ചെന്നിത്തലയുടെ കേരളയാത്രക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Posted on: March 31, 2013 7:03 am | Last updated: March 31, 2013 at 7:03 am
SHARE

chennithalaകാസര്‍കോട്: കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡി സി സി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഏപ്രില്‍ 18ന് മഞ്ചേശ്വരത്തുനിന്നും ആരംഭിക്കുന്ന കേരളയാത്ര മെയ് 18ന് തിരുവനന്തപുരത്ത് സമാപിക്കും. കേരളയാത്രയുടെ ഉദ്ഘാടന പരിപാടിയും ജില്ലയിലെ പര്യടനവും ചരിത്രസംഭവമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പ്രവര്‍ത്തകര്‍. ലോകസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടക്കുന്ന യാത്രയില്‍ ഫാസിസ്റ്റ് വര്‍ഗീയ ശക്തികളുടെ ചെറുത്ത് നില്‍പ്പും പ്രതിപാദ്യ വിഷയമാകും. യാത്രയില്‍ സി പി എമ്മിന്റെ അക്രമ രാഷ്ട്രീയത്തെയും തെറ്റായ നയങ്ങളേയും ജനാധിപത്യ വിരുദ്ധപ്രവര്‍ത്തനങ്ങളും ജനങ്ങള്‍ക്കുമുന്നില്‍ വിശദമാക്കും. എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ രാഷ്ട്രീയപരമായ അതിപ്രസരം ഉണ്ടാകരുത്. ഇതു പ്രശ്‌ന പരിഹാരത്തിന് തടസ്സമാകും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സമരസമിതി ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് അനുകൂല നടപടിയെടുത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും യു ഡി എഫ് സര്‍ക്കാരിനേയും ഭാരവാഹികള്‍ അഭിനന്ദിച്ചു. പ്രഭാകരന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന് ആസൂത്രണ വകുപ്പിന്റെ അംഗീകാരം ലഭിച്ചത് ജില്ലയ്ക്ക് ഏറെ അഭിമാനിക്കാവുന്നതാണ്. അഞ്ചുവര്‍ഷം കൊണ്ട് നടപ്പിലാക്കുന്ന വിവിധ പദ്ധതിയുടെ ഫലമായി ജില്ലയില്‍ വന്‍ മുന്നേറ്റമുണ്ടാകുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
കെ പി സി സിയുടെ ഫണ്ട് സമാഹരണവും യാത്രയോടൊപ്പം നടക്കും. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍വെച്ച് ഫണ്ട് കെ പി സി സി പ്രസിഡന്റ് ഏറ്റുവാങ്ങുക. ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകളില്‍നിന്ന് 15,000 രൂപ വീതവും മുന്‍സിപ്പാലിറ്റി വാര്‍ഡുകളില്‍നിന്ന് 20,000 രൂപയുമായിരിക്കും ശേഖരിക്കുക.
പത്രസമ്മേളനത്തില്‍ ഡി സി സി പ്രസിഡന്റ് അഡ്വ. സി കെ ശ്രീധരന്‍, വൈസ് പ്രസിഡന്റ് പി എ അഷ്‌റഫലി, ബാലകൃഷ്ണ വോര്‍കുഡ്‌ലു, പി കെ ഫൈസല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.