Connect with us

Kerala

സെക്കന്‍ഡറി തസ്തിക നിര്‍ണയം: എയ്ഡഡ് സ്‌കൂളുകള്‍ക്ക് മാത്രം അംഗീകാരം നല്‍കാന്‍ നീക്കം

Published

|

Last Updated

വണ്ടൂര്‍:സര്‍ക്കാര്‍ സ്‌കൂളുകളെ മറികടന്ന് കഴിഞ്ഞ അധ്യയന വര്‍ഷം പുതുതായി ആരംഭിച്ച എയ്ഡഡ് സ്‌കൂളുകളിലെ പ്ലസ് വണ്‍ ബാച്ചുകളില്‍ തസ്തിക നിര്‍ണയം നടത്താന്‍ തിരക്കിട്ട നീക്കം. എയ്ഡഡ് അധ്യാപക ലോബിയുടെ സമ്മര്‍ദത്തിന് വഴങ്ങി ഈ മേഖലയിലെ സ്‌കൂളുകളിലേക്ക് മാത്രം തസ്തിക നിര്‍ണയം നടത്താനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. ഇതിനായി ഉദ്യോഗസ്ഥ, മന്ത്രി തലങ്ങളില്‍ സമ്മര്‍ദമേറി. 
കഴിഞ്ഞ അധ്യയന വര്‍ഷം 550 പ്ലസ് വണ്‍ ബാച്ചുകളാണ് പുതുതായി അനുവദിച്ചത്. ഇവയില്‍ അധിക ബാച്ചുകളും ഉപരിപഠനത്തിന് സീറ്റുകള്‍ കുറവുള്ള മലബാറിലെ സ്‌കൂളുകളിലാണ്. എന്നാല്‍ ഈ ബാച്ചുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ കോഴ്‌സ് പൂര്‍ത്തിയായിട്ടും പഠിപ്പിച്ച അധ്യാപകര്‍ക്ക് രണ്ട് വര്‍ഷത്തോളമായി ശമ്പളം ലഭിച്ചിട്ടില്ല. പുതിയ ബാച്ചുകളിലെ അധ്യാപകരെ നിയമിച്ചുള്ള തസ്തികനിര്‍ണയം നടക്കാത്തതാണ് ഇതിന് കാരണം. സംസ്ഥാനത്തെ 2200ഓളം അധ്യാപകര്‍ക്കാണ് ഇതേ തുടര്‍ന്ന് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങിയിരിക്കുന്നത്. ഇത് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ പത്തിന് സിറാജ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. 2012 മെയ് മാസത്തില്‍ നിയമന അംഗീകാരം നല്‍കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ നടപ്പായില്ല.
പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിച്ച ഉടനെ എയ്ഡഡ് സ്‌കൂളുകളില്‍ ലക്ഷങ്ങള്‍ കോഴ വാങ്ങി അധ്യാപക നിയമനം നടത്തിയിരുന്നു. ഇപ്രകാരം ജോലിയില്‍ പ്രവേശിപ്പിച്ചവരാണ് രണ്ട് വര്‍ഷമായി എയ്ഡഡ് സ്‌കൂളുകളില്‍ ശമ്പളമില്ലാതെ ജോലി ചെയ്യുന്നത്.
എന്നാല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ദിവസ വേതാനാടിസ്ഥാനത്തിലുള്ള അധ്യാപകരെയാണ് നിയമിച്ചത്. ഫണ്ട് അനുവദിക്കാത്തതിനാല്‍ പല സ്‌കൂളികളിലും പി ടി എ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ഇവര്‍ക്ക് ശമ്പളം നല്‍കിയത്. അതേസമയം എയ്ഡഡ് സ്‌കൂളുകളില്‍ ജോലിയില്‍ പ്രവേശിപ്പിച്ച അധ്യാപകര്‍ കൂട്ടായ്മ രൂപവത്കരിച്ച് തസ്തിക നിര്‍ണയം നടത്തുന്നതിനായി നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇവരില്‍ പലരും ധനമന്ത്രി കെ എം മാണിയുള്‍പ്പടെയുള്ളവരുമായി ചര്‍ച്ച നടത്തി അംഗീകാരം നേടിയെടുക്കാനുള്ള സമ്മര്‍ദവും നടത്തിയതായി അറിയുന്നു. കൂടാതെ സെക്രട്ടേറിയറ്റില്‍ തങ്ങളുടെ ഫയലുകളില്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ നിരന്തരമായുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
എന്നാല്‍ പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിച്ച സര്‍ക്കാര്‍ സ്‌കൂളുകളിലെ തസ്തിക നിര്‍ണയം ഇനിയും നീണ്ടേക്കും. സര്‍ക്കാര്‍ സ്‌കൂളുകളിലെ തസ്തിക നിര്‍ണയം നടത്തണമെന്നാവാശ്യപ്പെട്ടുള്ള സമ്മര്‍ദമോ ആവശ്യങ്ങളോ ഉയര്‍ത്താന്‍ ഈ മേഖലയില്‍ ആളില്ലാത്ത അവസ്ഥയാണ്. ഈ ബാച്ചുകളില്‍ കൂടി തസ്തിക നിര്‍ണയം നടത്തിയാല്‍ നിലവില്‍ പി എസ് സി പട്ടികയിലുള്ള ഹയര്‍ സെക്കന്‍ഡറി അധ്യാപകരില്‍ നിരവധി പേര്‍ക്ക് ജോലി ലഭിച്ചേക്കും. എന്നാല്‍ ഇക്കാര്യത്തില്‍ പി എസ് സി നടപടിക്രമങ്ങള്‍ ഇഴയുകയാണ്.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപക നിയമനം നടക്കാത്തതിനാല്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക അധ്യാപകരാണ് നിരവധി സ്‌കൂളുകളില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. അധ്യാപക നിയമനം നടക്കാത്തതിനാല്‍ ഇവരില്‍ പലരും ജോലിമാറിപ്പോകുന്നത് വിദ്യാര്‍ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതായും കണ്ടെത്തിയിരുന്നു. പഠനേതര പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് ഒഴിവ് ദിവസങ്ങളിലും ഇവര്‍ക്ക് ദിവസവേതനം ലഭിക്കാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിശീലന ക്ലാസുകള്‍ നല്‍കാനും സാധിക്കുന്നില്ല.