Connect with us

Editors Pick

ടെലിവിഷന്‍ കാണുന്നതിലും ഫോണ്‍ വിളിക്കുന്നതിലും കേരളീയര്‍ മുന്നില്‍

Published

|

Last Updated

കണ്ണൂര്‍:ടെലിഫോണ്‍ സാന്ദ്രതയിലും ടെലിവിഷന്‍ കാണുന്നവരുടെ എണ്ണത്തിലും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കാളും ഏറ്റവും മുന്നില്‍ കേരളം . രാജ്യത്തെ മൊത്തം ടെലിഫോണ്‍ ഉപയോക്താക്കളിലും മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളിലും വലിയ വര്‍ധനയാണ് ഓരോ വര്‍ഷവും കേരളത്തിലുണ്ടാകുന്നത്. ഇതോടൊപ്പം സംസ്ഥാനത്തെ 76.8 ശതമാനം കുടുംബങ്ങളും ടെലിവിഷന്‍ കാണുന്നവരാണെന്നും ഇത് സംബന്ധിച്ച ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സെന്‍സസുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍വേ റിപ്പോര്‍ട്ടിലാണ് കേരളത്തിന്റെ ടെലിഫോണ്‍-ടി വി ഭ്രമം വെളിപ്പെട്ടത്. 10 വര്‍ഷത്തിനകമാണ് കേരളത്തില്‍ ടെലിഫോണ്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുള്ളത്. 2001ല്‍ 19.1 ശതമാനം പേര്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് ടെലിഫോണ്‍ ഉണ്ടായിരുന്നതെങ്കില്‍ 10 വര്‍ഷത്തിനുള്ളില്‍ ഇത് 89.7 ശതമാനമായി വര്‍ധിച്ചു. ആകെ ടെലിഫോണ്‍ ഉപയോക്താക്കളില്‍ 11.6 ശതമാനത്തിന് മാത്രമാണ് ലാന്‍ഡ്‌ഫോണ്‍ ഉള്ളതെങ്കില്‍ 46.8 ശതമാനം പേര്‍ മൊബൈല്‍ ഫോണിലൂടെ ആശയ വിനിമയം നടത്തുന്നുണ്ടെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. മൊബൈല്‍ ഫോണും ലാന്‍ഡ് ഫോണും ഒരുമിച്ചുപയോഗിക്കുന്നവരുടെ എണ്ണവും ഏറെയാണ്. 31.3 ശതമാനം.

മൊബൈല്‍ ഉപഭോക്താക്കളില്‍ 47.4 ശതമാനം പേര്‍ നഗരവാസികളാണ്. ഗ്രാമീണ മേഖലയില്‍ ടെലിഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 2001ല്‍ 15.7 ശതമാനമായിരുന്നത് 10 വര്‍ഷം പിന്നിടുമ്പോഴേക്കും 88 ശതമാനമായി ഉയര്‍ന്നു. നഗരമേഖലയിലാകട്ടെ ഈ വര്‍ധന 29.3ല്‍ നിന്ന് 91.5 ശതമാനമായി. വയനാട് ജില്ലയിലാണ് ടെലിഫോണ്‍ ഉപയോഗിക്കുന്നവര്‍ ഏറ്റവും കുറവ്. കോട്ടയം ജില്ലയിലാണ് ടെലിഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം കൂടിയിട്ടുള്ളത്. വയനാട്ടില്‍ 83.7 ശതമാനം പേര്‍ ടെലിഫോണ്‍ ഉപയോഗിക്കുമ്പോള്‍ കോട്ടയത്ത് 93 ശതമാനത്തിലധികം പേരാണ് ഉപയോക്താക്കള്‍. മലപ്പുറം ജില്ലയില്‍ 11.5 ശതമാനം പേരായിരുന്നു 10 വര്‍ഷം മുമ്പ് ടെലിഫോണ്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ 93 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലും ടെലഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം കൂടുതലാണ്. രാജ്യത്തെ മൊത്തം ടെലിഫോണ്‍ ഉപഭോക്താക്കള്‍ 63.2 ശതമാനം മാത്രമായിരിക്കെ, സംസ്ഥാനത്ത് ഇത് 89.7 ശതമാനമാണെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു.
സംസ്ഥാനത്ത് ടെലിവിഷന്‍ കാണുന്നവരുടെ എണ്ണവും വലിയ തോതിലാണ് വര്‍ധിച്ചിട്ടുള്ളത്. 2001ല്‍ 38.8 ശതമാനം കുടുംബങ്ങളില്‍ മാത്രമായിരുന്നു ടെലിവിഷന്‍ ഉണ്ടായിരുന്നതെങ്കില്‍ 10 വര്‍ഷം കഴിയുമ്പോഴേക്കും അത് 76.8 ശതമാനമായി ഉയര്‍ന്നു. ടെലിവിഷന്‍ ഉപയോഗിക്കുന്നവരില്‍ മുമ്പന്മാര്‍ എറണാകുളത്തുകാരാണ്. 87.9 ശതമാനം വീടുകളിലും ഇവിടെ ടെലിവിഷന്‍ ഉണ്ട്. തൊട്ടുപിന്നാലെ കോട്ടയവും (84.7), തൃശൂരു (82.9)മാണുള്ളത്. വയനാടാണ് ഏറ്റവും പിന്നില്‍-59.3 ശതമാനം. കാസര്‍ക്കോട് 67ഉം കണ്ണൂരില്‍ 77ഉം കോഴിക്കോട് 71ഉം മലപ്പുറത്ത് 62ഉം ശതമാനം പേര്‍ ടെലിവിഷന്‍ ഉള്ളവരാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ 79 ശതമാനത്തിലധികം പേര്‍ക്കും വീടുകളില്‍ ടെലിവിഷന്‍ ഉണ്ട്. രാജ്യത്തെ ടെലിവിഷന്‍ ഉള്ള മൊത്തം വീടുകളുടെ നിരക്ക് 47.2 ശതമാനമാണ്. 2001ല്‍ ഇത് 31.6 ശതമാനമായിരുന്നു. അതേസമയം, റേഡിയോ ഉപയോഗം കുറഞ്ഞതായും കണക്കാക്കപ്പെടുന്നുണ്ട്. 2001ല്‍ 35.1 ശതമാനം പേര്‍ റേഡിയോ ഉപയോഗിച്ചിരുന്നെങ്കില്‍ 10 വര്‍ഷത്തിന് ശേഷമത് 19.9 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്ന് സര്‍വേ വ്യക്തമാക്കുന്നു.

Latest