Connect with us

Ongoing News

ജില്ലയെ വീണ്ടും കൊലപാതക മേഖലയാക്കാന്‍ നീക്കമെന്ന് സമാധാന കമ്മിറ്റി യോഗം

Published

|

Last Updated

കണ്ണൂര്‍: ജില്ലയില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ മുഴുവന്‍ രാഷ്ട്രീയ കക്ഷികളും ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ അഭിപ്രായപ്പെട്ടു. ജില്ലാ സമാധാനകമ്മറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും കൊടിതോരണങ്ങളും മറ്റും നീക്കം ചെയ്ത നടപടികളില്‍ ചില രാഷ്ട്രീയ കക്ഷികള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ രേഖപ്പെടുത്തി.
സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ആക്രമിക്കാനെത്തിയതായി പറയുന്ന ആളെ പോലീസ് പിടികൂടിയിട്ടുണ്ടെന്നും കേസ് ക്രൈംബ്രാഞ്ച് അനേ്വഷണ നടപടിയിലാണെന്നും ജില്ലാ പോലീസ് സൂപ്രണ്ട് രാഹുല്‍ ആര്‍ നായര്‍ പറഞ്ഞു. സേലം നാമക്കല്ലില്‍ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ഥി റാഗിംഗിനെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ മരിച്ച സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റിലായതായി അറിഞ്ഞിട്ടുണ്ടെന്നും കേസ് ദുര്‍ബലമാവാതിരിക്കാന്‍ തമിഴ്‌നാട് പോലീസിന് ഡി ഒ ലെറ്റര്‍ അയക്കുമെന്നും എസ് പി പറഞ്ഞു. ചക്കരക്കല്‍ പോലീസ് സ്റ്റേഷനില്‍ നിന്നും കൊടിതോരണങ്ങളും മറ്റും പോലീസ് വിട്ടുകൊടുക്കുകയല്ല എടുത്ത് കൊണ്ടു പോവുകയായിരുന്നെന്നും കേസ് ചാര്‍ജ് ചെയ്തിട്ടുണ്ടെന്നും ഇതു സംബന്ധിച്ച രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കി. സി ഐ ടി യു സമ്മേളനവുമായി ബന്ധപ്പെട്ട് കാര്യമായ സംഘര്‍ഷങ്ങള്‍ ജില്ലയിലുണ്ടായിട്ടില്ലെന്നും നിയമാനുസൃതമായ പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസിന്റെ ഭാഗത്തുനിന്ന് തടസ്സങ്ങള്‍ ഉണ്ടാകില്ലെന്നും യോഗത്തില്‍ ഉറപ്പുണ്ടായി.
ജില്ലയില്‍ വിഷുവിനോടനുബന്ധിച്ചും ഫെസ്റ്റ് നടക്കുന്ന സ്ഥലങ്ങളിലും ബീച്ചുകളിലും പോലീസ് നിരീക്ഷണമുണ്ടാകും. മഫ്തിയിലും യൂനിഫോമിലും പോലീസിനെ നിയോഗിക്കാനും യോഗത്തില്‍ തീരുമാനമായി. പടക്കം, മദ്യം തുടങ്ങിയവയുടെ നിയമവിരുദ്ധ നീക്കങ്ങള്‍ നിരീക്ഷിക്കാനും പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ കൊലപാതക കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതായും ജില്ലയെ വീണ്ടും കൊലപാതക മേഖലയാക്കാനും നീക്കമുണ്ടെന്നും യോഗത്തില്‍ സംസാരിച്ച കക്ഷി നേതാക്കള്‍ ഉന്നയിച്ചു. കേസ് എടുത്തിട്ടുണ്ടെന്നും നടപടി തുടരുമെന്നും പോലീസ് സൂപ്രണ്ട് അറിയിച്ചു. പോലീസ് പിക്കറ്റ് പോസ്റ്റുകളില്‍ പോലീസുകാര്‍ക്കുളള അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയ നേതാക്കളോട് പോലീസ് പിക്കറ്റ് പോസ്റ്റുകളില്ലാത്ത കണ്ണൂരാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നതെന്ന് പോലീസ് ചീഫ് മറുപടി നല്‍കി.
കെ കെ നാരായണന്‍ എം എല്‍ എ, എ ഡി എം. സുരേഷ് ജോസഫ്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എം പ്രകാശന്‍, എം വി ജയരാജന്‍, കെ പി സഹദേവന്‍ (സി പി എം), മുണ്ടേരി ഗംഗാധരന്‍ (കോണ്‍.), സി പി മുരളി (സി പി ഐ), വി പി വമ്പന്‍, കെ എം. സൂപ്പി (മുസ്‌ലിം ലീഗ്), വി കെ കുഞ്ഞിരാമന്‍, കെ കെ ബാലകഷ്ണന്‍ (സോഷ്യലിസ്റ്റ് ജനത), കെ രഞ്ജിത്ത് (ബി ജെ പി), ജോയ്‌സ് പുത്തന്‍പുര, ജോയ് കൊന്നക്കല്‍ (കേരള കോണ്‍. എം), ഇ ജനാര്‍ദ്ദനന്‍, കെ കെ. ജയപ്രകാശ് (കോണ്‍. എസ്), ഹമീദ് ഇരിണാവ് (എന്‍ സി പി), കെ പി രമേശന്‍ (ആര്‍ എസ് പി.ബി), വത്സന്‍ അത്തിക്കല്‍ (കേരള കോണ്‍. ജേക്കബ്), രാജു കൊന്നക്കല്‍ (ജെ എസ് എസ്), കെകെ രാമചന്ദ്രന്‍ (ജനതാദള്‍ എസ്), സി എ അജീര്‍ (സി എം പി), ഇല്ലിക്കല്‍ അഗസ്തി (ആര്‍ എസ് പി), അഷറഫ് പുറവൂര്‍ (ഐ എന്‍ എല്‍), വി ശശിധരന്‍, കെ പ്രമോദ് (ആര്‍ എസ് എസ്) എന്നിവരും ഡിവൈ എസ് പിമാരായ പി സുകുമാരന്‍, കെ എസ് സുദര്‍ശന്‍, കെ മുരളീധരന്‍, തഹസില്‍ദാര്‍മാരായ സി എം ഗോപിനാഥന്‍, കെ സുബൈര്‍, മുഹമ്മദ് അസ്‌ലം സംബന്ധിച്ചു.

---- facebook comment plugin here -----

Latest