Connect with us

Sports

ചെന്നൈയുടെ സൂപ്പര്‍ കിംഗ്‌സ് ഇന്നിറങ്ങും

Published

|

Last Updated

ചെന്നൈ: രണ്ട് തവണ ഐ പി എല്‍ ചാമ്പ്യന്‍മാര്‍. ഒരു തവണ റണ്ണേഴ്‌സപ്പ്. മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മാത്രം അവകാശപ്പെട്ട റെക്കോര്‍ഡ്. ഐ പി എല്‍ ആറാം സീസണില്‍ ചെന്നൈയുടെ ആദ്യ മത്സരം ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെ. ആള്‍ റൗണ്ട് നിരയാണ് ചെന്നൈയുടെത്. എസ് ബദരീനാഥിന്റെ സ്ഥിരത ചെന്നൈയുടെ ലൈനപ്പിന് കരുത്തേകുന്നതാണെന്ന് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി പറഞ്ഞു. അതു പോലെ പ്രധാനമാണ്, ആസ്‌ത്രേലിയക്കെതിരെ മികച്ച ജയം നേടിയ ഇന്ത്യന്‍ ടീം അംഗങ്ങളില്‍ ചിലര്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലുള്ളതെന്ന് ധോണി അഭിപ്രായപ്പെട്ടു.

രവിചന്ദ്രന്‍ അശ്വിന്‍ എന്ന മാസ്മരിക സ്പിന്നറാണ് ചെന്നൈയുടെ തുറുപ്പ് ചീട്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് സുനില്‍ നരെയ്ന്‍ നല്‍കുന്ന മുന്‍തൂക്കം അശ്വിനിലൂടെ ചെന്നൈയും ലക്ഷ്യമിടുന്നു. മുന്നില്‍ നിന്ന് നയിക്കാനറിയാവുന്ന ക്യാപ്റ്റനാണ് ബി സി സി ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ ഉടമസ്ഥതിയിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്ലസ് പോയിന്റ്. കഴിഞ്ഞ അഞ്ച് സീസണിലും വലിയ മാറ്റങ്ങളില്ലാതെയാണ് ചെന്നൈ കളിച്ചത്. കൂട്ടായ്മയുടെ ബലം ഏറ്റവുമധികം ദര്‍ശിക്കാന്‍ സാധിക്കുക ചെന്നൈയിലാകും. നാല് വിദേശി പുതുമുഖങ്ങള്‍ ഇത്തവണയുണ്ട്. ആസ്‌ത്രേലിയയുടെ ഡിര്‍ക് നാന്‍സ്, ബെന്‍ ലാഫ്‌ലിന്‍, വെസ്റ്റിന്‍ഡീസിന്റെ ജാസന്‍ ഹോള്‍ഡര്‍, ദക്ഷിണാഫ്രിക്കയുടെ ക്രിസ് മോറിസ് എന്നിവരെയാണ് ഫെബ്രുവരിയെ താരലേലത്തില്‍ ചെന്നൈ സ്വന്തമാക്കിയത്. ഇംതിയാസ് അഹമ്മദ്, അങ്കിത് രജ്പുത്, മൊഹിത് ശര്‍മ, റോനിത് മോറെ എന്നീ അഭ്യന്തര താരങ്ങളും ചെന്നൈ നിരയിലെത്തി.ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ചേരുന്ന സ്പിന്‍ ആക്രമണം ചെന്നൈക്ക് എതിരാളിക്ക് മേല്‍ പൂര്‍ണ നിയന്ത്രണം നല്‍കും. ആസ്‌ത്രേലിയക്കെതിരായ പരമ്പരയില്‍ ഇവരുടെ കൂട്ടുകെട്ട് മികച്ചതായിരുന്നു. ഐ പി എല്ലില്‍ 49 വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിനെ ബാറ്റ്‌സ്മാന്‍മാര്‍ ബഹുമാനത്തോടെ നേരിടൂ. ബാറ്റിംഗില്‍ ധോണിയും സുരേഷ് റെയ്‌നയും ജഡേയും അണിനിരക്കുന്ന ലൈനപ്പിന് കരുത്തേകാന്‍ മുന്‍നിരയില്‍ മൈക്കല്‍ ഹസിയും മുരളി വിജയുമുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മൈക്കല്‍ ഹസി ചെന്നൈയുടെ വിശ്വസ്തനാണ്.
മുരളി വിജയ് ഐ പി എല്ലിലെ മികവ് അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റിലും തുടര്‍ന്നു. ആസ്‌ത്രേലിയക്കെതിരെ തുടരെ സെഞ്ച്വറി നേടിയ മുരളി വിജയ് തകര്‍പ്പന്‍ ഫോമിലാണ്. ടി20 ക്രിക്കറ്റ് സ്‌പെഷ്യലിസ്റ്റായ പേസ് ബൗളര്‍ ഡിര്‍ക് നാന്‍സ് ചെന്നൈയുടെ ആദ്യ ഇലവനില്‍ ഇടം നേടിയേക്കും. നാല് വിദേശികളെ മാത്രമേ അനുവദിക്കു എന്നതിനാല്‍ ബെന്‍ഹില്‍ഫെന്‍ഹോസും നാന്‍സും തമ്മില്‍ ലൈനപ്പില്‍ ഇടം നേടാന്‍ മത്സരമുണ്ടാകും.
ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡു പ്ലെസിസിന് പുറം വേദന അലട്ടുന്നതും ആള്‍ റൗണ്ടര്‍മാരായ ആല്‍ബി മോര്‍ക്കല്‍, ക്രിസ് മോറിസ് എന്നിവര്‍ക്ക് ആഭ്യന്തര ക്രിക്കറ്റില്‍ പങ്കെടുക്കേണ്ടതിനാല്‍ ആദ്യ രണ്ട് ഐ പി എല്‍ മത്സരത്തില്‍ പങ്കെടുക്കാനാകാത്തതും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്. ശ്രീലങ്കന്‍ സീമര്‍ നുവാന്‍ കുലശേഖര, ഓഫ് സ്പിന്നര്‍ അകില ധനഞ്ജയ എന്നിവരും ചെന്നൈ നിരയിലുണ്ട്. എന്നാല്‍, ഇവര്‍ക്ക് ഹോംഗ്രൗണ്ടില്‍ കളിക്കാന്‍ സാധിക്കില്ല. അതേ സമയം, മറ്റ് മത്സരങ്ങളില്‍ അവസരം നല്‍കുമോ എന്നതും സംശയമാണ്. ലങ്കന്‍ വിഷയം ഇവരെയാണ് കൂടുതല്‍ ബാധിക്കുക.

---- facebook comment plugin here -----

Latest