ക്രഷറുകളും കരിങ്കല്‍ ക്വാറികളും നിയന്ത്രിക്കാതിരുന്നാല്‍

Posted on: April 8, 2013 8:30 am | Last updated: April 8, 2013 at 4:02 pm

quarry-629x424നിലവിലുള്ള നിയമങ്ങള്‍ കാറ്റില്‍ പറത്തി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ പോലും സംസ്ഥാനത്ത് പാറമടകളും മെറ്റല്‍ ക്രഷറുകളും പെരുകുകയാണ്. ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളും കുടിവെള്ള ക്ഷാമവും സൃഷ്ടിക്കുന്ന ഇത്തരം വ്യവസായ യൂനിറ്റുകള്‍ക്കെതിരെ സമരങ്ങളും വ്യാപകമാണ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജനനിബിഡമായ സ്ഥലങ്ങളിലെ മെറ്റല്‍ ക്രഷറുകള്‍ക്കും കരിങ്കല്‍ ക്വാറികള്‍ക്കും ഒത്താശ ചെയ്തുകൊടുക്കുന്നത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളായതിനാല്‍ ജനങ്ങള്‍ ശരിക്കും ബുദ്ധിമുട്ടുകയാണ്. ഭരണകക്ഷിയിലെയും പ്രതിപക്ഷത്തേയും പല നേതാക്കള്‍ക്കും പാറമടകള്‍ ഉണ്ടെന്നത് പകല്‍ വെളിച്ചം പോലെ വാസ്തവമാണ്. അതുകൊണ്ടു തന്നെ ഭരണയന്ത്രത്തെ തങ്ങളുടെ ഇഷ്ടാനുസരണം പ്രവര്‍ത്തിപ്പിച്ച് എന്‍ ഒ സി വാങ്ങിയെടുക്കുന്നതില്‍ ജനദ്രോഹപരമായി പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂനിറ്റുകളും പാറമടകളും വിജയിക്കുകയാണ്.
ശബ്ദമലിനീകരണം, വായു മലിനീകരണം, കുടിവെള്ള മലിനീകരണം, കുടിവെള്ള ദൗര്‍ലഭ്യം, വീടുകളുടെയും പാലങ്ങളുടെയും ബലക്ഷയം എന്നിവ ഇത്തരം വ്യവസായ യൂനിറ്റുകള്‍ മൂലം വ്യാപകമാകുന്നു. ക്വാറികളില്‍ നിന്നും മെറ്റല്‍ ക്രഷറുകളില്‍ നിന്നും ഉത്ഭവിക്കുന്ന കരിങ്കല്‍ പൊടി വൃക്ഷങ്ങളുടെ ഇലകളില്‍ പറ്റിപ്പിടിച്ചിരിക്കുകയും ചെറിയ ചെടികളെയും ഔഷദ സസ്യങ്ങളെയും പൊതിയുകയും ചെയ്യുന്നത് ഇവയുടെ നാശത്തിന് കാരണമാകുന്നുണ്ട്. ചെടികളുടെ സ്റ്റൊമാറ്റ അടയുന്നതിന് പൊടി കാരണമാകും. പാറപ്പൊടി പല മരങ്ങള്‍ക്കും ചെടികള്‍ക്കും വഷമായിട്ടാണ് പ്രതിപ്രവര്‍ത്തിക്കുന്നത്. ഇത് ജൈവ നാശത്തിന് വലിയ തോതില്‍ കളമൊരുക്കുന്നുണ്ട്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലെ ക്വാറിയില്‍ നിന്നും മെറ്റല്‍ ക്രഷറുകളില്‍ നിന്നും ചരക്ക് നീക്കുന്നതിന് ഉപയോഗിക്കുന്ന ടിപ്പര്‍, ടോറസ് വണ്ടികളുടെ മരണപ്പാച്ചില്‍ മൂലം പറക്കുന്ന കരിങ്കല്‍ പൊടി കലര്‍ന്ന പടലങ്ങള്‍ മനുഷ്യരില്‍ മാത്രമല്ല, മൃഗങ്ങളിലും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് വഴി വെക്കുന്നു. ചില്ല് പൊടി പോലെ ദൃഢതയും മൂര്‍ച്ചയുമുള്ള കരിങ്കല്‍ പൊടിയും ചീളുകളും മൂക്കിലൂടെയും കണ്ണിലൂടെയും ജീവികളുടെ ശരീരത്തിലെത്താം. പാര്‍ശ്വങ്ങള്‍ മൂര്‍ച്ചയുള്ളതും ആകൃതിയില്ലാത്തതുമായ പാറപ്പൊടി പോളകള്‍ക്കും കണ്ണിനുമിടയില്‍ പെട്ട് അങ്ങോട്ടുമിങ്ങോട്ടും നിരങ്ങി നീങ്ങുകയും കണ്ണിന്റെ ഉപരിതലത്തിലും കണ്ണിന്റെ ചുറ്റുമുള്ള സൂക്ഷ്മ രക്തക്കുഴലുകളെ തകര്‍ക്കുകയും അങ്ങനെ അല്‍പ്പാല്‍പ്പമായി രക്തക്കുഴലുകളെ ബാധിക്കുകയും ചെയ്യുന്നു. മണ്ണിലടിയുന്ന പൊടിപടലങ്ങളില്‍ ഈര്‍പ്പത്തില്‍ അലിയുന്നവ കണ്ണില്‍ രാസപ്രവര്‍ത്തനങ്ങള്‍ക്കും ഇടവരുത്തും. കണ്ണെരിയുന്നതിനും കണ്ണില്‍ കണ്ണുനീര്‍ കൂടുതല്‍ ഉത്പാദിപ്പിക്കുന്നതിനും ഇത് ഇട വരുത്തുന്നു. നിരന്തരമായ കരിങ്കല്‍ പൊടി കണ്ണിലെ അസുഖങ്ങള്‍ വര്‍ധിക്കുന്നതിനും കാഴ്ച ശക്തി കുറയുന്നതിനും കാരണമാകും. നമ്മുടെ നാസാരന്ധ്രങ്ങളിലെ രോമകൂപങ്ങള്‍ വഴി രൂപം കൊണ്ട അരിപ്പ വളരെ ചെറിയ പൊടിയെയും തടഞ്ഞുനിര്‍ത്താന്‍ ശേഷിയുള്ളതാണ്. പ്രകൃതിയിലെ പ്രതിപ്രവര്‍ത്തനങ്ങളിലൂടെ രൂപമെടുക്കുന്ന ഏതൊരു പൊടിയും മൂക്കിലെ രോപകൂപങ്ങള്‍ക്ക് തടയാനാകും. എന്നാല്‍ പാറ പൊടിക്കല്‍, പാറ പൊട്ടിക്കല്‍ തുടങ്ങിയ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളാല്‍ രൂപമെടുക്കുന്ന പൊടിപടലങ്ങള്‍ അതിസൂക്ഷ്മമായതിനാല്‍ പ്രകൃതിനിര്‍മിതമായ മൂക്കിലെ അരിപ്പക്ക് കടയാനാകാത്തതുകൊണ്ട് മിക്കവാറും ശ്വാസകോശത്തിനകത്തെത്തുകയും അടിഞ്ഞുകൂടുകയും ചെയ്യും. സിലിക്ക, കരിങ്കല്‍ പൊടി, മറ്റ് രാസപദാര്‍ഥങ്ങള്‍ എന്നിവ അടങ്ങിയ പൊടി ശ്വാസകോശത്തിലെത്തുമ്പോള്‍ ശ്വാസകോശാര്‍ബുദം മുതല്‍ മറ്റ് ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്നു.
അലര്‍ജി മൂലം നാട് വിടേണ്ടിവരുന്ന അവസ്ഥയിലാണ് മെറ്റല്‍ ക്രഷറിനും ക്വാറികള്‍ക്കും അടുത്ത് താമസിക്കുന്ന പലരും. ശ്വാസകോശ നാളത്തിലും ശ്വാസകോശത്തിലും ഈര്‍പ്പമുള്ളതിനാല്‍ കരിങ്കല്‍ പൊടിയിലെ ലയിക്കുന്ന രാസപദാര്‍ഥങ്ങള്‍ ലയിക്കുകയും വിഷമയമാകുകയും പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകുകയും ചെയ്യുന്നു. ശരീരത്തിലെ രാസാഗ്നികള്‍ കരിങ്കല്‍ പൊടിയിലെ രാസമാറ്റങ്ങള്‍ വരുത്തി ഇല്ലാതാക്കാന്‍ പരിശ്രമിക്കുമെങ്കിലും പലരിലും ഇത് പരാജയമാണ്. ശരീരപ്രകൃതിയനുസരിച്ച് പ്രശ്‌നങ്ങളുടെ രൂക്ഷത വര്‍ധിപ്പിക്കുകയും കുറക്കുകയും ചെയ്യും. ചില ആളുകള്‍ക്ക് കരിങ്കല്‍ പൊടി മൂലം സ്ഥിരമായി അലര്‍ജിയും ആസ്ത്‌യും കണ്ടുവരുന്നുണ്ട്.
രാവും പകലും പ്രവര്‍ത്തിക്കുന്ന മെറ്റല്‍ ക്രഷറുകളും കരിങ്കല്‍ ക്വാറികളും ദിവസം മുഴുവന്‍ പൊടിപടലങ്ങള്‍ വഴിയുള്ള വായു മലിനീകരണത്തിന് വഴി വെക്കുന്നു. പൊടിപ്രശ്‌നം ഏറെ സങ്കീര്‍ണമാക്കുന്നത് അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളിലാണ്. പ്രതിരോധ ശക്തി നേടിയിട്ടില്ലാത്ത കുഞ്ഞുങ്ങളില്‍ കരിങ്കല്‍ പൊടി മാരകമായ അസുഖങ്ങള്‍ക്കും ശ്വാസതടസ്സത്തിനും കാരണമാകുന്നുണ്ട്. മിക്കവാറും മെറ്റല്‍ ക്രഷറുകളും ക്വാറികളും ഉയര്‍ന്ന സ്ഥലങ്ങളിലായതിനാല്‍ ഇവിടെ നിന്നും നിരന്തരം ഉയര്‍ന്നുപൊങ്ങുന്ന പൊടിപടലങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ താഴ്ന്ന പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ പറന്നിറങ്ങുകയും ഇത് ജനങ്ങള്‍ ശ്വസിക്കുന്നതിന് ഇടവരികയും ചെയ്യുന്നു. വെറും മണ്ണിന്റെ പൊടി മൂക്കിലൂടെ വലിച്ചുകയറ്റുന്നതു പോലെയല്ല കരിങ്കല്‍ പൊടി ശ്വസിക്കുന്നതിന്റെ പ്രത്യാഘാതം.
മെറ്റല്‍ ക്രഷറുകള്‍ക്കും ക്വാറികള്‍ക്കും 150 മീറ്ററിലധികം ചുറ്റളവില്‍ വീടുകള്‍ പാടില്ലെന്ന നിയമമുണ്ടെങ്കിലും ഓരൊറ്റ ക്രഷര്‍ യൂനിറ്റും ഇത് പാലിക്കുന്നില്ല. അതുകൊണ്ടാണ് ഇതുകൊണ്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത്. പൊടിയകറ്റാന്‍ വെള്ളം സ്‌പ്രേ ചെയ്യണമെന്ന നിബന്ധനകളൊന്നും ക്രഷര്‍ വ്യവസായ യൂനിറ്റുകള്‍ കൃത്യമായി പാലിക്കാറില്ല. സംവിധാനങ്ങള്‍ ഒരുക്കിയെന്ന് ബാഹ്യമായി വരുത്തിത്തീര്‍ത്താണ് പലരും ക്രഷര്‍ യൂനിറ്റിന് അനുമതി വാങ്ങിച്ചെടുക്കുക. ചെറിയ മോട്ടോറുകള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി വാങ്ങുകയും നൂറുകണക്കിന് കുതിര ശക്തിയുള്ള മോട്ടോറുകള്‍ സ്ഥാപിക്കുകയും ചെയ്യും. അനുമതി ലഭിച്ച ക്രഷര്‍ യൂനിറ്റുകള്‍ കൃത്യമായി നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കണമെന്നാണ് ചട്ടമെങ്കിലും ഒന്നും പാലിക്കാറില്ല. ഇതിനെല്ലാം ഒത്താശ ചെയ്തുകൊടുത്ത് പണം പറ്റുന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ചില ഉദ്യോഗസ്ഥന്മാരാണ് പലപ്പോഴും പ്രധാന കുറ്റവാളികള്‍.
വേണ്ടത്ര അറിവില്ലാത്തവരും നിയമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നവരും മലിനീകരണത്തിന്റെ ബാലപാഠമറിയാത്തവരുമായ ചില ഉദ്യോഗസ്ഥര്‍ക്ക് പലപ്പോഴും മെറ്റല്‍ ക്രഷറുകളും ക്വാറികളും അഴിമതി നടത്താനുള്ള ചാകരയാണ്. അനുമതി ലഭിക്കുമ്പോള്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങളില്‍ വ്യത്യാസം വരുത്താന്‍ ഒരൊറ്റ യൂനിറ്റിനും അനുവാദമില്ലെന്നിരിക്കെ, മോട്ടോറിന്റെ സ്ഥാനവും മോട്ടോറിന്റെ കുതിര ശക്തിയും മറ്റു മാനദണ്ഡങ്ങളും ലംഘിക്കുന്നത് ഇവിടങ്ങളില്‍ പതിവാണ്. ഇതുമൂലം ബുദ്ധിമുട്ടനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളും മിണ്ടാപ്രാണികളായ മൃഗങ്ങളുമാണ്. പരിസരം മുഴുവന്‍ പൊടി പരക്കുമ്പോള്‍ മൃഗങ്ങള്‍ക്ക് പുല്ലും നല്ല വെള്ളവും ലഭിക്കാതെ വരുന്നു.
നാട്ടില്‍ കന്നുകാലികള്‍ കൂടുതല്‍ ദുരിതമനുഭവിക്കുമ്പോള്‍ കാട്ടിലെ ക്വാറികള്‍ മൂലം ബുദ്ധിമുട്ടനുഭവിക്കുന്നത് വന്യമൃഗങ്ങളാണ്. ജനങ്ങളും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം സാധാരണയായി കണ്ടുവരുന്നത് കൂടുതല്‍ കരിങ്കല്‍ ക്വാറികളുള്ള വനപ്രദേശത്തിന് അടുത്തുള്ള പഞ്ചായത്തുകളിലാണ്. പാറ പൊട്ടിക്കലിന്റെ അസഹ്യമായ ശബ്ദവും യന്ത്രങ്ങളുടെ ഒച്ചയും പൊടിയും ഭൂമിയുടെ വിറയും മറ്റും വന്യമൃഗങ്ങളെ ഭയവിഹ്വലരാക്കുകയാണ്. കാട്ടില്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥ വരുമ്പോള്‍ അവ നാട്ടിലിറങ്ങുന്നു.
ക്വാറികള്‍ക്കും ക്രഷറുകള്‍ക്കും അരികെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് പതിവാണ്. ഇവ പ്രവര്‍ത്തിക്കുമ്പോള്‍ പരിസരം ഒന്നാകെ വിറച്ചുകൊണ്ടിരിക്കും. ഇത് നിര്‍മിതികള്‍ക്ക് പ്രത്യേകിച്ചും പാലം, വീട്, കച്ചവട സ്ഥാപനങ്ങള്‍ എന്നിവക്ക് വിള്ളല്‍ ഉണ്ടാക്കുന്നു. കുതിരശക്തി കൂടിയ മോട്ടോറുകള്‍ പലപ്പോഴും ഭൂമിയെയാകെ ഇളക്കിക്കൊണ്ടിരിക്കും. ഭൂഗര്‍ഭ ജലം കൂടുതല്‍ ആഴങ്ങളിലേക്ക് ഇറങ്ങിപ്പോകുന്നതിന് ഈ വിറയല്‍ കാരണമാകുന്നു. കിണറുകള്‍ വറ്റിവരളുന്നതിന് ഇത് കാരണമാകും. കുളങ്ങള്‍ വറ്റിപ്പോകും. ജലദൗര്‍ലഭ്യം രൂക്ഷമാക്കും. ഇതിനു പുറമെയാണ് പൊടി കയറ്റുന്നതിനും യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതിനും ഉള്ള അനിയന്ത്രിതമായ ഉപയോഗം. മിക്ക പാറമടകളിലും ക്വാറികളിലും നിര്‍മിച്ചിട്ടുള്ള കുഴല്‍ കിണറുകള്‍ ലക്ഷക്കണക്കിന് ലിറ്റര്‍ ജലം ഊറ്റുന്നവയാണ്. ഇതും പ്രാദേശികമായി കുടിവെള്ള ക്ഷാമം രൂക്ഷമാക്കും. സാധാരണക്കാര്‍ക്ക് വെള്ളത്തിനായി അലയേണ്ടിവരും.
പാറ തീര്‍ന്നാല്‍ ക്വാറിക്കാരും ക്രഷറുകാരും സ്ഥലം വിടും. ഒരു പ്രദേശമാകെ ജലക്ഷാമവും രോഗങ്ങളും വരുത്തിവെച്ചാല്‍ ആ നാട്ടിലെ ജനങ്ങള്‍ എവിടെ പോകും? തമിഴ്‌നാട്ടിലെ കാവേരിയുടെ തീരത്തെ തിരുച്ചിറപ്പള്ളി, നാമക്കല്‍, കരൂര്‍ ജില്ലകളില്‍ നിന്ന് കുടിവെള്ളം ലഭിക്കാതെ നാട് വിടേണ്ടിവന്ന അസംഖ്യം ആളുകളുടെ കാര്യം നാം ഓര്‍ക്കണം. പ്രകൃതിവിഭവങ്ങള്‍ അനിയന്ത്രിതമായി ഊറ്റിയെടുത്താല്‍ തിക്താനുഭവങ്ങള്‍ സഹിക്കേണ്ടിവരിക പ്രാദേശിക സമൂഹങ്ങളിലെ പാവപ്പെട്ടവരാണ്. അവരെ സംരക്ഷിക്കാനും പ്രകൃതിയെ കൊള്ളയടിക്കുന്നത് തടയാനും സര്‍ക്കാറിന് ഉത്തരവാദിത്വമുണ്ട്. പാറമടകളുടെയും മെറ്റല്‍ ക്രഷറുകളുടെയും പേരില്‍, ജീവിക്കാനുള്ള അവസരം നഷ്ടപ്പെടുന്ന നാട്ടുകാര്‍ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടാകണം. പാറ മട സംബന്ധിച്ച് സുപ്രീം കോടതി നടത്തിയ വിധി മറികടക്കാന്‍ കേരള സര്‍ക്കാര്‍ നടത്തിയ നടപടികള്‍ ജനവിരുദ്ധമായിപ്പോയി. ഖനിജ വിഭവങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ മാത്രം എടുത്ത് വിതരണം നടത്തണം. നദികളുടെയും ജലസ്രോതസ്സുകളുടെയും ജൈവ വൈവിധ്യങ്ങളുടെയും സംരക്ഷണം ഉറപ്പ് വരുത്താന്‍ പശ്ചിമ ഘട്ടത്തിലെ പാറമടകള്‍ നിര്‍ത്തലാക്കണം. സംസ്ഥാനത്തെ കരിങ്കല്‍, പാറപ്പൊടി, എംസാന്‍ഡ്, മെറ്റല്‍ ആവശ്യങ്ങള്‍ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കണം. കേരളത്തിന്റെ പച്ചപ്പിന് കോട്ടം വരുത്തുന്ന മെറ്റല്‍ ക്രഷര്‍ യൂനിറ്റുകള്‍ നിയന്ത്രിക്കാന്‍ സമമായിരിക്കുന്നു.
ആരോഗ്യമുള്ള ജനങ്ങളാണ് രാജ്യത്തിന്റെ സമ്പത്ത്. ജനനിബിഡമായ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന, കുടിവെള്ള ലഭ്യതയെ സാരമായി ബാധിക്കുന്ന ഇത്തരം യൂനിറ്റുകള്‍ നിര്‍ത്തലാക്കണം. ആവശ്യമായ പഠനങ്ങള്‍ക്ക് ശേഷം കൃഷി, വനം, ജലവിഭവം, പരിസ്ഥിതി, വ്യവസായം, ഖനി എന്നീ വകുപ്പുകള്‍ സംയുക്തമായി മാത്രം പാറമടകള്‍ക്കും ക്രഷറുകള്‍ക്കും അനുമതി നല്‍കുക. ഈ വ്യവസായം മൂലം ജനജീവിതം ദുസ്സഹമാകരുത്.

[email protected]