വാഹനാപകടം: കുടുംബത്തിലെ നാല് പേരടക്കം അഞ്ച് പേര്‍ മരിച്ചു

Posted on: March 31, 2013 2:27 am | Last updated: March 31, 2013 at 2:27 am
SHARE

car accidentഅമ്പലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്നലെ നടന്ന രണ്ട് വാഹനാപകടങ്ങളില്‍ കുടുംബത്തിലെ നാല് പേരടക്കം അഞ്ച് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ രാമങ്കരി പള്ളിക്കൂട്ടുമ്മക്ക് സമീപം ടിപ്പര്‍ ലോറി കാറിലിടിച്ച് കൊട്ടാരക്കര ഉമയന്നൂര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ദേശീയപാതയില്‍ പറവൂര്‍ ജംഗ്ഷന് സമീപം കാര്‍ തട്ടി തെറിച്ചു വീണ സ്‌കൂട്ടര്‍ യാത്രക്കാരന്റെ തലയിലൂടെ സിമന്റ് കയറ്റി വന്ന ലോറി കയറിയിങ്ങി തല്‍ക്ഷണം മരിച്ചു.
കൊട്ടാരക്കര ഉമയന്നൂര്‍ പാലുവിളവീട്ടില്‍ ബിജു തങ്കച്ചന്‍ (42) ഭാര്യ പ്രിന്‍സി (38) മക്കളായ ആരോണ്‍ (ആഷിക് 15), ഷാരോണ്‍ (ഒമ്പത്) എന്നിവരാണ് മരിച്ചത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡ് നീര്‍ക്കുന്നം ചെമ്പകപ്പള്ളി (പീടിയേക്കല്‍) പരേതനായ സെയ്തു മുഹമ്മദിന്റെ മകന്‍ സിയാദ് മുഹമ്മദ്(52) ആണ് ലോറിയിടിച്ച് മരിച്ച സ്‌കൂട്ടര്‍ യാത്രക്കാരന്‍. ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ രാമങ്കരി പള്ളിക്കൂട്ടുമ്മക്ക് സമീപം ഇന്നലെ രാവിലെ 7.45ഓടെയായിരുന്നു ടിപ്പര്‍ലോറി കാറിലിടിച്ചുണ്ടായ അപകടം നടന്നത്. കൊട്ടാരക്കരയില്‍ നിന്നും എറണാകുളത്തേക്ക് കാറില്‍ പോകവേ എതിരെ വന്ന ടിപ്പര്‍ ലോറി ഇവരുടെ കാറില്‍ ഇടിക്കുകയായിരുന്നു.
ടിപ്പര്‍ അമിതവേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരും പോലീസും കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പുന്നപ്രയില്‍ നിന്ന് ചങ്ങനാശ്ശേരിയിലേക്ക് പോയ ടിപ്പര്‍ ലോറിയുടെ മുന്‍ഭാഗത്തെ ടയര്‍ പഞ്ചറായപ്പോള്‍ നിയന്ത്രണം തെറ്റി കാറിലിടിക്കുകയായിരുന്നു. പാരിസയാണ് സിയാദിന്റെ ഭാര്യ. മക്കള്‍: അലി, ആദില.