Connect with us

Thiruvananthapuram

അവകാശ തര്‍ക്കം: മുജാഹിദ് പള്ളിയില്‍ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടി

Published

|

Last Updated

തിരുവനന്തപുരം: ജിന്ന് വിവാദം തലസ്ഥാനത്തും പുകയുന്നു. സെക്രട്ടേറിയറ്റിന് സമീപം കുന്നുകുഴിയിലെ മുജാഹിദ് പള്ളിയുടെ നിയന്ത്രണത്തെ ചൊല്ലി “ജിന്ന്” വിഭാഗവും ഔദ്യോഗിക നേതൃത്വവും തമ്മിലുള്ള ഏറ്റുമുട്ടല്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. ആര്‍ ഡി ഒ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ സമവായമുണ്ടാകാത്തതിനെ തുടര്‍ന്ന് പോലീസ് കാവലിലാണ് ആരാധന നടക്കുന്നത്. പള്ളിയുടെ നിയന്ത്രണം നാളെ ആര്‍ ഡി ഒ ഏറ്റെടുക്കും. ഇരുവിഭാഗത്തോടും രേഖകളെല്ലാം ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. വെള്ളിയാഴ്ച ജുമുഅക്ക് മുമ്പാണ് ഏറ്റുമുട്ടലുണ്ടായത്. ബഹളത്തിനൊടുവില്‍ പോലീസ് കാവലിലാണ് ജുമുഅ നടന്നത്. വൈകുന്നേരം തിരുവനന്തപുരം ആര്‍ ഡി ഒയുടെ നേതൃത്വത്തില്‍ ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയെങ്കിലും സമവായമുണ്ടായില്ല. ഒടുവില്‍ തിങ്കളാഴ്ച വരെ സ്റ്റാറ്റസ്‌കോ നിലനിര്‍ത്താന്‍ ആര്‍ ഡി ഒ മുഹമ്മദ് മുസ്തഫ ഉത്തരവിടുകയായിരുന്നു. മാസങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന പ്രശ്‌നം വെള്ളിയാഴ്ച പൊട്ടിത്തെറിയിലെത്തുകയായിരുന്നു.

ജിന്ന് വിവാദവുമായി ബന്ധപ്പെട്ട് കെ എന്‍ എം ജില്ലാ കമ്മിറ്റിയും അതിന് കീഴില്‍ ഊറ്റുകുഴിയില്‍ പ്രവര്‍ത്തിക്കുന്ന സലഫി സെന്ററിന്റെയും പള്ളിയുടെയും കമ്മിറ്റികളെല്ലാം പിരിച്ചുവിട്ട് അഡ്‌ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കെ എന്‍ എം സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പള്ളി കമ്മിറ്റി പിരിച്ചുവിട്ടത്. നേരത്തെയുണ്ടായിരുന്ന ചില ഭാരവാഹികളെ നിലനിര്‍ത്തിയാണ് അഡ്‌ഹോക്ക് കമ്മിറ്റിയുണ്ടാക്കിയിരുന്നത്. രണ്ട് മാസത്തോളമായി ഇവരുടെ നേതൃത്വത്തിലാണ് പള്ളിയുടെ പ്രവര്‍ത്തനം നടന്നിരുന്നത്. ഇതിനിടെയിലും ലഘുലേഖ വിതരണത്തെയും സലഫി സെന്ററില്‍ നടക്കുന്ന പഠന ക്ലാസിനെ ചൊല്ലിയും ഇടക്കിടെ വാക്കേറ്റവും കൈയാങ്കളിയും നടന്നിരുന്നു. മുന്‍സിഫ് കോടതിയില്‍ നിന്നുള്ള ഒരു ഉത്തരവുമായി വെള്ളിയാഴ്ച പഴയ ഭാരവാഹികളായ ജിന്ന് അനുകൂലികള്‍ സംഘടിച്ചെത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം.
പള്ളി ഓഫീസിലെ രേഖകള്‍ പലതും ഇതിനിടെ കടത്തിക്കൊണ്ടുപോയി. സംഘര്‍ഷാവസ്ഥയായതോടെ ജുമുഅക്കെത്തിയ പലരും അപ്പോള്‍ തന്നെ മറ്റു പള്ളികളിലേക്ക് നീങ്ങി. സംഭവമറിഞ്ഞ് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നിന്ന് പോലിസെത്തിയെങ്കിലും ഇരു വിഭാഗങ്ങളും വിട്ടുവീഴ്ചക്ക് തയ്യാറായില്ല. ജിന്ന് വിഭാഗം തങ്ങള്‍ക്ക് അനുകൂലമായ കോടതി ഉത്തരവുണ്ടെന്ന് പോലീസിനെ അറിയിച്ചു. പിന്നീട് പോലീസ് കാവലില്‍ ഇവര്‍ നിര്‍ദേശിച്ച ഇമാമിന്റെ നേതൃത്വത്തിലാണ് ജുമുഅ നടന്നത്.
പള്ളിയുമായി ബന്ധപ്പെടുന്ന യഥാര്‍ഥ വിഭാഗം തങ്ങളാണെന്നും അകാരണമായാണ് കമ്മിറ്റി പിരിച്ചുവിട്ടതെന്നുമാണ് ജിന്ന് വിഭാഗത്തിന്റെ വാദം. എന്നാല്‍, മറ്റു ജില്ലകളില്‍ നിന്നുള്ള ആളുകളെ ഇറക്കുമതി ചെയ്ത് പള്ളിയുടെ നിയന്ത്രണം പിടിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഔദ്യോഗിക വിഭാഗവും ആരോപിക്കുന്നു.

---- facebook comment plugin here -----

Latest