Connect with us

National

സ്ത്രീധന പീഡനം: ഒഡീഷാ മുന്‍മന്ത്രിയും ഭാര്യയും അറസ്റ്റില്‍

Published

|

Last Updated

ഭുവനേശ്വര്‍: സ്ത്രീധനത്തിന്റെ പേരില്‍ മരുമകളെ പീഡിപ്പിച്ച കേസില്‍ ഒഡീഷാ മുന്‍മന്ത്രി രഘുനാഥ് മൊഹന്തിയെയും ഭാര്യയെയും അറസ്റ്റ് ചെയ്തു. ഒരാഴ്ചയായി ഒളിവില്‍ കഴിയവെ, പശ്ചിമ ബംഗാളില്‍ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇരുവരെയും ബാലസോറിലേക്ക് കൊണ്ടുവന്നു. ഭരണകക്ഷിയായ ബി ജെ ഡിയുടെ മുതിര്‍ന്ന നേതാവാണ് രഘുനാഥ് മൊഹന്തി.
പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയില്‍ നിന്നാണ് മന്ത്രിയെയും ഭാര്യ പ്രീതിലത മൊഹന്തിയെയും ഒഡീഷ പോലീസിലെ മനുഷ്യാവകാശ സംരക്ഷണ വിഭാഗം അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് ഷാലിമാറിന് സമീപം ബീതൈതോലയിലെ ശക്തികുഞ്ച് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഇരുവരെയും ഇന്നലെ അതിരാവിലെ അറസ്റ്റ് ചെയ്തത്. അമ്പതിലേറെ ഫോണ്‍ കോളുകള്‍ ചോര്‍ത്തിയും മറ്റും വിശാല അന്വേഷണത്തിലൂടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ ഒഡീഷ പോലീസ് കരുക്കള്‍ നീക്കിയത്. വ്യത്യസ്ത പേരുകളില്‍ കഴിഞ്ഞ് 20ന് അപ്പാര്‍ട്ട്‌മെന്റില്‍ രണ്ട് ഫഌറ്റുകള്‍ മൊഹന്തി വാടകക്ക് എടുത്തിരുന്നു. നിയമനടപടികള്‍ക്ക് ശേഷം സംസ്ഥാനത്തെത്തിച്ച ഇരുവരെയും ചാന്ദിപൂര്‍ മറൈന്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് ചോദ്യം ചെയ്തു.
സ്ത്രീധനത്തിന്റെ പേരില്‍ മൊഹന്തിയുടെ നേതൃത്വത്തില്‍ ഭര്‍ത്താവടക്കം നാല് കുടുംബാംഗങ്ങള്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന മരുമകള്‍ ബര്‍സാ സോണി ചൗധരിയുടെ പരാതിപ്രകാരമാണ് കേസ്. കഴിഞ്ഞ 14ന് പരാതി നല്‍കിയതിനെ തുടര്‍ന്ന് പിറ്റേന്ന് നിയമ, നഗര വികസന മന്ത്രി സ്ഥാനം മൊഹന്തി രാജിവെച്ചു. മകന്‍ രാജശ്രീ മൊഹന്തിയെ 17ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കൂടാതെ രഘുനാഥിന്റെ മകള്‍ രൂപശ്രീയും ഭര്‍ത്താവ് സുവേന്ദു മധുലാലും കുറ്റാരോപിതരാണ്. 25 ലക്ഷം രൂപ, ആഡംബര വാഹനം തുടങ്ങിയവ ആവശ്യപ്പെട്ടാണ് പീഡനമെന്ന് ബര്‍സ പറഞ്ഞു.

Latest