മനുഷ്യര്‍ സോഷ്യല്‍ മീഡിയയുടെ കുരുക്കിലാകുന്ന കാലം

Posted on: April 1, 2013 1:54 am | Last updated: April 2, 2013 at 10:13 pm
SHARE

social media 2 മനുഷ്യന്റെ പ്രതികരണശേഷിയും അസ്ഥിത്വവും ഇല്ലാതാക്കിക്കൊണ്ടാണ് സോഷ്യല്‍ മീഡിയകളുടെ അതിപ്രസരം. സമൂഹത്തിന് ഇതിന്റെ ദൂഷ്യഫലങ്ങള്‍ക്കെതിരെ കരുതലുണ്ടാകേണ്ടതുണ്ട്. സ്മാര്‍ട്ട് ഫോണുകളും ലാപ്‌ടോപ്പുകളും ടാബ്‌ലെറ്റുകളും വ്യാപകമാകുകയും ഇന്റര്‍നെറ്റ് പാക്കേജുള്‍ സൗജന്യ നിരക്കില്‍ ലഭിക്കുകയും ചെയ്യുമ്പോള്‍ സമൂഹത്തിന്റെ, പ്രത്യേകിച്ച് യുവാക്കളുടെ വലിയൊരു സമയം ഇന്ന് സോഷ്യല്‍ മീഡിയാ പേജുകളില്‍ ചെലവഴിക്കപ്പെടുന്നു.

സോഷ്യല്‍ മീഡിയകള്‍ സൃഷ്ടിക്കുന്ന വിവരവിപ്ലവവും ഗുണവശങ്ങളും നിഷേധിക്കാനാകില്ല. എന്നാല്‍ അവയെ ഭൂരിഭാഗം പേരും ഉപയോഗപ്പെടുത്തുന്നത് ക്രിയാത്മകമായല്ല എന്നു മാത്രമല്ല, മണിക്കൂറുകള്‍ നശിപ്പിക്കുന്നതില്‍ പ്രധാന പങ്ക് അവക്കുണ്ട് താനും. പഴയ കാലങ്ങളില്‍ ആളുകള്‍ക്ക് കൂടുതല്‍ കാര്യങ്ങളില്‍ സമയം ചെലവഴിക്കേണ്ടതില്ലായിരുന്നു. അതിനാല്‍ സമയം കുറവാണ് എന്ന പരാതിയുമുണ്ടായില്ല. എന്നാല്‍ ഇന്ന് ജോലികളും ചുറ്റുപാടുകളും വര്‍ധിക്കുകയും സമയം കുറവാണ് എന്ന് വിലപിക്കുകയും ചെയ്യുന്ന കാലത്ത് പോലും ഇത്തരം സമയം കൊല്ലികളില്‍ രമിക്കുന്നതിന് ധാരാളം സമയം ചെലവഴിക്കപ്പെടന്നു എന്ന വിരോധാഭാസമാണ് പ്രകടമാകുന്നത്.
കുടുതല്‍ സമയം തൊഴിലിനും നിയന്ത്രിത സമയം വിനോദത്തിനും ചെലവഴിച്ചിരുന്ന രീതി മാറി ഇന്ന് കുറച്ച് സമയത്തെ തൊഴിലിനിടയിലും ധാരാളം സമയം ഇത്തരം വെബ്‌സൈറ്റുകളുടെയോ ആപ്ലിക്കേഷനുകളുടെയോ പിറകേ പോകുന്നിടത്തെത്തിയിരിക്കുന്നു. ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയും ആശയവിനിമയ സൗകര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്യുന്ന ഗൂഗിള്‍ ടോക്, ഫേസ്ബുക്ക്, വാട്‌സ് അപ്, ട്വിറ്റര്‍ എന്നിങ്ങനെ തുടങ്ങുന്നു സമയം കൊല്ലികളുടെ നിര. ഇവക്ക് പുറമെ യാഹൂ മെസ്സന്‍ജര്‍, ബൈലക്‌സ് തുടങ്ങിയ ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് സഹായിക്കുന്നവയും ധാരാളം. പല ചാറ്റ് മുറികളും ക്രിയാത്മകമായി ഉപയോഗപ്പെടുത്തപ്പെടുന്നു.

Facebook-Addictഎന്നാല്‍ ദുരുപയോഗവും നിഷ്‌ക്രിയമായ സമയം കൊല്ലലുമാണ് വ്യാപകം. സമയബോധമില്ലാതെ ഉപയോഗിക്കുന്നതിലൂടെ നമുക്ക് നഷ്ടമാകുന്നത് നിര്‍മാണാത്മകമായി ഉപയോഗിക്കേണ്ട സമയവും മനസ്സുമാണ്. ഇതില്‍ നിന്നും മനുഷ്യനെ പിന്തിരിപ്പിക്കുന്നതില്‍ സോഷ്യല്‍ മീഡിയകളുടെ പങ്ക് വലുതാണ്. ഇന്ന് സോഷ്യല്‍ മീഡിയകളുടെ ഉപയോഗം വ്യാപകമായിക്കൊണ്ടിരിക്കുന്നത് പ്രവാസികള്‍ക്കിടയിലാണ്. ജോലി സമയങ്ങളില്‍ പോലും കമന്റും ലൈക്കും ചാറ്റുമായി സമയങ്ങള്‍ നഷ്ടപ്പെടുന്നു. ഇത് കുറച്ച് കാലങ്ങള്‍ കഴിഞ്ഞാല്‍ വലിയ തൊഴില്‍ പ്രതിസന്ധികള്‍ക്ക് കാരണമാകും. ജോലിയില്‍ ശ്രദ്ധ കുറയുകയും സോഷ്യല്‍ മീഡിയാ വിനോദത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതോടെ തൊഴിലില്‍ നിഷ്‌ക്രിയത്വം ശീലമാകും. ഇത് വ്യക്തിപരമായ വലിയ നഷ്ടങ്ങളാകും ഭാവിയില്‍ സൃഷ്ടിക്കുക. സോഷ്യല്‍ മീഡിയകളുടെ ഉപയോഗത്തിന് അടിമകളായവര്‍ ഇതിന്റെ സുഗമമായ ഉപയോഗത്തിനായി വിലകൂടിയ മൊബൈലുകളും ടാബ്‌ലറ്റുകളും മറ്റ് ഉപകരണങ്ങളും വാങ്ങുന്നതിന് ശമ്പളത്തിന്റെ വലിയ ഒരു ഭാഗം ചെലവഴിക്കുന്നു. ഇന്റര്‍നെറ്റ് സേവനത്തിനായി സിം കമ്പനികള്‍ക്ക് നല്‍കേണ്ടി വരുന്നതും ശമ്പളത്തിന്റെ വലിയ ഒരു ഭാഗം തന്നെയാണ്.

എന്നാല്‍ ഇതിനെതിരെ പ്രവാസികള്‍ ഉണര്‍ന്നില്ലെങ്കില്‍ വലിയ രൂപത്തില്‍ വരും കാലങ്ങളില്‍ പ്രതിസന്ധികള്‍ അത് സൃഷ്ടിക്കും.