Connect with us

Malappuram

കൊണ്ടോട്ടി മേഖലയില്‍ പ്രതിവര്‍ഷം 20 ജീവനുകള്‍ വാഹനാപകടത്തില്‍ പൊലിയുന്നു

Published

|

Last Updated

കൊണ്ടോട്ടി: കൊണ്ടോട്ടി മേഖലയില്‍ ഒരു വര്‍ഷം ശരാശരി ഇരുപത് പേര്‍ വാഹനാപകടങ്ങളില്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്. കൊണ്ടോട്ടി പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ കണക്ക്.
ഇരു ചക്ര വാഹനങ്ങളാണ് ഏറ്റവും കൂടുതല്‍ അപകടങ്ങളുണ്ടാക്കുന്നതും അപകടങ്ങളില്‍ പെടുന്നതും.അനിയന്ത്രിത വേഗതയില്‍ വാഹനമോടിക്കുക,രണ്ടിലധികം പേരുമായി വാഹനമോടിക്കുക, തെറ്റായ വശത്തുകൂടി വാഹനമോടിക്കുക, ലൈസന്‍സില്ലാത്ത വിദ്യാര്‍ഥികള്‍ പോലും വാഹനമോടിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇരു ചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടാന്‍ കാരണമാകുന്നത്.
16 വയസ്സുള്ള വിദ്യാര്‍ഥി ബൈക്ക് ഓടിച്ച് കാല്‍ നടയാത്രക്കാരന്‍ മരിക്കുകയും കുറ്റം ഏല്‍ക്കാന്‍ ലൈസന്‍സുള്ള ആള്‍ പോലീസ് സ്‌റ്റേഷനിലെത്തുകയും ഇയാള്‍ക്കെതിരെ ആള്‍മാറാട്ടത്തിനും ബൈക്ക് ഓടിച്ച വിദ്യാര്‍ഥിക്കെതിരെയും കേസെടുക്കുകയും ചെയ്തിരുന്നു. ബൈ പാസില്‍ ഒരു ബൈക്കില്‍ സഞ്ചരിച്ച നാല് യുവാക്കളും എതിരെ വന്ന ബസിടിച്ച് മരിക്കുകയുണ്ടായി.
ഒരാഴ്ച മുമ്പും നെടിയിരുപ്പില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് തുവ്വൂര്‍ സ്വദേശിയായ 18 കാരന്‍ മരിച്ചിരുന്നു.മദ്യപിച്ച് വാഹനമോടിക്കുന്നതും അപകട മരണങ്ങള്‍ക്ക് കാരണമാകുകയാണ്. മദ്യപിച്ച് വാഹനമോടിച്ചവരുടെ കാര്‍ അപകടത്തില്‍ പെട്ട് നാലു യുവാക്കള്‍ മരിച്ചതും മരണ സംഖ്യ കൂട്ടാനിടയാക്കി. ബസുകളുടെ അമിത വേഗതയാണ് അപകട മരണങ്ങള്‍ക്ക് മറ്റൊരു കാരണം.വാഹനങ്ങള്‍ മറിഞ്ഞും മറ്റുമുണ്ടാകുന്ന അപകടങ്ങള്‍ അപൂര്‍വമായേ ഇവിടെ സംഭവിക്കാറുള്ളൂ.