Connect with us

Editorial

കേരളം നെരിപ്പോടില്‍

Published

|

Last Updated

കേരളം ചുട്ടുപൊള്ളുകയാണ്. പല ഭാഗങ്ങളിലും കുടിവെള്ള ക്ഷാമം അതിരൂക്ഷം. പക്ഷിമൃഗാദികള്‍ ചത്തൊടുങ്ങുന്നു. കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങുന്നു. പുറമെ സൂര്യാഘാതവും. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സംസ്ഥാനത്ത് പത്തിലേറെ പേര്‍ക്ക് സൂര്യാഘാതമേല്‍ക്കുകയുണ്ടായി. കൊല്ലം, പുനലൂര്‍, കൊട്ടാരക്കര, ആലുവ, നിലമ്പൂര്‍ എന്നിവിടങ്ങളിലാണ് സൂര്യാഘാതമനുഭവപ്പെട്ടത്. താപം പൂര്‍വോപരി വര്‍ധിച്ചുകൊണ്ടിരിക്കെ സൂര്യാഘാതം ഇനിയും അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇത് പരിഗണിച്ച് സംസ്ഥാനത്ത് തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സമയം സര്‍ക്കാര്‍ പുനഃക്രമീകരിച്ചിരിക്കുകയാണ്. ഉച്ചക്ക് പന്ത്രണ്ട് മുതല്‍ മൂന്ന് മണി വരെ അവര്‍ക്ക് വിശ്രമം അനുവദിക്കാനും ജോലി സമയം കാലത്ത് ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയാക്കാനുമാണ് തീരുമാനം.
സൂര്യന്റെ അള്‍ട്രാ വയലറ്റ് രശ്മികള്‍ അധിക അളവില്‍ ശരീരത്തില്‍ പതിക്കുമ്പോഴാണ് സൂര്യാഘാതമുണ്ടാകുന്നത്. ഉഷ്ണ രാജ്യങ്ങളില്‍ അനുഭവപ്പെടുന്നതും വൃക്ഷങ്ങളാലും പുഴകളാലും തടാകങ്ങളാലും അനുഗൃഹീതമായിരുന്ന കേരളത്തിന് കേട്ടുകേള്‍വിയുമായിരുന്ന സൂര്യാഘാതം ഇന്ന് നാമും അനുഭവിച്ചു തുടങ്ങിയിരിക്കുന്നുവെന്നത് സംസ്ഥാനം അഭിമുഖീരിക്കുന്ന താപത്തിന്റെയും വരള്‍ച്ചയുടെയും ഉഗ്രതയിേലക്കാണ് വിരല്‍ ചൂണ്ടുന്നത്. വെയിലിന്റെ കാഠിന്യം മൂലം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണി പ്പോള്‍. ജലസ്രോതസ്സുകള്‍ ഒന്നൊന്നായി വറ്റിക്കൊണ്ടിരിക്കയാണ്. പുഴകളും കായലുകളും മാത്രമല്ല, ഭൂഗര്‍ഭ ജലവും അപകടകരമാം വിധം താഴ്ന്നുകൊണ്ടിരിക്കുന്നു. ഭൂഗര്‍ഭ ജലവകുപ്പ് അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ സംസ്ഥാനത്ത് ഭൂഗര്‍ഭജലം രണ്ട് മുതല്‍ അഞ്ച് വരെ മീറ്റര്‍ താഴ്ന്നതായി കണ്ടെത്തുകയുണ്ടായി.
ഇതൊരു താത്കാലിക പ്രതിഭാസമല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 1995ന് ശേഷം കേരളത്തിലെ വരള്‍ച്ചയും ജലദൗര്‍ബല്യവും അടിക്കടി വര്‍ധിച്ചുകൊണ്ടിരിക്കയാണ്. വരും വര്‍ഷങ്ങളില്‍ ഇതു കൂടുതല്‍ രൂക്ഷമാകുകയല്ലാതെ ജലസമൃദ്ധമായിരുന്ന കേരളത്തിന്റെ പഴയകാല അവസ്ഥ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. നമ്മുടെ അവിവേകത്തിന്റെ ദുരന്തഫലമാണ് ഒരര്‍ഥത്തില്‍ നാമനുഭവിക്കുന്നത്. മഴക്കാലത്ത് യഥേഷ്ടം ലഭിച്ചിരുന്ന മഴവെള്ളം വെറുതെ ഒഴുകിപ്പോകുന്നത് നോക്കി നിന്ന് രസിക്കുകയല്ലാതെ അത് സംഭരിച്ചു വെക്കാനുള്ള കാര്യമായ ശ്രമങ്ങളൊന്നും നമ്മുടെ ഭാഗത്ത് നിന്നുണ്ടായില്ല. നെല്‍പ്പാടങ്ങള്‍ പോലുള്ള നീര്‍ത്തടങ്ങള്‍ വ്യാപകമായി നികത്തി കെട്ടിടങ്ങള്‍ പണിതു. 1970-ല്‍ സംസ്ഥാനത്ത് 8.74 ലക്ഷം ഹെക്ടര്‍ നെല്‍പ്പാടങ്ങളുണ്ടായിരുന്നത് 2000-മാണ്ടായപ്പോള്‍ 2.8 ലക്ഷം ഹെക്ടറായി ചുരുങ്ങി. മരങ്ങളും കാടുകളും വെട്ടിമാറ്റി വ്യവസായങ്ങളും റിസോര്‍ട്ടുകളും വീടുകളും പണിതു. സംസ്ഥാനത്തെ ജനസംഖ്യാ വളര്‍ച്ചയുടെ അനുപാതത്തേക്കാള്‍ കൂടിയ തോതിലാണ് ഇവിടെ ഫഌറ്റ്, വീട് നിര്‍മാണങ്ങള്‍ നടന്നുവരുന്നത്. ഇത് കൊടും വരള്‍ച്ചക്കും ജലദൗര്‍ലഭ്യത്തിനും വഴിവെക്കുമെന്ന് വിദഗ്ധര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു നല്‍കിയ മുന്നറിയിപ്പ് നാം അവഗണിക്കുകയായിരുന്നു.
അതിനിടെ ഭൂഗര്‍ഭ ജലം കൂടിയ തോതില്‍ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. വീട്ടാവശ്യങ്ങള്‍ക്ക് മാത്രമല്ല, വ്യവസായങ്ങള്‍ക്ക് വേണ്ടിയും കുഴല്‍ കിണറുകള്‍ നിര്‍മിച്ച് ഭൂഗര്‍ഭ ജലം ഊറ്റിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വാരത്തില്‍ പാലക്കാട്ടെ ചിറ്റൂരില്‍ ഒരു ഫ്രൂട്ട് ജ്യൂസ് കമ്പനിക്ക് പ്രതിദിനം നാലര ലക്ഷം ലിറ്റര്‍ ജലമൂറ്റാന്‍ പഞ്ചായത്ത് അനുമതി നല്‍കിയത് വിവാദമായതാണ്. ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതി പിന്നീട് അനുമതി റദ്ദാക്കിയെങ്കിലും സംസ്ഥാനം അതിരൂക്ഷമായ വരള്‍ച്ചയെ അഭിമുഖീകരിക്കുന്ന സന്ദിഗ്ധ ഘട്ടത്തില്‍ പോലും അതിനനുമതി നല്‍കിയ ജനപ്രതിനിധികളുടെ നിലപാട്, ജനങ്ങളേക്കാള്‍ വ്യവസായ വാണിജ്യ ലോബികളോടാണ് അവരുടെ പ്രതിബദ്ധതയെന്ന യാഥാര്‍ഥ്യമാണ് വിളിച്ചറിയിക്കുന്നത്.
വരള്‍ച്ചയുടെ കാഠിന്യത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനും ആശ്വാസ നടപടികളെത്തിക്കാനും സര്‍ക്കാറും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. വരച്ച നേരിടാന്‍ ജില്ലകള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകളുടെ നടത്തിപ്പ് മനസ്സിലാക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിപ്പടയും ഈ മാസം 13 മുതല്‍ 22 വരെ ജില്ലകളില്‍ പര്യടനം നടത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഇന്നലെ നിയമസഭയെ അറിയിക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയെ അനുസ്മരിപ്പിക്കുന്ന ഇത്തരം പ്രകടനാത്മകതയല്ല ജനങ്ങള്‍ക്കാവശ്യം. അവര്‍ക്ക് കുടിവെള്ളം മുടക്കം കൂടാതെ ലഭിക്കുകയും ഉഷ്ണജന്യ രോഗങ്ങളെ നേരിടാനുള്ള സംവിധാനവുമാണ്. ജില്ലകളിലെ പാക്കേജ് നടത്തിപ്പിനെക്കുറിച്ചു മനസ്സിലാക്കാന്‍ വിവിര സാങ്കേതിക വിദ്യ ഏറെ പുരോഗമിച്ച ഇക്കാലത്ത് മുഖ്യമന്ത്രിക്കും സഹമന്ത്രിമാര്‍ക്കും സ്വന്തം ഓഫീസിലിരുന്നാല്‍ മതി. മന്ത്രിമാരും പരിവാരങ്ങളും ജില്ലകള്‍ സന്ദര്‍ശിക്കാന്‍ ചെലവിടുന്ന പണം വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ടിലേക്ക് വകയിരുത്തിയാല്‍ അതായിരിക്കും ജനങ്ങള്‍ക്ക് ഗുണപ്രദം.