രോഗിയായ യാത്രക്കാരനെ ബസില്‍ നിന്ന് തള്ളിയിട്ടതായി പരാതി

Posted on: March 31, 2013 8:17 am | Last updated: March 31, 2013 at 8:17 am
SHARE

കുറ്റിയാടി: ചികിത്സക്കായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന രോഗിയായ യാത്രക്കാരനെ ബസില്‍ നിന്നും തള്ളി താഴെയിട്ടതായി പരാതി. തീക്കുനിയിലെ ചെട്ട്യാംകണ്ടി കണാരന്‍ (55)നെയാണ് ആയഞ്ചേരി- വടകര- കുറ്റിയാടി റൂട്ടിലോടുന്ന പ്രവീണ്‍ ബസില്‍ നിന്ന് ജീവനക്കാര്‍ പിടിച്ചു തള്ളിയത്. പരുക്കേറ്റ കണാരനെ കുറ്റിയാടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വടകരയില്‍ നിന്നും കുറ്റിയാടിയിലേക്ക് പോകുകയായിരുന്ന ബസ് ഉച്ചക്ക് തീക്കുനി ബൈപാസിലെത്തിയപ്പോഴാണ് ഹൃദ്‌രോഗിയായ തന്നെ ജീവനക്കാര്‍ തള്ളിയതെന്ന് കണാരന്‍ പരാതിയില്‍ പറയുന്നു. എല്ലാ ബസുകളും തീക്കുനി ടൗണില്‍ യാത്രക്കാരെ ഇറക്കിയും കയറ്റിയും പോകാറാണ് പതിവ്. തീക്കുനി ടൗണിലേക്ക് പോകണമെന്ന് പറഞ്ഞതിനാണ് തന്നെ വഴിയില്‍ തള്ളിയതെന്ന് കണാരന്‍ പറഞ്ഞു. മുന്നില്‍ ഓടുന്ന കെ എസ് ആര്‍ ടി സി ബസിനെ മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബസ് ബൈപ്പാസില്‍ നിര്‍ത്തിതെന്ന് യാത്രക്കാര്‍ ആരോപിച്ചു.
ബസ് കുറ്റിയാടി പോലീസ് കസ്റ്റഡിയിലെടുത്ത് കേസ് റജിസ്റ്റര്‍ ചെയ്തു.