അശോക് ഖേംകക്ക് വീണ്ടും സ്ഥാന ചലനം

Posted on: April 5, 2013 12:10 pm | Last updated: April 5, 2013 at 2:26 pm

ashokചാണ്ഡിഗഢ്: റോബര്‍ട്ട് വധേരയുടെ ഭൂമി ഇടപാടിലെ ക്രമക്കേടുകളെ സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ ഹരിയാനയിലെ മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ അശോക് ഖേംകക്ക് വീണ്ടും സ്ഥാന ചലനം. വെളിപ്പെടുത്തലുകള്‍ നടത്തി ആറ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് നടപടി. 21 വര്‍ഷത്തെ ഔദ്യോഗിക സേവനത്തിനിടെ 40 പ്രാവശ്യം ഖേംകക്ക് സ്ഥാന മാറ്റം ലഭിച്ചിട്ടുണ്ട്.നിലവില്‍ ഹരിയാന സീഡ്‌സ് ഡവലപ്‌മെന്റ് കോര്‍പറേഷന്റെ എം ഡി സ്ഥാനത്ത് നിന്ന് ഹരിയാന ആര്‍ക്കൈവ്‌സ് സെക്രട്ടറി സ്ഥാനത്തേക്കാണ് ഖേംകയെ മാറ്റിയത്. നടപടിക്കുള്ള കാരണമൊന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. നേരത്തെ കോര്‍പറേഷനിലെ ജീവനക്കാര്‍ക്കെതിരെയുള്ള അച്ചടക്ക നടപടിക്കെതിരെയും നിയമനത്തിനെതിരെയും ഖേംക ശബ്ദമുയര്‍ത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനായ വദേരയും റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡി എല്‍ എഫും തമ്മിലുള്ള ഭൂമി ഇടപാടില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടതിന് ശേഷമാണ് ലാന്‍ഡ് ഹോള്‍ഡിംഗ് ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡയറക്ടര്‍ ജനറല്‍ കം ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് രജിസ്‌ട്രേഷന്‍ സ്ഥാനത്ത് നിന്ന് സീഡ് ഡെവലപ്‌മെന്റ് കോര്‍പറേഷനിലേക്ക് ഖേംകയെ മാറ്റിയത്. ഖേംകയുടെ നടപടി രാഷ്ട്രീയപരമായി കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു.ഭൂമി ഇടപാട് റദ്ദാക്കിയതിന് ശേഷം ഭീഷണിപ്പെടുത്തുന്ന നിരവധി ഫോണ്‍വിളികള്‍ വന്നതായി ഖേംക ആരോപിച്ചിരുന്നു. ഭൂമി ഇടപാടിനെ സംബന്ധിച്ച് നാല് ഡെപ്യൂട്ടി കമ്മീഷണറുമാര്‍ അന്വേഷിക്കുകയും വദേരക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തിരുന്നു. യാതൊരു ക്രമക്കോടോ സര്‍ക്കാറിന് റവന്യൂ നഷ്ടമോ ഉണ്ടായിട്ടില്ലെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്.