പ്രഖ്യാപനം കാത്ത് അത്യുത്പാദന ശേഷിയുള്ള പതിനഞ്ചിനം വിളകള്‍

Posted on: March 31, 2013 11:56 am | Last updated: March 31, 2013 at 11:56 am
SHARE

coconut-tree-laguna-de-apoyo-lago-de-apoyo

തൃശൂര്‍: മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല വിവിധ വിളകളുടെ 15 പുതിയ ഇനങ്ങള്‍ വികസിപ്പിച്ചെടുത്തു. നെല്ല്, തെങ്ങ്, മുളക്, അശോകം, തക്കാളി എന്നിവയില്‍ രണ്ടും, പടവലം, മുളക്, പയര്‍, റൈസ് ബീന്‍, ഇഞ്ചി എന്നിവയില്‍ ഒന്നും വീതം ഇനങ്ങളാണ്കൃഷിയിടങ്ങളിലേക്കെത്താന്‍ ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കുന്നത്. സംസ്ഥാന തലസമിതിയുടെ തീരുമാനം വന്നാല്‍ പുതിയ 15 വിത്തിനങ്ങള്‍ പുറത്തിറക്കുന്ന ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

ഇപ്പോള്‍ തയ്യാറായിരിക്കുന്ന ഇനങ്ങളില്‍ ജൈവ, ഏഴോം-3എന്നീ നെല്ലിനങ്ങള്‍ വടക്കന്‍ കേരളത്തിലെ കൃഷിക്കുവേണ്ടിയുള്ളവയാണ്. ഇതില്‍ ജൈവ വെള്ളരിയും ഏഴോം ചുവന്ന അരിയും ഉണ്ട്. പടന്നക്കാട് കാര്‍ഷിക കോളജിലാണ് ഇവ വികസിപ്പിച്ചത്. പീലിക്കോട് കേന്ദ്രത്തില്‍ വികസിപ്പിച്ച കേരമധുര ഇളനീരിനു പറ്റിയ കുറിയ തെങ്ങിനവും കേരസൗഭാഗ്യ ഉയര്‍ന്ന ഉത്പാദനക്ഷമതയും എണ്ണ അംശമുള്ളതെങ്ങിനവും ആണ്. പന്നിയൂര്‍ -8 എന്ന കുരുമുളകിനം ദ്രുതവാട്ടത്തെയും വരള്‍ച്ചയേയും പ്രതിരോധിക്കാന്‍ കഴിവുള്ളതും വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളജില്‍ വികസിപ്പിച്ച വിജയ് ഉയര്‍ന്ന ഉത്പാദനക്ഷമതയും വലിയമണികളോടു കൂടിയതുമാണ്. ഏറെ വലിപ്പവും മണവും ഉള്ള ഇഞ്ചിയിനമാണ് വെള്ളാനിക്കരയില്‍ നിന്ന് ഉത്ഭവിച്ച അശ്വതി. എരിവും മണവുമേറെയുള്ള വെള്ളായണി തേജസ് തണലിലും വളരുന്ന മുളകിനമാണ്.കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ച വലിയ ഓവല്‍ പഴങ്ങള്‍ നല്‍കുന്നമനുലക്ഷ്മി എന്ന തക്കാളി ഇനംബാക്ടീരിയ ബാധയെ ചെറുക്കാന്‍ കഴിവുള്ളതാണെന്നും അധികൃതര്‍ അവകാശപ്പെടുന്നു.
ഇതുവരെ കാര്‍ഷിക സര്‍വകലാശാല 271 ഇനം വിത്തിനങ്ങളാണ് പുറത്തിറക്കിയിട്ടുള്ളതെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി രാജേന്ദ്രന്‍ പറഞ്ഞു. നെല്ലില്‍ നൂറ്റിപ്പതിനൊന്നും കശുമാവില്‍ പതിനാറും തെങ്ങില്‍ അഞ്ചും വിവിധപച്ചക്കറികളിലായി എഴുപതിലധികവും ഉള്‍പ്പെടെ എല്ലാ വിളകളിലും പുതിയ ഇനങ്ങള്‍ സര്‍വകലാശാലഉരുത്തിരിച്ചെടുത്തിട്ടുണ്ട്.
ഓരോ വിത്തിനത്തിനും തനതായ പ്രത്യേകതകളും സ്വഭാവ സവിശേഷതകളും ഉണ്ടാകും. സംസ്ഥാനത്തെ വിവിധ കാര്‍ഷിക മേഖലകള്‍ക്കും മണ്ണിനും അനുയോജ്യമായ വിവിധ ഇനങ്ങളാണ് സര്‍വകലാശാല വികസിപ്പിച്ചിട്ടുളത്. ഒരു ഇനം ഉരുത്തിരിച്ചെടുക്കാന്‍ കുറഞ്ഞത്ആറേഴ് വര്‍ഷങ്ങളുടെ കഠിനപ്രയത്‌നം ആവശ്യമാണ്.
പുതിയ വിത്തിനം വികസിപ്പിച്ചതായി കണ്ടാല്‍ ഗുണ നിലവാരവും ജനിതക ശുദ്ധിയും പ്രത്യേകതകളും വിശദമായി പരിശോധിക്കുകയും കൃഷിയിടങ്ങളില്‍ അതിന്റെ ഫലപ്രാപ്തി വിലയിരുത്തുകയും ചെയ്തതിനുശേഷമാണ് കലാശാലാതല സമിതിയുടെ മുന്നില്‍ അതെത്തുന്നത്. സമിതി വിദഗ്ധ പരിശോധനക്ക് ശേഷമേ ഔദ്യോഗികമായി പുറത്തിറക്കുകയുള്ളൂ. കാര്‍ഷികോത്പാദന കമ്മീഷണര്‍ അധ്യക്ഷനായുള്ള സംസ്ഥാന തലസമിതിയാണ് ഔദ്യോഗിക പ്രഖ്യാപനത്തിനനുമതി നല്‍കേണ്ടത്.