ഇന്ന് സൂപ്പര്‍ റീ മാച്ച്

Posted on: April 9, 2013 8:12 am | Last updated: April 9, 2013 at 8:12 am

IPL1ബംഗളുരു: സൂപ്പര്‍ ഓവറിന്റെ ആവേശം കത്തിക്കയറിയ ആ സൂപ്പര്‍പോരാട്ടം ഇന്ന് വീണ്ടും കാണാം. സണ്‍റൈസേഴ്‌സ് ഹൈദരാബാദും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും ഐ പി എല്‍ ആറാം സീസണിലെ റീമാച്ചില്‍ ഇന്ന് നേര്‍ക്കുനേര്‍. ഞായറാഴ്ച രാത്രി ഹൈദരാബാദില്‍ ഇവര്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ സൂപ്പര്‍ ഓവറിലായിരുന്നു മത്സരം തീര്‍പ്പായത്. സണ്‍റൈസേഴ്‌സിനൊപ്പമായിരുന്നു ജയം. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് നിശ്ചിത ഇരുപതോവറില്‍ എട്ട് വിക്കറ്റിന് 130റണ്‍സെടുത്തു. സണ്‍റൈസേഴ്‌സ് നിശ്ചിത ഇരുപതോവറില്‍ ഏഴ് വിക്കറ്റിന് 130ല്‍ തങ്ങിനിന്നു. ആള്‍ റൗണ്ട് മികവ് പുറത്തെടുത്ത സണ്‍റൈസേഴ്‌സിന്റെ ഹനുമ വിഹാരിയാണ് മാന്‍ ഓഫ് ദ മാച്ചായത്. പുറത്താകാതെ 46 പന്തില്‍ 44 റണ്‍സടിച്ച വിഹാരിയാണ് ബാംഗ്ലൂരിന്റെ വിജയപ്രതീക്ഷകള്‍ അട്ടിമറിച്ച് ടൈ ഒരുക്കിയത്.

മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടതോടെയാണ് ത്രില്ലറായി മാറിയത്. ഐ പി എല്‍ ചരിത്രത്തിലെ മൂന്നാം സൂപ്പര്‍ ഓവറില്‍ ജയം അരങ്ങേറ്റക്കാരായ സണ്‍റൈസേഴ്‌സിനൊപ്പം നിന്നത് ഡെയില്‍ സ്റ്റെയിനിന്റെ കൃത്യതയാര്‍ന്ന ബൗളിംഗ് മികവില്‍. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയില്‍ സ്റ്റെയിന്‍ എറിഞ്ഞ സൂപ്പര്‍ ഓവറിലെ അവസാന പന്തില്‍ സിക്‌സറടിച്ചാല്‍ മത്സരം വീണ്ടും ടൈ ആകുമായിരുന്നു. വിന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിന് പക്ഷേ, സിക്‌സര്‍ സാധ്യമായില്ല. ഇതോടെ, വിരാട് കോഹ്‌ലിയും സംഘവും നിരാശയിലമര്‍ന്നു. വിനയ് കുമാര്‍ എറിഞ്ഞ സൂപ്പര്‍ ഓവറില്‍ ഇരുപത് റണ്‍സാണ് സണ്‍റൈസേഴ്‌സ് അടിച്ചെടുത്തത്. ആസ്‌ത്രേലിയന്‍ ബാറ്റ്‌സ്മാന്‍ കാമറോണ്‍ വൈറ്റ് രണ്ട് സിക്‌സര്‍ പറത്തിയത് നിര്‍ണായകമായി. പതിനേഴ് റണ്‍സാണ് വൈറ്റ് നേടിയത്. റണ്‍ ചേസിംഗിന് ഗെയിലിനൊപ്പം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തന്നെയെത്തി. ആദ്യ രണ്ട് പന്തില്‍ മൂന്ന് റണ്‍സ്. മൂന്നാം പന്ത് കോഹ്‌ലി ഫോറടിച്ചു. നാലാം പന്തില്‍ സിംഗിള്‍. ജയിക്കാന്‍ വേണ്ടത് പതിമൂന്ന് റണ്‍സ്. അസാധ്യം! അഞ്ചാം പന്ത് യോര്‍ക്കര്‍ ലെംഗ്തില്‍. പക്ഷേ, ഗെയിലെടുത്ത് പുറത്തിട്ടു-സിക്‌സര്‍. പതിനാല് റണ്‍സ്. ഒരു സിക്‌സര്‍ അരികെ സമനില. സ്റ്റെയിന്റെ ഷോട് പിച്ച് ബോള്‍ ഗെയിലിന് കൂറ്റന്‍ഷോട്ടിന് പാകമായില്ല. സിംഗിള്‍.
ഐ പി എല്‍ ആറാം സീസണില്‍ തുടരെ രണ്ടാം ജയം നേടിയ സണ്‍റൈസേഴ്‌സ് അട്ടമറി നിരയായി മാറിക്കഴിഞ്ഞു. അവരുടെ സ്ഥിരത അളക്കപ്പെടുക ഇന്ന് ബംഗളുരുവിലെ മത്സരത്തോടെയാകും. ക്രിസ് ഗെയിലും ദില്‍ഷനും പരാജയപ്പെട്ടപ്പോള്‍ കോഹ്‌ലിയും മോയിസസ് ഹെന്റികസുമായിരുന്നു സണ്‍റൈസേഴ്‌സിനെതിരെ ഭേദപ്പെട്ട സ്‌കോര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ഒരുക്കിയത്. ദില്‍ഷന്റെ ഫോം ഔട്ടാണ് ചലഞ്ചേഴ്‌സിന്റെ വലിയ തലവേദന. ഇന്നിംഗ്‌സില്‍ ഒരു റണ്‍സിന് പുറത്തായ കാമറോണ്‍ വൈറ്റ് സൂപ്പര്‍ ഓവറില്‍ രണ്ട് സിക്‌സറുകളുമായി ഫോമിലേക്കുയര്‍ന്നത് സണ്‍റൈസേഴ്‌സിന് ശുഭപ്രതീക്ഷയാണ്. നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത അമിത് മിശ്രയാണ് സണ്‍റൈസേഴ്‌സിന്റെ സൂപ്പര്‍ ബൗളര്‍. ഡെയില്‍ സ്റ്റെയിന്‍ നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങിയപ്പോള്‍ ഇഷാന്ത് ശര്‍മ നാല് ഓവറില്‍ വഴങ്ങിയത് 27 റണ്‍സ് മാത്രം. മൂന്ന് വിക്കറ്റുകളുമായി ഇഷാന്ത് ശര്‍മ ഫോമിലേക്കുയര്‍ന്നത് റോയല്‍ ചലഞ്ചേഴ്‌സിന്റെ തട്ടകത്തിലും സൂര്യോദയത്തിനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു. വിഹാരി, തിസര പെരേര, അങ്കിത് ശര്‍മ, ആശിഷ് റെഡ്ഡി എന്നിങ്ങനെ ബൗളിംഗ് നിരയിലെ വ്യത്യസ്തതയാണ് സണ്‍റൈസേഴ്‌സിന്റെ പ്രത്യേകത.
സൂപ്പര്‍ ഓവറിലെ ഹീറോ കാമറോണ്‍ വൈറ്റ് വിജയശേഷം പറഞ്ഞതും ഇതു തന്നെയാണ്. ബൗളര്‍മാര്‍ പ്രയത്‌നിക്കുമ്പോള്‍ ബാറ്റ്‌സ്മാന്‍മാര്‍ പിന്നാക്കം പോകുന്നത് ന്യായീകരിക്കാനാകില്ല. സൂപ്പര്‍ ഓവറില്‍ മികച്ചൊരു സ്‌കോര്‍ നേടണമെന്ന് ഉറപ്പിച്ചായിരുന്നു കാമറോണ്‍ വൈറ്റ് ഇറങ്ങിയത്. ബൗളര്‍മാരുടെ പ്രയത്‌നത്തിന് ബാറ്റ് കൊണ്ട് വിലമതിപ്പ് നല്‍കിയാണ് വൈറ്റ് ക്രീസ് വിട്ടത്. ഹനുമ വിഹാരിയുടെ പ്രകടനത്തെയും വൈറ്റ് പ്രകീര്‍ത്തിച്ചു. ക്രിസ് ഗെയിലിനെ പുറത്താക്കിയ വിഹാരി ബാറ്റിംഗിലും മികവ് കാണിച്ചു. താരതമ്യേന ചെറിയൊരു ലക്ഷ്യം പിന്തുടരുമ്പോള്‍ സംഭവിച്ച വീഴ്ച വിഹാരിയാണ് പരിഹരിച്ചത്.

മുംബൈ ഇന്ത്യന്‍സ് – ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് (രാത്രി 8.00ന്) സോണി മാക്‌സില്‍ തത്‌സമയം
ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (വൈകീട്ട് 4.00ന് )