ഷൊര്‍ണൂര്‍-കാരക്കാട് പാത ഇരട്ടിപ്പിക്കല്‍: കാത്തിരിക്കുന്നത് ഇരട്ടി യാത്രാദുരിതം

Posted on: April 1, 2013 2:28 am | Last updated: April 1, 2013 at 2:28 am
SHARE

rail trackകണ്ണൂര്‍: ഷൊര്‍ണൂര്‍-കാരക്കാട് പാതയിരട്ടിപ്പിക്കല്‍ തുടങ്ങുന്നതിന്റെ ഭാഗമായി 36 ട്രെയിനുകള്‍ റൂട്ട് മാറ്റിയോടുകയും റദ്ദാക്കുകയും ചെയ്യുന്നതോടെ വടക്കന്‍ കേരളത്തിലെ യാത്രാ ദുരിതം ഇരട്ടിക്കും. ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുന്ന സ്ഥലത്ത് നിന്ന് മറ്റ് സ്ഥലത്തേക്കെത്താന്‍ കെ എസ് ആര്‍ ടി സി പുതുതായി സര്‍വീസുകള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ഷൊര്‍ണൂര്‍-കാരക്കാട് പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി ഈ മാസം നാല് മുതല്‍ മെയ് ഒന്ന് വരെയുള്ള 28 ദിവസമാണ് ട്രെയിനുകള്‍ നിയന്ത്രണവിധേയമായി ഓടുന്നത്. പൊതുവെ യാത്രാദുരിതം അനുഭവപ്പെടുന്ന മലബാര്‍ മേഖലയില്‍ റെയില്‍വേയുടെ പുതിയ തീരുമാനം കൂടി വന്നതോടെ ആയിരക്കണക്കിന് ട്രെയിന്‍ യാത്രക്കാര്‍ മറ്റ് സംവിധാനം തേടേണ്ടി വരും.
ആലപ്പുഴ ധന്‍ബാദ് എക്‌സ്പ്രസ്, കൊച്ചുവേളി ഹൈദരബാദ് എക്‌സ്പ്രസ്, ഷൊര്‍ണൂര്‍ ഘൊരക്പൂര്‍-തിരുവനന്തപുരം എക്‌സ്പ്രസ്, തിരുവനന്തപുരം-കോര്‍ബ, ഇന്‍ഡോര്‍- തിരുവനന്തപുരം അഹല്യാ നഗര്‍, ബറൂണ്ടി-എറണാകുളം രപ്തിസാഗര്‍, തിരുവനന്തപുരം-പാലക്കാട് ടൗണ്‍ അമൃത എക്‌സ്പ്രസ്, തൃശൂര്‍- കോയമ്പത്തൂര്‍ എന്നീ ട്രെയിനുകള്‍ ഷൊര്‍ണൂരില്‍ പ്രവേശിക്കാതെ വടക്കാഞ്ചേരി വഴി ഒറ്റപ്പാലത്തേക്ക് പ്രവേശിക്കുകയാണ് ചെയ്യുക. ഇത് ഷൊര്‍ണൂരില്‍ എത്തേണ്ട യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നതിന് പുറമെ മലബാറില്‍ നിന്ന് ഈ ട്രെയിനുകളെ ആശ്രയിക്കുന്നവര്‍ വടക്കാഞ്ചേരിയിലോ ഒറ്റപ്പാലത്തോ എത്തേണ്ടിയും വരും.
ഷൊര്‍ണൂര്‍-നിലമ്പൂര്‍, ഷൊര്‍ണൂര്‍-അങ്ങാടിപ്പുറം എന്നീ ട്രെയിനുകള്‍ ഷൊര്‍ണൂര്‍ അങ്ങാടിപ്പുറം റൂട്ടില്‍ ഓടില്ല. കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ കോയമ്പത്തൂര്‍-പാലക്കാട് വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ. കോയമ്പത്തൂര്‍-മംഗഌരു ഫാസ്റ്റ് പാസഞ്ചര്‍, കോയമ്പത്തൂര്‍-കണ്ണൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ എന്നീ ട്രെയിനുകള്‍ കോയമ്പത്തൂര്‍ മുതല്‍ പാലക്കാട് വരെയും, പള്ളിപ്പുറം മുതല്‍ മംഗഌരു വരെയും മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ. ഈ ട്രെയിനിലെ യാത്രക്കാര്‍ക്ക് പള്ളിപ്പുറം മുതല്‍ പാലക്കാട് വരെ കെ എസ് ആര്‍ ടി സി ഏര്‍പ്പെടുത്തണം. അല്ലെങ്കില്‍ മംഗഌരുവില്‍ നിന്ന് കോയമ്പത്തൂര്‍ വരെ പോകേണ്ടവര്‍ ദുരിതത്തിലാകും.
ദീര്‍ഘദൂര ട്രെയിനുകളായ മംഗഌരു ജംഗ്ഷന്‍- നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്, തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്, തിരുവനന്തപുരം-കോഴിക്കോട് ജനശദാബ്ദി, ചെന്നൈ എഗ്‌മോര്‍ -മംഗഌരു എക്‌സ്പ്രസ്, തിരുവനന്തപുരം -നിലമ്പൂര്‍ രാജ്യറാണി എക്പ്രസ് എന്നീ ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കാനുള്ള തീരുമാനത്തില്‍ നിന്ന് റെയില്‍വേ പിന്‍മാറണം.
ഏറനാട്, എഗ്‌മോര്‍ ട്രെയിനുകള്‍ ഒരേ സമയത്ത് ഭാഗികമായി റദ്ദാക്കുന്നത് യാത്രക്കാരെ വല്ലാതെ ബുദ്ധിമുട്ടിലാക്കും. രണ്ട് ട്രെയിനുകളം രാവിലെ 6.50, 7.20 എന്നീ സമയത്ത് മംഗഌരുവില്‍ നിന്ന് പുറപ്പെടുന്നതാണ്. കോഴിക്കോട് വരെയുള്ള സീസണ്‍ ടിക്കറ്റുകാര്‍ ആശ്രയിക്കുന്ന ട്രെയിനുകളാണിവ. പരശുറാം, മംഗള, കുര്‍ള എന്നീ ട്രെയിനുകള്‍ കൂടുതല്‍ സമയമെടുത്ത് ഓടുന്നതു പോലെ ഈ ട്രെയിനുകളും അത്തരത്തില്‍ സംവിധാനം ഏര്‍പ്പെടുത്തി ഓടിക്കണമെന്നാണ് യാത്രക്കാരുടെ ശക്തമായ ആവശ്യം.