ടച്ച് സ്‌ക്രീനും മിനി തിയേറ്ററുമായി നിയമസഭയില്‍ പുതിയ മ്യൂസിയം

Posted on: April 12, 2013 6:00 am | Last updated: April 12, 2013 at 12:01 am

തിരുവനന്തപുരം: അത്യാധുനിക സംവിധാനങ്ങളോടെ കേരള നിയമസഭയില്‍ പുതിയ മ്യൂസിയം തയ്യാറായി. പഴയ മ്യൂസിയത്തോട് ചേര്‍ന്ന്, നാല് നിലകളുള്ള പുതിയ കെട്ടിടത്തിലാണ് പുതിയ മ്യൂസിയം. ഗാന്ധി സ്മൃതി, ഭരണഘടനാ വിഭാഗം, ടച്ച്‌സ്‌ക്രീന്‍ സംവിധാനം, മിനി തിയേറ്റര്‍ തുടങ്ങിയ സംവിധാനങ്ങളുള്ള മ്യൂസിയം 15ന് രാവിലെ ഗവര്‍ണര്‍ നിഖില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തും. സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ പങ്കെടുക്കും.

ഗാന്ധി സ്മൃതി എന്ന പേരിലുള്ള ഗാന്ധി മ്യൂസിയമാണ് ഏറ്റവും വലിയ സവിശേഷത. രണ്ടാം നിലയിലാണ് ഗാന്ധി സ്മൃതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പഴയ പത്രത്താളുകള്‍, രേഖകള്‍, രാഷ്ട്രപിതാവിന്റെ ജീവിതമുഹൂര്‍ത്തങ്ങള്‍ വ്യക്തമാക്കുന്ന അപൂര്‍വ ചിത്രങ്ങള്‍ തുടങ്ങിയവ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ഒരു അര്‍ധകായ പ്രതിമയും ഇവിടെയുണ്ട്. മഹാത്മാഗാന്ധിയുടെ ബാല്യം മുതല്‍ രക്തസാക്ഷിത്വം വരെയുള്ള സംഭവങ്ങള്‍ വിവരിക്കുന്ന നൂറിലേറെ ചിത്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഡിസ്‌പ്ലേ പാനലുകളില്‍ അമൂല്യങ്ങളായ പത്രവാര്‍ത്തകളുടെ ക്ലിപ്പുകളും ഗാന്ധിജിയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ വന്ന പ്രമേയങ്ങള്‍, ടോള്‍സ്റ്റോയ് തുടങ്ങിയ മഹത്‌വ്യക്തികളുമായി സൗഹൃദം വെളിപ്പെടുത്തുന്ന കത്തുകള്‍ തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ട്. മഹാത്മാഗാന്ധിയെക്കുറിച്ച് വ്യക്തമായ അറിവ് ലഭിക്കാന്‍ ഈ പ്രദര്‍ശനത്തിലൂടെ സാധിക്കും. ഇത്തരമൊരു വിഭാഗം ഇന്ത്യയിലെ മറ്റൊരു നിയമസഭാ മ്യൂസിയത്തിലുമില്ല.
ഗാന്ധി സ്മൃതിയോട് അനുബന്ധമായാണ് ഭരണഘടനാ വിഭാഗം സജ്ജീകരിച്ചിരിക്കുന്നത്. ഭരണഘടനാ ആരംഭം മുതലുള്ള പത്രത്താളുകള്‍, കോണ്‍സ്റ്റിറ്റിയുവെന്റ് അസംബ്ലി അംഗങ്ങളുടെ ഫോട്ടോകള്‍, കോണ്‍സ്റ്റിറ്റിയുവെന്റ് അസംബ്ലിയില്‍ അംഗങ്ങളായിരുന്ന മലയാളികളുടെ വിവരങ്ങള്‍, അപൂര്‍വ ദൃശ്യങ്ങള്‍ എന്നിവ സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവം പകരുമെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പറഞ്ഞു.
ഒന്നും രണ്ടും നിലകളില്‍ ആധുനിക സംവിധാനമുപയോഗിച്ച് നിയമ നിര്‍മാണ സഭകളുടെ ചരിത്രം മനസ്സിലാക്കാനുള്ള ‘ടച്ച് സ്‌ക്രീന്‍’ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഒന്നാം നിലയില്‍ പത്ത് ടച്ച് സ്‌ക്രീനുകളും രണ്ടാംനിലയില്‍ നാല് ടച്ച് സ്‌ക്രീനുകളുമാണ് ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ വ്യത്യസ്ത എല്‍ സി ഡി ടിവി സ്‌ക്രീനുകളിലായി ഹ്രസ്വചിത്ര രൂപത്തില്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയാണുള്ളത്.
പഴയ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ സംസ്ഥാന രൂപവത്കരണത്തിന് മുമ്പുള്ള ട്രാവന്‍കൂര്‍ ലെജിസ്ലേറ്റീവ് അസംബ്ലി, കൊച്ചിന്‍ ലെജിസ്ലേറ്റീവ് അസംബ്ലി, ശ്രീചിത്രാ സ്റ്റേറ്റ് കൗണ്‍സില്‍, ശ്രീമൂലം അസംബ്ലി, ട്രാവന്‍കൂര്‍-കൊച്ചിന്‍ ലെജിസ്ലേറ്റീവ് അസംബ്ലി എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ടച്ച് സ്‌ക്രീനില്‍ ലഭിക്കും. 1957 മുതലുള്ള കേരള നിയമസഭയുടെ കാലാകാലങ്ങളിലുള്ള വിവരങ്ങളും ഹ്രസ്വചിത്രങ്ങളായി ടച്ച് സ്‌ക്രീന്‍ സംവിധാനത്തില്‍ ലഭ്യമാണ്. ഇത്തരം 200ലധികം ചിത്രങ്ങള്‍ സന്ദര്‍ശകര്‍ക്ക് കാണാനാകും.
മാറുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ രേഖപ്പെടുത്താന്‍ അപ്‌ഡേറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. സി ഡിറ്റും കോഴിക്കോട് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുമാണ് ടച്ച് സ്‌ക്രീന്‍ സംവിധാനത്തിന്റെ ശില്‍പ്പികള്‍.
മൂന്നാം നിലയില്‍ അത്യാധുനിക സൗകര്യങ്ങളുള്ള മിനി തിയേറ്റര്‍ ഒരുക്കും. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി സ്പീക്കര്‍ അറിയിച്ചു. ഗ്രൗണ്ട് ഫ്‌ളോര്‍ ഒരു റിസര്‍ച്ച് സെന്ററായി രൂപകല്‍പ്പന ചെയ്യും. ഗാന്ധിജിയെക്കുറിച്ചും നിയമനിര്‍മാണ സഭകളെക്കുറിച്ചും പഠിക്കാനുതകുന്ന പുസ്തകങ്ങളും മറ്റ് സംവിധാനങ്ങളും ഇവിടെ സജ്ജീകരിക്കും. പഠിക്കാനെത്തുന്ന ഗവേഷകര്‍ക്ക് എല്ലാ സഹായങ്ങളും ഇവിടെ നിന്ന് ലഭിക്കും.

ALSO READ  അവിശ്വാസ പ്രമേയം നിയമസഭ വോട്ടിനിട്ട് തള്ളി