Connect with us

Sports

ആ ക്യാച്ച്,ആ വാരിപ്പുണരല്‍

Published

|

Last Updated

ഉന്‍മുക്ത് ചന്ദിനെ പുറത്താക്കാന്‍ പറന്ന് ക്യാച്ചെടുക്കുന്ന റിക്കി പോണ്ടിംഗ്‌

മുംബൈ: രാജ്യാന്തര ക്രിക്കറ്റില്‍ കീരിയും പാമ്പുമായിരുന്നു ഹര്‍ഭജനും പോണ്ടിംഗും. ഇന്ത്യ-ആസ്‌ത്രേലിയ പരമ്പരയില്‍ ഇവര്‍ തമ്മിലുള്ള വാക്‌പോരാട്ടം സ്ഥിരം ഐറ്റമായിരുന്നു. എന്നാല്‍, ഐ പി എല്‍ ആ ശത്രുതയെ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. ഡല്‍ഹി-മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ ഹര്‍ഭജന്‍ സിംഗിനെ ആദ്യ ഓവര്‍ ഏല്‍പ്പിച്ച് തന്ത്രപരമായി നീങ്ങിയ റിക്കി പോണ്ടിംഗ് ആദ്യ പന്തില്‍ തന്നെ ഉന്‍മുക്ത് ചന്ദിനെ പുറത്താക്കാന്‍ പറന്ന് ക്യാച്ചെടുത്തു. ശേഷമായിരുന്നു, ആ പഴയ ശത്രുതയെ കഴുകിക്കളയുന്ന ദൃശ്യം. പോണ്ടിംഗിനെ ഹര്‍ഭജന്‍ വാരിപ്പുണര്‍ന്നു. വൈവിധ്യങ്ങളുടെ കൂടിച്ചേരലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐ പി എല്‍ നല്‍കിയ സുന്ദരമായ മുഹൂര്‍ത്തമായിരുന്നു ഇത്. 2007 ല്‍ ആസ്‌ത്രേലിയ ഇന്ത്യന്‍ പര്യടനത്തിനെത്തിയപ്പോഴായിരുന്നു ഇവര്‍ തമ്മിലുള്ള ശത്രുതക്ക് തുടക്കം. ഇന്ത്യന്‍ സ്പിന്‍ നിരയിലെ ശക്തനായിരുന്ന ഹര്‍ഭജന് മുന്നില്‍ റിക്കി പോണ്ടിംഗിന് രക്ഷയില്ലായിരുന്നു. പുറത്താകുമ്പോള്‍ പോണ്ടിംഗിനോട് പോയി വിശ്രമിക്കൂവെന്ന് ആംഗ്യം കാണിച്ച് ഭാജി പ്രകോപിപ്പിക്കും. അടുത്ത മത്സരത്തില്‍ ഭാജിയെ ബൗണ്ടറിയടിച്ച് പോണ്ടിംഗ് തിരിച്ചും പ്രകോപനം നടത്തും. പലപ്പോഴും വാക്‌പോരിലെത്തും ഈ പയറ്റ്. 2007-2008 ടെസ്റ്റ് പരമ്പരയിലെ വംശീയ വിവാദത്തോടെയാണ് ഇവര്‍ തമ്മിലുള്ള വാക് പോരിന് അവസാനമായത്.

DINESH KARTHIK1

ദിനേഷ് കാര്‍ത്തിക്‌

മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനം ഹര്‍ഭജന്‍ സിംഗില്‍ നിന്ന് റിക്കി പോണ്ടിംഗിന് കൈവന്നപ്പോള്‍ തന്നെ ഐ പി എല്‍ ആറാം സീസണ്‍ ആകര്‍ഷകമായി. പോണ്ടിംഗിന് കീഴില്‍ സച്ചിനും ഹര്‍ഭജനും കളിക്കുന്ന കാഴ്ച. എന്നാല്‍, റിക്കിയുടെ കീഴില്‍ കളിക്കുക എന്നത് സന്തോഷമുള്ള കാര്യമാണെന്നായിരുന്നു മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സ്ഥാനം സ്വമേധയാ ഒഴിഞ്ഞ സച്ചിന്‍ പറഞ്ഞത്. ഹര്‍ഭജനും പോണ്ടിംഗിനോട് പഴയ വിരോധമില്ലെന്ന് ആ വാരിപ്പുണരില്‍ നിന്ന് ക്രിക്കറ്റ് ലോകത്തിന് വ്യക്തമായി.
നാല്‍പതാം വയസ് പൂര്‍ത്തിയായ വേളയിലാണ് റിക്കി പോണ്ടിംഗ് വായുവില്‍ മായാജാലം കാണിച്ച് ഉന്‍മുക്ത് ചന്ദിന്റെ ക്യാച്ചെടുത്തത്. സഹതാരങ്ങള്‍ക്കെല്ലാം വലിയ പ്രചോദനമായിരിക്കുകയാണ് പോണ്ടിംഗ്. പത്ത് വര്‍ഷം മുമ്പ് റിക്കി ഇതുപോലെ ക്യാച്ചെടുത്തിരുന്നു. ഇപ്പോഴും, ആ ഫീല്‍ഡിംഗ് പ്രതിഭ റിക്കിയില്‍ നിന്ന് പോയിട്ടില്ല. എന്തൊരു ക്യാച്ച്, അസാധ്യം, ബുദ്ധിപരം – ഹര്‍ഭജന്‍ പ്രശംസിച്ചു. തുടക്കത്തില്‍ വഴുതിയെങ്കിലും അനായാസം പന്ത് കൈയ്യിലൊതുക്കാനായി- പോണ്ടിംഗ് ക്യാച്ചിനെ കുറിച്ച് പറഞ്ഞു.
മൂന്നാം നമ്പറിന്റെ തിളക്കവുമായി ദിനേശ് കാര്‍ത്തിക്
ഐ പി എല്‍ ആറാം സീസണില്‍ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാകുവാനുള്ള പുറപ്പാടിലാണ് മുംബൈ ഇന്ത്യന്‍സിന്റെ ദിനേശ് കാര്‍ത്തിക്ക്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയാണ് മുന്‍ സീസണുകളില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഏറെ തിളങ്ങിയത്. ഇത്തവണ മൂന്ന് മത്സരങ്ങളില്‍ നിന്ന് 183 റണ്‍സടിച്ച് കാര്‍ത്തിക്ക് തകര്‍പ്പന്‍ ഫോമിലാണ്. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ മുംബൈ 44 റണ്‍സിന്റെ മികച്ച വിജയം നേടിയത് കാര്‍ത്തിക്കിന്റെ വെടിക്കെട്ട് ബാറ്റിംഗ് മികവിലായിരുന്നു. മൂന്നാം നമ്പര്‍ പൊസിഷനില്‍ ഇറങ്ങിയ കാര്‍ത്തിക്ക് 48 പന്തില്‍ 86 റണ്‍സടിച്ചു. പതിനാല് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് കാര്‍ത്തിക്കിന്റെ ഇന്നിംഗ്‌സ്. മൂന്നാം നമ്പറിലെ ബാറ്റിംഗ് താന്‍ ശരിക്കും ആസ്വദിച്ചെന്ന് കാര്‍ത്തിക്ക് പറഞ്ഞു. പവര്‍പ്ലേ ഓവറുകള്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നതു കൊണ്ടാണിത്. ഒരു വര്‍ഷമായി കാര്‍ത്തിക്ക് മികച്ച ഫോമിലാണ്. ആഭ്യന്തര സീസണിലെ മികവ് ഐ പി എല്‍ ഫോര്‍മാറ്റിലും നിലനിര്‍ത്തുന്നതില്‍ കാര്‍ത്തിക്ക് വിജയിച്ചിരിക്കുന്നു. അവസരം നല്‍കിയാല്‍, ആത്മവിശ്വാസത്തോടെ ആ ദൗത്യം ഏറ്റെടുക്കാനും മികച്ച രീതിയില്‍ അത് നടപ്പിലാക്കാനും തനിക്ക് സാധിക്കുമെന്ന് കാര്‍ത്തിക്ക് പറയുന്നു.
മുംബൈ ഇന്ത്യന്‍സ് പോലൊരു ടീമില്‍ ടോപ് ഓര്‍ഡറില്‍ ഇറങ്ങാന്‍ സാധിക്കുക എളുപ്പമല്ല. എന്നാല്‍, മൂന്നാം നമ്പറില്‍ അവസരം നല്‍കിയത് വലിയ ആദരവായി. ചില്ലറ ആത്മവിശ്വാസമല്ല തനിക്ക് ലഭിച്ചത്. മികച്ച ഫോം പ്രദര്‍ശിപ്പിക്കേണ്ടത് ഉത്തരവാദിത്വമായി മാറിയെന്നും കാര്‍ത്തിക്ക് പറഞ്ഞു. ഡല്‍ഹിക്കെതിരെ സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയില്‍ പരുങ്ങിയ മുംബൈ ഇന്ത്യന്‍സിന് ഇരുപത് ഓവറില്‍ അഞ്ച് വിക്കറ്റിന് 209 എന്ന ബിഗ് ടോട്ടല്‍ ഒരുക്കിയത് കാര്‍ത്തിക്കും(86) രോഹിത് ശര്‍മയും (74 നോട്ടൗട്ട്) ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ്. 132 റണ്‍സ് ചേര്‍ത്താണ് ഇവര്‍ പിരിഞ്ഞത്.
ഓപണര്‍മാരായ റിക്കി പോണ്ടിംഗ് പൂജ്യത്തിന് മടങ്ങിയപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരു റണ്‍സിന് റണ്ണൗട്ടായി. വാംഖഡെയിലെ പിച്ച് ബാറ്റ്‌സ്മാന്‍മാര്‍ക്ക് അനുകൂലമായിരുന്നു. അതേ സമയം ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് കുറച്ച് ഓവറുകള്‍ക്ക് ശേഷമാണ് തഴങ്ങുക. ഡല്‍ഹി ബൗളര്‍ ഇര്‍ഫാന്‍ പത്താന്‍ പോണ്ടിംഗിനെ പുറത്താക്കിയ പന്ത് ഇതിന് തെളിവാണ്. എന്നാല്‍, കാര്‍ത്തിക്കും രോഹിതും ആദ്യ ആറ് ഓവറുകള്‍ ശ്രദ്ധിച്ചാണ് നീങ്ങിയത്. സിംഗിള്‍സ് എടുത്താണ് സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചത്. പിന്നീടാണ് പവര്‍പ്ലേ ഓവറുകളില്‍ ബൗണ്ടറികള്‍ ഒഴുക്കിയത്. ആസ്‌ത്രേലിയന്‍ താരം റിക്കി പോണ്ടിംഗിന്റെ സാന്നിധ്യലും കാര്‍ത്തിക്കിന്റെ ഫോമിന് പിറകിലുണ്ട്. ലോകക്രിക്കറ്റിലെ ആരാധ്യനായ ക്യാപ്റ്റനാണ് റിക്കി പോണ്ടിംഗ്. അദ്ദേഹത്തിനൊപ്പം ഡ്രസിംഗ് റൂം പങ്കിടാന്‍ സാധിക്കുക എന്നത് തന്നെ മഹാഭാഗ്യം. നല്ലൊരു മനുഷ്യനും കൂടിയാണ് റിക്കി. അദ്ദേഹത്തോടൊപ്പമുള്ള ഓരോ നിമിഷവും ആനന്ദദായകം – ദിനേശ് കാര്‍ത്തിക്ക് പറഞ്ഞു.

 

---- facebook comment plugin here -----

Latest