്‍ഡിന്റെ കാലാവധി കഴിഞ്ഞിട്ടും പുതിയ കാര്‍ഡ് നല്‍കല്‍ ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. ഇത്തവണ അക്ഷയ കേന്ദ്രങ്ങളെ കാര്‍ഡ് പുതുക്കലില്‍ നിന്നും ഒഴിവാക്കി സ്വകാര്യ സ്ഥാപനങ്ങള്‍ വഴിയാണ് നടത്തുന്നത്. ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചികിത്സ ലഭ്യമാക്കുമെന്ന് അറിയിച്ച ചില ആശുപത്രികള്‍ ചികിത്സ നിര്‍ത്തിവെക്കുന്നതും രോഗികളെ വലക്കുകയാണ്.

Latest