എസ് എസ് എഫ് സമര ജാഗരണ യാത്ര ഇന്ന് ജില്ലയില്‍

Posted on: April 4, 2013 7:38 am | Last updated: April 4, 2013 at 7:38 am

ssf flag...മലപ്പുറം: എസ് എസ് എഫ് സമരജാഗരണ യാത്ര ഇന്ന് ജില്ലയില്‍ പ്രവേശിക്കും. ഈമാസം ഒന്നിന് തിരുവനന്തപുരത്ത് നിന്നും കാസര്‍കോഡ് നിന്നും ആരംഭിച്ച യാത്രകളാണ് ജില്ലയിലെത്തുന്നത്. ‘സമരമാണ് ജീവിതം’ എന്ന ശീര്‍ഷകത്തില്‍ ഏപ്രില്‍ 26, 27, 28 തിയ്യതികളില്‍ എറണാകുളം രിസാല സ്‌ക്വയറില്‍ നടക്കുന്ന എസ് എസ് എഫ് സംസ്ഥാന സമ്മേളന പ്രമേയ വിശദീകരണവും പ്രചരണവും ലക്ഷ്യമാക്കിയാണ് യാത്ര നടക്കുന്നത്.
ഇന്ന് മുതല്‍ ആറാംതീയതി വരെ ജില്ലയില്‍ പര്യടനം നടത്തുന്ന ജാഥക്ക് 12 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. ഇന്ന് രാവിലെ 10ന് വണ്ടൂരിലും 12ന് പാണ്ടിക്കാടും സ്വീകരണം നല്‍കും. സ്വീകരണയോഗം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹിമാന്‍ ഫൈസിയുടെ അധ്യക്ഷതയില്‍ കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമി ഉദ്ഘാടനം ചെയ്യും. അബ്ദുല്‍കലാം മാവൂര്‍ സന്ദേശ പ്രഭാഷണം നടത്തും.
എം കെ എം ബഷീര്‍ സഖാഫി പൂങ്ങോട്, എപി ബഷീര്‍ ചെല്ലക്കൊടി, അബ്ദുറഹിമാന്‍ സഖാഫി ചെബ്രശ്ശേരി, പി അബ്ദുനാസര്‍, അബ്ദുലതീഫ് സഅദി, ബികെ സുഹൈല്‍ സിദ്ദീഖി പ്രസംഗിക്കും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി തിരുവനന്തപുരം നെടുമങ്ങാട നിന്നും, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ അബ്ദുല്‍ കലാം കാസര്‍കോഡ് ബദിയടുക്കയില്‍ നിന്നും തുടങ്ങിയ യാത്ര 7ന് വൈകുന്നേരം ആറുമണിക്ക് കക്കാട് പ്രാസ്ഥാനിക സ്വീകരണ സമ്മേളനത്തോടെയാണ് സമാപിക്കുക.
അരീക്കോട്, നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി, മലപ്പുറം, പെരിന്തല്‍മണ്ണ, കോട്ടക്കല്‍, കുറ്റിപ്പുറം, പൊന്നാനി, തിരൂര്‍, കൊണ്ടോട്ടി, കക്കാട് എന്നീ കേന്ദ്രങ്ങളിലാണ് സ്വീകരണ സമ്മേളനങ്ങള്‍ നടക്കുക. സംസ്ഥാന സമ്മേളന സന്ദേശ സേനയായ ബ്ലൂ, ഗ്രീന്‍, വൈറ്റ് ഐ ടീം അംഗങ്ങളുടെ നേതൃത്വത്തില്‍ ജാഥയെ സ്വീകരിച്ച് റാലി നടക്കും.
വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രാസ്ഥാനിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ജാഥ നായകനെ യൂനിറ്റ് നേതാക്കള്‍ സമ്മേളന കിഴി ഏല്‍പിക്കും. യാത്ര കടന്നു പോകുന്ന വഴികളില്‍ അഭിവാദ്യറാലിയും സ്വീകരണവും നല്‍കും.