പാളയംകുന്നില്‍ യുവാവിനെ വധിച്ച സംഭവം: എട്ടുപേര്‍ അറസ്റ്റില്‍

Posted on: March 31, 2013 6:52 am | Last updated: March 31, 2013 at 6:52 am
SHARE

culpritവര്‍ക്കല: പാളയംകുന്ന് ജനതാ ജംഗ്ഷനില്‍ വണ്ടിപ്പുരയ്ക്ക് സമീപം യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ എട്ടുപേരെ വര്‍ക്കല പോലീസ് അറസ്റ്റുചെയ്തു. വണ്ടിപ്പുര ജനതാ ജംഗ്ഷനില്‍ പുത്തന്‍വിള കൊച്ചുവീട്ടില്‍ വലിയതമ്പി എന്നുവിളിക്കുന്ന ഷിജു (28), ഷിജുവിന്റെ അനുജന്‍ കൊച്ചുതമ്പി എന്ന ഷിജി (25), പാളയംകുന്ന് കോവൂര്‍ സ്വദേശികളായ കുന്നുവിള ഷെരീഫ മന്‍സിലില്‍ തക്കുടു എന്ന മുനീര്‍ (24), കൊച്ചുപൊയ്ക വീട്ടില്‍ അപ്പി എന്ന പ്രദീപ് (32), വണ്ടിപ്പുര ചരുവിള വീട്ടില്‍ അനീഷ് (23), വലിയപൊയ്ക ചരുവിള വീട്ടില്‍ ബിനു എന്ന സുനില്‍കുമാര്‍ (23), കുന്നുവിള, കൊച്ചുപൊയ്ക വീട്ടില്‍ ഷിജു (23), കുന്നുവിവിള വീട്ടില്‍ അജിത്ത് (21) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായവര്‍ യഥാക്രമം ഒന്ന്, രണ്ട്, നാല്, ആറ്, ഏഴ്, എട്ട്, ഒന്‍പത്, 10 പ്രതികളാണ്. മൂന്നാം പ്രതിയും അഞ്ചാം പ്രതിയും ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തി.
പാളയംകുന്ന് ജനതാ ജംഗ്ഷനില്‍ ഷിമ്മി നിവാസില്‍ ഷിബു (30) വിനെയാണ് മാരകായുധങ്ങളുപയോഗിച്ച് സംഘം കൊലപ്പെടുത്തിയത്. കഴിഞ്ഞ 27ന് രാത്രി ഒന്‍പത് മണിയോടെ വണ്ടിപ്പുരയ്ക്ക് സമീപമാണ് സംഭവം. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കൊല ചെയ്യപ്പെട്ട ഷിബുവും ഇയാളുടെ അനുജന്‍ ഷമ്മിയും സംഭവ ദിവസം രാത്രി വീടിന്റെ ടെറസില്‍ കിടക്കുകയായിരുന്നു. മറ്റൊരു കേസില്‍ ഒളിവിലായിരുന്ന ഷിബു തിരിച്ചെത്തിയതറിഞ്ഞ പ്രതികള്‍ മദ്യപിച്ചശേഷം മാരകായുധങ്ങളുമായി ടെറസിലെത്തി ആക്രമണത്തിന് ഒരുമ്പെട്ടു.
ഇതിനിടെ ഷിബുവിന്റെ അനുജന്‍ ഷിമ്മി അക്രമികളെ പ്രതിരോധിക്കുന്ന തക്കം നോക്കി ഷിബു ടെറസില്‍ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഷിബുവിനെ പിന്‍തുടര്‍ന്നെത്തിയ സംഘം ഉദ്ദേശം 200 മീറ്റര്‍ മാറി രണ്ടു വീടുകള്‍ക്കിടയില്‍ അടിതെറ്റി വീണ ഷിബുവിനെ വെട്ടുകത്തി, കമ്പി, കുറുവടി തുടങ്ങിയ ആയുധങ്ങളുപയോഗിച്ച് മൃഗീയമായി മര്‍ദിച്ചു. തുടര്‍ന്ന് സമീപത്തെ അസ്ഥിത്തറ ഇളക്കി സിമന്റ് കല്‍പാളിയെടുത്ത് ഷിബുവിന്റെ തലയ്ക്കടിച്ച് മരണം ഉറപ്പാക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയോട്ടി പൊട്ടിപ്പിളര്‍ന്ന നിലയിലായിരുന്നു. വിവരമറിഞ്ഞെത്തിയ അയിരൂര്‍ എസ് ഐ പ്രശാന്തും സംഘവും ഷിബുവിനെ 108 ആംബുലന്‍സില്‍ വര്‍ക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കൊല്ലപ്പെട്ട ഷിബു അടുത്തിടെ ഇയാളുടെഭാര്യയുടെ ബന്ധുവായ വലിയതമ്പി എന്ന ഷിജുവിന്റെ വീട്ടില്‍ മദ്യപിച്ചെത്തി വഴക്കിട്ടിരുന്നു. ഷിജുവിന്റെ മാതാവിനെയും പിഞ്ചുകുഞ്ഞിനെയും ഇയാള്‍ ഉപദ്രവിച്ചു. ഇതു സംബന്ധിച്ച് വര്‍ക്കല പോലീസില്‍ പരാതി നിലനില്‍ക്കെയാണ് ഷിബു ഒളിവില്‍പോയത്. തുടര്‍ന്ന് പ്രദേശത്തെ ക്ഷേത്രോത്സവത്തിനാണ് ഇയാള്‍ തിരിച്ചെത്തിയത്.
കൂലിപ്പണിക്കാരായ പ്രതികള്‍ പ്രദേശത്തെ കോളനി നിവാസികളാണ്. തന്റെ മാതാവിനെയും പിഞ്ചു കുഞ്ഞിനെയും ഉപദ്രവിച്ചതിന്റെ പകപോക്കുവാന്‍ പ്രദേശത്തെ കൂട്ടുകാരുടെ പിന്‍ബലത്തില്‍ തികച്ചും ആസൂത്രിതമായി ഷിബുവിനെ കൊല്ലുകയായിരുന്നുവെന്ന് ഒന്നാം പ്രതി വലിയതമ്പി എന്നുവിളിക്കുന്ന ഷിജു സമ്മതിച്ചിട്ടുള്ളതായി പോലീസ് പറഞ്ഞു. പ്രതികളില്‍ ചിലരെ പാളയംകുന്ന് കുന്നുംപുറം കോളനിയില്‍ നിന്നും മറ്റു ചിലരെ പാരിപ്പള്ളി ബസ് സ്റ്റാന്റിന് സമീപത്ത് നിന്നുമാണ് വെള്ളിയാഴ്ച പിടികൂടിയത്. ആറ്റിങ്ങല്‍ ഡി വൈ എസ് പി പ്രതാപന്‍ നായരുടെ നിര്‍ദ്ദേശാനുസരണം വര്‍ക്കല സി ഐ എസ് ഷാജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
വര്‍ക്കല എസ് ഐ ശിവപ്രകാശ്, അയിരൂര്‍ എസ് ഐ പ്രശാന്ത്, കല്ലമ്പലം എസ് ഐ പ്രവീണ്‍, അഡീഷണല്‍ എസ് ഐ ആര്‍ തിലകന്‍, എ എസ് ഐമാരായ ദെറാജുദ്ദീന്‍, അനില്‍, ഉണ്ണി, മധുസൂദനക്കുറുപ്പ്, സി പി ഒമാരായ ബിജു, അനില്‍, മധുലാല്‍, ഷംസുദ്ദീന്‍ എന്നിവര്‍ അന്വേഷണസംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.