വാഹന ഇന്‍ഷൂറന്‍സ് തുക ഇന്ന് മുതല്‍ വര്‍ധിക്കും

Posted on: April 1, 2013 1:00 am | Last updated: April 1, 2013 at 2:03 am
SHARE

കോഴിക്കോട്: തേര്‍ഡ് പാര്‍ട്ടി വാഹന ഇന്‍ഷൂറന്‍സ് പ്രീമിയം നിരക്കില്‍ ഇന്ന് മുതല്‍ വര്‍ധന. വിവിധ തരത്തിലുള്ള വാഹനങ്ങള്‍ക്ക് 20 ശതമാനം വരെയാണ് വര്‍ധിക്കുന്നത്. പണപ്പെരുപ്പത്തിന്റെയും മുന്‍കാല ക്ലെയിം സെറ്റില്‍മെന്റുകളും കണക്കിലെടുത്താണ് വര്‍ധന. 2012 മാര്‍ച്ചിലാണ് ഇതിന് മുമ്പ് പ്രീമിയം കൂട്ടിയത്.
പുതിയ നിരക്കനുസരിച്ച് ആയിരം സി സി വരെയുള്ള സ്വകാര്യ വാഹനങ്ങള്‍ക്ക് വാര്‍ഷിക പ്രീമിയം 784 രൂപയില്‍ നിന്ന് 941 ആയും 1000 – 1500 സി സി വരെ 925ല്‍ നിന്ന് 1110 രൂപയായും 1500 സി സിക്ക് മുകളില്‍ 2853ല്‍ നിന്ന് 3424 രൂപയായും വര്‍ധിക്കും.
75 സി സി വരെയുള്ള വാഹനങ്ങളുടെ വാര്‍ഷിക പ്രീമിയം 350 രൂപയില്‍ നിന്ന് 414 രൂപയായി ഉയരും. 75-150 സി സിക്ക് 357ല്‍ നിന്ന് 422 ആയും 150-350 സി സി വരെ 355ല്‍ നിന്ന് 420 ആയും 350 സി സിക്ക് മുകളില്‍ 680ല്‍ നിന്ന് 804 ആയും ഉയരും.