Connect with us

Malappuram

കൊണ്ടോട്ടിയില്‍ ബാര്‍ ഹോട്ടല്‍ വേണ്ട: പഞ്ചായത്ത്‌

Published

|

Last Updated

കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ പുതുതായി ബാര്‍ ഹോട്ടല്‍ അനുവദിക്കേണ്ടെന്ന് ഇന്നലെ ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ ഐക്യകണ്‌ഠേന തീരുമാനം. ബൈപാസിലെ സ്റ്റാര്‍ ഹോട്ടലില്‍ ബാര്‍ തുടങ്ങുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഹോട്ടല്‍ ഉടമ പഞ്ചായത്തിനു അപേക്ഷ നല്‍കിയിരുന്നു. ഇന്നലെ വിഷയം ചര്‍ച്ചക്കെടുക്കുകയുണ്ടായി. പ്രസിഡന്റ് എന്ന നിലയിലും വ്യക്തിപരമായും താന്‍ ബാര്‍ ഹോട്ടല്‍ അനുവദിക്കുന്നതിന് എതിരാണെന്ന് പ്രസിഡന്റ് ഫാത്തിമാബി ചര്‍ച്ചക്ക് തുടക്കമിട്ടു പറഞ്ഞു.
തുടന്ന് മറ്റുള്ളവരുടെ അഭിപ്രായം ആരാഞ്ഞു. വൈസ് പ്രസിഡന്റ് മഠത്തില്‍ മുഹമ്മദ് കുട്ടി താനും തന്റെ പാര്‍ട്ടിയും ബാര്‍ ഹോട്ടലിന് അനുമതി നല്‍കുന്നതിനെതിരാണെന്നും എന്നാല്‍ സഖ്യ കക്ഷി തന്നെ കൊണ്‍ഗ്രസ് അംഗങ്ങള്‍ പണം വാങ്ങി ബാറിന് അനുമതി നല്‍കുന്നതിന് ശ്രമിക്കുന്നതായുള്ള അപവാദ പ്രചാരണം ഖേദകരമായിപ്പോയെന്നും പറഞ്ഞു. മറ്റ് കോണ്‍ഗ്രസ് അംഗംങ്ങളും ഇതെ അഭിപ്രായം തന്നെ പറഞ്ഞു. ലീഗ്, കോണ്‍ഗ്രസ്, സി പി എം അംഗങ്ങളെല്ലാം ബാറിന് അനുമതി നല്‍കേണ്ടതില്ലെന്ന അഭിപ്രായക്കാരായിരുന്നു. ഇതോടെ ബാര്‍ അനുമതിക്കായുള്ള അപേക്ഷ ഭരണ സമിതി ഐക്യകണ്‌ഠേന തള്ളുകയായിരുന്നു.
നിലവിലുള്ള ബാര്‍ ഹോട്ടലിന് അനുമതി പുതുക്കി നല്‍കരുതെന്നു കൂടി വൈസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. മറ്റംഗങ്ങളും ഇതിനെ പിന്തുണച്ചു. പഞ്ചായത്ത് സമ്പൂര്‍ണ മദ്യവിമുക്ത പഞ്ചായത്താക്കുന്നതിനുള്ള ശ്രമങ്ങളില്‍ ബഹുജനങ്ങളുടെ പിന്തുണയും പഞ്ചായത്ത് അഭ്യര്‍ഥിച്ചു.

എസ് എസ് എഫ് പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി

കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ പുതുതായി ബാര്‍ ഹോട്ടല്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് എസ് എസ് എഫ് ഡിവിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി.
പഞ്ചായത്ത് ഓഫീസ് കവാടത്തില്‍ മാര്‍ച്ച് പോലീസ് തടഞ്ഞു. ബൈപാസിലെ സ്റ്റാര്‍ ഹോട്ടലിന് ബാര്‍ അനുവദിക്കുന്നതിന് എന്‍ ഒ സി ലഭിക്കാന്‍ ഹോട്ടല്‍ ഉടമ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു.
ഇന്നലെ ഭരണ സമിതി യോഗത്തില്‍ ഈ ആവശ്യം ചര്‍ച്ചക്കെടുത്തിരുന്നു. ഇതെതുടര്‍ന്നാണ് എസ് എസ് എഫ് പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും തുടര്‍ന്ന് ധര്‍ണയും നടത്തിയത്.
ധര്‍ണ കെ പി ശമീര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ബോര്‍ഡ് യോഗം അവസാനിക്കും വരെ ധര്‍ണ തുടര്‍ന്നു. അതിനിടെ ബാര്‍ ഹോട്ടലിനു അനുമതി നല്‍ക്കേണ്ടതില്ലെന്ന് ഭരണ സമിതി ഐക്യകണ്‌ഠേന തീരുമാനമെടുത്തു. പഞ്ചായത്ത് തീരുമാനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി.

 

 

 

Latest