ഉരു കണ്ടെത്തി; കാണാതായവരെ കുറിച്ച് വിവരമില്ല

Posted on: March 31, 2013 10:13 pm | Last updated: March 31, 2013 at 10:13 pm
SHARE

മലപ്പുറം: കഴിഞ്ഞ ദിവസം ബേപ്പൂരില്‍ നിന്നും ലക്ഷദ്വീപിലേക്ക് പോകുന്നതിനിടെ നടുക്കടലില്‍ മുങ്ങിയ ഉരു കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തി. പൊന്നാനി തീരത്ത് നിന്നും 24 നോട്ടിക്കല്‍ മൈല്‍ അകലെ നടുക്കടലിലാണ് അരുള്‍സീലി എന്ന ഉരു കണ്ടെത്തിയത്. ഉരുവിലുണ്ടായിരുന്ന സാധനസാമഗ്രികള്‍ ഒഴുകിനടക്കുന്ന നിലയിലായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് 80 ശതമാനത്തോളം കടലില്‍ മുങ്ങിയ നിലയില്‍ ഉരു കണ്ടെത്തിയതായി കോസ്റ്റ് ഗാര്‍ഡിന് വിവരം ലഭിച്ചത്. മത്സ്യബന്ധന ബോട്ടുകളാണ് വിവരം കോസ്റ്റ് ഗാര്‍ഡിന് കൈമാറിയത്. തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയ ഉരു ബേപ്പൂരില്‍നിന്നും പോയ ഉരുവാണെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ ഉരുവില്‍ അവശേഷിക്കുന്ന മൂന്നുപേരെക്കുറിച്ച് വിവരമൊന്നുമില്ല. നേരത്തെ ഉരുവില്‍ നിന്നും രക്ഷപ്പെടുത്തിയ അഞ്ചുപേരില്‍ രണ്ടുപേരെ കോഴിക്കോട് ചെറുവണ്ണൂര്‍ ആശുപത്രിയിലും ബാക്കി മൂന്നുപേരെ താനൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ലക്ഷദ്വീപിലേക്ക് സിമന്റും പച്ചക്കറികളും ഒമ്പതോളം പശുക്കളുമായി പോയ ഉരുവാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടത്.