സേലത്ത് മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹം സംസ്‌കരിച്ചു

Posted on: April 6, 2013 10:10 am | Last updated: April 6, 2013 at 11:51 am
deepak
ദീപക്‌

കണ്ണൂര്‍:നാമക്കല്‍ ജ്ഞാമണി എന്‍ജിനീയറിംഗ് കോളേജില്‍ അപകടത്തില്‍ മരിച്ച തളിപ്പറമ്പ് സ്വദേശി ദീപക്കിന്റെ മൃതദേഹം സംസ്‌കരിച്ചു. പുലര്‍ച്ചെ രണ്ടു മണിയോടെ കണ്ണൂരിലെത്തിച്ച മൃതദേഹം രാവിലെയാണ് വീട്ടിലെത്തിച്ചത്. പൊതു ദര്‍ശനത്തിന് വെച്ച ശേഷം രാവിലെ 10 മണിക്കാണ് മൃതദേഹം സംസ്‌കരിച്ചത്. സംഭവത്തില്‍ കോളോജിലെ 9 വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി. കോളേജിലെ ഒന്നാംവര്‍ഷ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി തളിപ്പറമ്പ് സ്വദേശിയായ ദീപക് (20)ആണ് മരിച്ചത്്. ഇന്നലെ വൈകുന്നേരം 5.30 നായിരുന്നു സംഭവം. വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കൂട്ടുകാരനായ എറണാകുളം സ്വദേശി ദിനീഷ് ജോസഫിന്റെ ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്ന ദീപക്കിനെ പിന്നാലെയെത്തിയ സീനിയര്‍ വിദ്യാര്‍ഥികളുടെ കാര്‍ ഇടിച്ചിടുകയായിരുന്നു. ദിനീഷും ദീപക്കും സഞ്ചരിച്ചിരുന്ന ബൈക്ക് പ്രതികളുടെ കാറില്‍ തട്ടിയിരുന്നതായും ഇതുമായ ബന്ധപ്പെട്ട പ്രശ്‌നമാണ് സംഭവത്തിലേക്ക് നയിച്ചതെന്നും ദീപക്കിന്റെ സഹപാഠികളായ വിദ്യാര്‍ഥികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ദിനീഷ് കോയമ്പത്തൂരില്‍ ചികിത്സയിലാണ്. അതേസമയം കോളജ് അധികൃതരും പോലീസും കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ ദീപക്കിന്റെ മൃതദേഹം സൂക്ഷിച്ചിട്ടുള്ള ആശുപത്രിയില്‍ പ്രതിഷേധം നടത്തിയിരുന്നു.