പ്രചാരണങ്ങളില്‍ ബി ജെ പിയുടെ പ്രഥമ ലക്ഷ്യം യഡിയൂരപ്പ

Posted on: April 1, 2013 5:24 am | Last updated: April 1, 2013 at 1:37 am

ബംഗളൂരു: മുന്‍മുഖ്യമന്ത്രിയും കെ ജെ പി നേതാവുമായ ബി എസ് യഡിയൂരപ്പയെ കടന്നാക്രമിച്ച് കൊണ്ടായിരിക്കും കര്‍ണാടക നിയസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പ്രചാരണത്തിന്റെ ആദ്യ ഘട്ടം ഉണ്ടാകുക. പ്രധാന എതിരാളിയായ കോണ്‍ഗ്രസിനെതിരെ വരിക പിന്നീടായിരിക്കും. യഡിയൂരപ്പ പുറത്തു പോയതോട് കൂടി ‘ശുദ്ധമായ’ പാര്‍ട്ടിയെന്ന പ്രതിച്ഛായയാണ് പ്രചാരണ രംഗത്ത് ബി ജെ പി അവതരിപ്പിക്കുക. ദക്ഷിണേന്ത്യയിലെ ആദ്യ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ കാരണക്കാരന്‍ എന്ന ഖ്യാതി യഡിയൂരപ്പക്ക് നല്‍കുമെങ്കിലും അഴിമതിയില്‍ മുങ്ങിക്കുളിച്ചുവെന്നതാണ് ബി ജെ പി എടുത്തുകാട്ടുക.
സ്ഥാനാര്‍ഥിപ്പട്ടികക്ക് അന്തിമ രൂപം നല്‍കാന്‍ സാധിക്കാത്തതിനും യഡിയൂരപ്പയെയാണ് ബി ജെ പി കുറ്റപ്പെടുത്തുന്നത്. പരസ്പരം കലഹിക്കുന്ന വീട് പോലെയാണ് ബി ജെ പിയെങ്കിലും യഡിയൂരപ്പയെ ആക്രമിക്കുന്നതില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. നാല് പതിറ്റാണ്ടോളം പാര്‍ട്ടിയില്‍ സജീവ സാന്നിധ്യം വഹിച്ച ഒരാളാണ് ഇന്ന് കര്‍ണാടക ബി ജെ പിയുടെ വലിയ ശത്രുവും.
ഈയടുത്ത് നടന്ന നഗര പ്രാദേശിക സമിതികളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ജനതാദള്‍ എസുമായി പല സീറ്റുകളും പങ്ക് വെക്കേണ്ടിവന്ന ഗതികേടുണ്ടായത് കെ ജെ പി കാരണമാണെന്നും ബി ജെ പിയെ നശിപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണ് യഡിയൂരപ്പക്കുള്ളതെന്നും നേതാക്കള്‍ ആരോപിക്കുന്നു. സ്വതന്ത്ര രാഷ്ട്രീയ അസ്തിത്വമായി നില്‍ക്കുന്നതില്‍ കെ ജെ പി പരാജയപ്പെട്ടതായും നേതാക്കള്‍ വിമര്‍ശിക്കുന്നു. യഡിയൂരപ്പയുടെ കാലത്ത് നടന്ന അഴിമതിക്കഥകളെ സംബന്ധിച്ച് മാത്രമാണ് പൊതുപരിപാടികളില്‍ ബി ജെ പി നേതാക്കള്‍ പറയുന്നത്. അതേസമയം, ഡി വി സദാനന്ദ ഗൗഡ, ജഗദീഷ് ഷെട്ടര്‍ സര്‍ക്കാറുകളെ അഴിമതിമുക്തമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. തനിക്കെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ സി ബി ഐയില്‍ നിന്ന് രക്ഷപ്പെടാന്‍ കോണ്‍ഗ്രസിനെ സഹായിക്കുകയാണ് യഡിയൂരപ്പയെന്ന് ബി ജെ പിയുടെ പുതിയ സംസ്ഥാന പ്രസിഡന്റ് പ്രഹ്ലാദ് ജോഷി ആരോപിക്കുന്നു. യഡിയൂരപ്പയെ വിമര്‍ശിക്കുന്നതുമായി തുലനം ചെയ്യുമ്പോള്‍ കോണ്‍ഗ്രസിനെ ബി ജെ പി ആക്രമിക്കുന്നത് തുലോം തുച്ഛമാണ്.
അതേസമയം, യഡിയൂരപ്പയും അനുയായികളും ശക്തമായ പ്രത്യാക്രമണം നടത്തുന്നുമുണ്ട്. ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പ, ബി ജെ പി ജനറല്‍ സെക്രട്ടറി എച്ച് എന്‍ ആനന്ദ് കുമാര്‍, മുന്‍മുഖ്യമന്ത്രി ഡി വി സദാനന്ദ ഗൗഡ എന്നിവരെ ലക്ഷ്യംവെച്ചാണ് കെ ജെ പി നേതാക്കള്‍ നീങ്ങുന്നത്. അഴിമതിയുടെ ചങ്ങാതിക്കൂട്ടത്തിലാണ് പ്രഹ്ലാദ് ജോഷിയെന്നും കെ ജെ പി ആരോപിക്കുന്നു. സദാനന്ദ ഗൗഡക്ക് എതിരെ യഡിയൂരപ്പയുടെ അനുയായിയും മുന്‍ എക്‌സൈസ് മന്ത്രിയുമായ രേണുകാചാര്യ നടത്തിയ അഴിമതിയാരോപണവും കെ ജെ പി മുതലാക്കുന്നുണ്ട്. ഈ ആരോപണത്തെ തുടര്‍ന്ന് രേണുകാചാര്യയെ ബി ജെ പിയില്‍ നിന്നും മന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു. രേണുകാചാര്യ ഇപ്പോള്‍ കെ ജെ പിയില്‍ ചേര്‍ന്നിട്ടുണ്ട്.