മരണമുഖത്തു നിന്ന് അവര്‍ കൈതുഴഞ്ഞു, ജീവിതത്തിലേക്ക്

Posted on: April 1, 2013 6:40 am | Last updated: April 1, 2013 at 2:40 am

താനൂര്‍: 32 മണിക്കൂര്‍. ആഴക്കടലില്‍ മരണം കൈയെത്തും ദൂരത്തുണ്ടായിരുന്നു. എന്നിട്ടും പിടികൊടുക്കാതെ കനിയും ഭാസ്‌കരനും ജീവിതത്തിലേക്ക് നിറകണ്‍ചിരിയോടെ വന്നണഞ്ഞു. ആരുടെയൊക്കെയോ പ്രാര്‍ഥനകളുടെ പുണ്യം പോലെ. പിന്നെ മത്സ്യത്തൊഴിലാളികളായ രണ്ട് പേരുടെ കനിവും കരുതലും.

വെള്ളിയാഴ്ച 1.30ന് ‘അരുള്‍സീലി’ ഉരു ബേപ്പൂരില്‍ നിന്നും പുറപ്പെട്ട് 36 കിലോമീറ്ററോളം സഞ്ചരിച്ച ശേഷമാണ് കടല്‍ക്ഷോഭത്തില്‍ അടി ഭാഗത്തെ പലകകള്‍ തകരുന്നത്. ഭീതിയിലായ ജീവനക്കാര്‍ പത്ത് കിലോമീറ്ററോളം തിരികെ വരുന്നതിനിടെ ഉരു മുങ്ങി.
ലൈഫ് ബോട്ടില്‍ കയറി രക്ഷപ്പെടാനുള്ള എട്ട് പേരുടെ ശ്രമവും പരാജയപ്പെട്ടു. ചിതറിപ്പോയ ഇവരില്‍ ചിലരെ ശ്രദ്ധയില്‍പ്പെട്ട ബോട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് സ്ഥലത്തെത്തി മൂന്ന് പേരെ രക്ഷപ്പെടുത്തി. എല്ലാത്തിനും കനിയും ഭാസ്‌കരനും സാക്ഷികളായി. എന്നാല്‍ ഇവരെ കോസ്റ്റ് ഗാര്‍ഡ് കണ്ടില്ല. ജീവന്‍ കൈവിട്ടുപോകുകയാണെന്ന തോന്നല്‍. എങ്കിലും കിട്ടിയ പിടിവള്ളിയില്‍ ഒന്നര ദിവസം. എല്ലാം തീര്‍ന്നുപോകുകയാണെന്ന് തോന്നിയെങ്കിലും ദൈവം രക്ഷിക്കുമെന്ന വിശ്വാസം ഉണ്ടായിരുന്നെന്ന് കനി പറയുന്നു.
അവശതയും ദു:ഖവും കീഴടക്കിയെങ്കിലും പ്രതീക്ഷ കൈവിട്ടില്ല. ഇതിനിടെയാണ് മത്സ്യബന്ധനം നടത്തുകയായിരുന്ന കോര്‍മന്‍ കടപ്പുറത്തെ ബഷീര്‍, കോയമോന്‍ എന്നിവരുടെ ധീരമായ ഇടപെടല്‍ ഇവരെ ജീവിതത്തിലേക്ക് തിരികെ നടത്തിയത്. മത്സ്യത്തൊഴിലാളികളുടെ വള്ളത്തിലെ വലയില്‍ ഘടിപ്പിച്ച ചെറിയ ലൈറ്റിനോട് ചേര്‍ന്നാണ് കനിയും ഭാസ്‌കരനും എയര്‍ബലൂണില്‍ കിടന്നിരുന്നത്.
ഒടുവില്‍, മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് കൈനീട്ടിയ മത്സ്യത്തൊഴിലാളികളുടെ നന്മക്ക് നന്ദി പറയാന്‍ വാക്കുകളില്ലാതെയാണ് കനിയും ഭാസ്‌കരനും താനൂരില്‍ നിന്നും യാത്ര ചോദിച്ചത്. മൂന്ന് സഹപ്രവര്‍ത്തകര്‍ക്ക് ഒന്നും സംഭവിക്കരുതേ എന്ന പ്രാര്‍ഥനയുമായി.