Connect with us

Kerala

തിരുകേശ വിവാദം;ലക്ഷ്യം രാഷ്ട്രീയ നേട്ടം:ഐഎന്‍എല്‍

Published

|

Last Updated

മലപ്പുറം: തിരു കേശത്തിനെതിരെ ഇ കെ സമസ്ത ഉയര്‍ത്തുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്ന് ഐ എന്‍ എല്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പായി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ഇ കെ സമസ്തയുടെ സംസ്ഥാന വൈസ് പ്രസിഡന്റുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കാന്തപുരം നിര്‍മിക്കുന്ന പള്ളിക്ക് ഫണ്ട് നല്‍കിയതാണ്.
കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കളും സംഭാവന നല്‍കിയിട്ടുണ്ട്. അന്നൊന്നും ഇ കെ വിഭാഗം നേതാക്കള്‍ എതിരഭിപ്രായം പറഞ്ഞില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വിവാദമുണ്ടാക്കി രംഗത്ത് വന്ന സമസ്ത നേതാക്കള്‍ മുന്‍ കാലങ്ങളില്‍ ചെയ്യാറുള്ളത് പോലെ ലീഗിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിക്കൊടുക്കാനുള്ള ഉപകരണമായി അധ:പതിക്കുകയാണ് ചെയ്തത്.
സുന്നി വിഭാഗങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ട വിഷയം പൊതുസമൂഹത്തിനിടയിലേക്ക് വലിച്ചിഴച്ച ഇ കെ വിഭാഗം സമസ്തയുടെ നിലപാട് തരം താഴ്ന്നതാണ്.
യു ഡി എഫ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ലീഗിന്റെ അറിവോടും സമ്മതത്തോടും കൂടിയാണെന്നിരിക്കെ ഇവരുടെ സമരം പരിഹാസ്യമാണ്.
വിഷയം വലിച്ചിഴച്ച് സമൂഹത്തെ കബളിപ്പിക്കുന്ന നിലപാടില്‍ നിന്ന് ഇ കെ സമസ്തയും മുസ്‌ലിം ലീഗും പിന്‍മാറണമെന്നും സംസ്ഥാന സെക്രട്ടറി കെ പി ഇസ്മാഈല്‍, മലപ്പുറം ജില്ലാ സെക്രട്ടറി സി എച്ച് മുസ്തഫ, ട്രഷറര്‍ ഒ എം ജബ്ബാര്‍ ഹാജി, സെക്രട്ടറി ടി സമദ്, സാലിഹ് മേടപ്പില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Latest