Connect with us

Kerala

തൊഴില്‍ ചൂഷണത്തിന് ഇരകളായി സെക്യൂരിറ്റി ജീവനക്കാര്‍

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്തെ സെക്യൂരിറ്റി ജീവനക്കാര്‍ തൊഴില്‍ ചൂഷണത്തിന് ഇരയാകുന്നു. അടിസ്ഥാന വേതനം നല്‍കാതെയും ആനുകൂല്യങ്ങള്‍ നിഷേധിച്ചുമാണ് security_guard_b_26-11-2012സെക്യൂരിറ്റി ഏജന്‍സികള്‍ ഗാര്‍ഡുമാരെക്കൊണ്ട് 12 മണിക്കൂര്‍ വരെ പണിയെടുപ്പിക്കുന്നത്.

സെക്യൂരിറ്റിക്കാരെ ജോലിക്ക് നിയോഗിക്കുന്ന അംഗീകൃതമായ 200ലേറെ ഏജന്‍സികളാണ് സംസ്ഥാനത്തുള്ളത്. ഇവയിലെല്ലാമായി 30,000ത്തിലേറെ പേര്‍ സെക്യൂരിറ്റി മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. എട്ട് മണിക്കൂര്‍ ജോലിക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന അടിസ്ഥാന വേതനം സായുധരല്ലാത്ത ഗാര്‍ഡുകള്‍ക്ക് 4274 രൂപയും സായുധരായ ഗാര്‍ഡുമാര്‍ക്ക് 5274 രൂപയുമാണ്.

എന്നാല്‍ ഈ വ്യവസ്ഥകള്‍ ഒന്നും ഏജന്‍സികള്‍ പാലിക്കുന്നില്ല. കാവലിന് ആളെ ആവശ്യപ്പെടുന്ന സ്ഥാപനങ്ങളില്‍ നിന്നും വാങ്ങുന്ന ശമ്പളത്തിന്റെ പകുതിപ്പോലും കാവല്‍ക്കാരന് ലഭിക്കുന്നില്ല. രണ്ടായിരം രൂപക്ക് ജോലി ചെയ്യുന്ന സെക്യൂരിറ്റിക്കാര്‍ നിരവധി പേരുണ്ട്. സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന പ്രൊവിഡന്റ് ഫണ്ട്, ഇ എസ് ഐ, സര്‍വീസ് വെയിറ്റേജ്, ക്ഷാമ ബത്ത എന്നിവ ഗാര്‍ഡുമാരില്‍ പകുതി പേര്‍ക്കും ലഭിക്കുന്നില്ല.—

ആനുക്യൂല്യങ്ങള്‍ നല്‍കാതിരിക്കാന്‍ വര്‍ഷാവര്‍ഷം കരാര്‍ പുതുക്കുമ്പോള്‍ ഗാര്‍ഡുമാര്‍ക്ക് പുതിയ എംപ്ലോയീസ് കോഡ് നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്. ഗാര്‍ഡുമാരെ നല്‍കുന്ന ഏജന്‍സികള്‍ക്ക് കേരള പോലീസ് ആക്ട് പ്രകാരം നിര്‍ബന്ധമാക്കിയിട്ടുള്ള രജിസ്‌ട്രേഷനും സുരക്ഷാ നടപടികളും പാലിക്കാതെ നൂറിലധികം സെക്യൂരിറ്റി ഏജന്‍സികളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.

കൃത്യമായ രജിസ്‌ട്രേഷന്‍ പാലിച്ചിരിക്കുന്നത് ആയിരത്തോളം തൊഴിലാളികള്‍ മാത്രമാണ്. സംസ്ഥാനത്തെ ജില്ലാ ലേബര്‍ ഓഫീസുകളില്‍ കുന്നുകൂടുന്ന പരാതികളില്‍ ഏറെയും സെക്യൂരിറ്റി സ്ഥാപനങ്ങളെക്കുറിച്ചാണ്.—മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ തൊഴില്‍ വകുപ്പിന്റെ ഇടപെടല്‍ ശക്തമാക്കണമെന്നാണ് ഈ മേഖലയിലെ തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.

Latest