വെള്ളക്കരം നിശ്ചയിക്കാന്‍ റഗുലേറ്ററി അതോറിറ്റി

Posted on: April 2, 2013 6:00 am | Last updated: April 1, 2013 at 11:14 pm

DRINKING WATERതിരുവനന്തപുരം:വെള്ളക്കരം നിശ്ചയിക്കലും നിയന്ത്രണം ഉള്‍പ്പെടെയുള്ള അധികാരവും നല്‍കി പ്രത്യേക അതോറിറ്റി രൂപവത്കരിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന സംസ്ഥാന ജല വിഭവ റഗുലേറ്ററി അതോറിറ്റി ബില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്കു വിട്ടു. വെള്ളത്തിന്റെ താരിഫ് തീരുമാനിക്കുന്നത് റഗുലേറ്ററി അതോറിറ്റിയാകും. ഗാര്‍ഹികവും കാര്‍ഷികവും വ്യാവസായിക വുമായ ആവശ്യങ്ങള്‍ക്കും കുടിവെള്ളത്തിന്റെയും നിരക്ക് നിശ്ചയിക്കുന്നതിനൊപ്പം നിയന്ത്രണവും വിതരണവുമെല്ലാം അതോറിറ്റിയുടെ ഉത്തരവാദിത്വത്തിലാകും.ജലവിതരണത്തിന്റെ സുസ്ഥിരവും ശാസ്ത്രീയവുമായ പരിപാലനം ഉറപ്പാക്കാനും ജലമേഖലയിലെ ചെലവും വരുമാനവും ആനുകാലികമായി പുനരവലോകനം ചെയ്യാനും അതോറിറ്റിക്ക് അധികാരമുണ്ട്. തിരുവനന്തപുരം ആസ്ഥാനമായി വരുന്ന അതോറിറ്റിക്ക് ചെയര്‍മാന്‍ ഉള്‍പ്പെടെ മൂന്നംഗങ്ങളുണ്ടാകും.സര്‍ക്കാര്‍ സര്‍വീസില്‍ ചീഫ് എന്‍ജിനീയര്‍ പദവിയിലുള്ള ആളായിരിക്കും ചെയര്‍മാന്‍. അംഗങ്ങളിലൊരാള്‍ ജലവിഭവ എന്‍ജിനീയറിംഗ് മേഖലയിലെ വിദഗ്ധനും മറ്റേയാള്‍ സര്‍ക്കാര്‍ കോളജില്‍ പ്രൊഫസര്‍ പദവിയില്‍ താഴെയല്ലാത്ത ജലവിഭവ മേഖലയിലെ ഒരു വിദ്യാഭ്യാസ വിദഗ്ധനുമായിരിക്കും. അതോറിറ്റിക്ക് ആവശ്യമുള്ളപ്പോള്‍ നയപരമായ തീരുമാനം എടുക്കുന്നതിനു സഹായിക്കുന്നതിനായി എന്‍ജിനീയറിംഗ്, കൃഷി, കുടിവെള്ളം, വ്യവസായം, നിയമം, സാമ്പത്തികം, വാണിജ്യം, ധനം, മാനേജ്‌മെന്റ് എന്നീ മേഖലകളില്‍ വിദഗ്ധരെയോ സംസ്ഥാനത്തെ കര്‍ഷക സംഘടനകളിലെ അംഗങ്ങളേയോ പ്രത്യേക ക്ഷണിതാക്കളായി വിളിക്കാവുന്നതാണ്. അതോറിറ്റി ചെയര്‍മാനെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിനായി രൂപവത്കരിക്കുന്ന കമ്മിറ്റിയുടെ എക്‌സ് ഒഫിഷ്യോ ചെയര്‍മാന്‍ ചീഫ് സെക്രട്ടറിയായിരിക്കും. ധനകാര്യ സെക്രട്ടറി അംഗവും ജലവിഭവ വകുപ്പിന്റെയും കമാന്‍ഡ് ഏരിയാ വികസനത്തിന്റെയും സെക്രട്ടറി കണ്‍വീനറുമായിരിക്കും. അതോറിറ്റിയിലെ ഒഴിവുകള്‍ ആറ് മാസത്തിനകം നികത്തണം. അഞ്ച് വര്‍ഷമോ, 65 വയസ്സ് തികയുന്നതുവരേയോ ആയിരിക്കും അംഗമായി തുടരാനാകുക. വിവിധ വിഭാഗങ്ങളിലുള്ള ഉപയോക്താക്കളുടെ ജല ആവശ്യകത വാര്‍ഷിക അടിസ്ഥാനത്തിലോ കാലിക അടിസ്ഥാനത്തിലോ അതോറിറ്റി തീരുമാനിക്കും. പദ്ധതി മാനേജ്‌മെന്റിന്റെ ചെലവ് ഭരണനിര്‍വഹണം, പ്രവര്‍ത്തനവും കേടുപാടും തീര്‍ക്കല്‍ എന്നിവ അടിസ്ഥാനമാക്കി ഗുണഭോക്താക്കളുടെ അഭിപ്രായം തേടിയ ശേഷമായിരിക്കും വാട്ടര്‍ താരിഫ് സംവിധാനം സ്ഥാപിക്കുക.