എസ് പിക്ക് വിമര്‍ശം: ബേനിപ്രസാദിന്റെ മന്ത്രിസ്ഥാനം തെറിച്ചേക്കും

Posted on: March 31, 2013 2:22 am | Last updated: March 31, 2013 at 7:39 am
SHARE

Beni+Prasad+Verma_PTIലക്‌നോ: സമാജ്‌വാദി പാര്‍ട്ടിക്കും മുലായം സിംഗ് യാദവിനുമെതിരെ രൂക്ഷ വിമര്‍ശമുയര്‍ത്തിയ കേന്ദ്രമന്ത്രി ബേനി പ്രസാദ് വര്‍മയെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് മാറ്റാന്‍ സാധ്യതയേറി. ബേനിപ്രസാദിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ് പി രംഗത്തെത്തിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് വഴങ്ങിയതായാണ് സൂചന.
കേന്ദ്ര ധനകാര്യമന്ത്രി പി ചിദംബരം എസ് പി നേതാക്കളുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് യു പി എക്കുള്ള പിന്തുണ പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കിയതിന് അടുത്ത ദിവസം തന്നെയാണ് ബേനി പ്രസാദ് സമാജ്‌വാദി പാര്‍ട്ടിക്കും നേതാക്കള്‍ക്കുമെതിരെ വീണ്ടും രൂക്ഷ വിമര്‍ശം അഴിച്ചുവിട്ടത്. ഉത്തര്‍പ്രദേശില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് എസ് പിക്കെതിരെ ബേനി പ്രസാദ് വീണ്ടും രംഗത്തെത്തിയത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ് പിക്ക് നാല് സീറ്റില്‍ കൂടുതല്‍ ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് 80 സീറ്റുകളിലും ജനവിധി തേടും. 40 സീറ്റുകള്‍ കോണ്‍ഗ്രസ് നേടും. ബി എസ് പി ക്ക് 36 സീറ്റുകള്‍ ലഭിച്ചേക്കും. എന്നാല്‍ എസ് പിക്ക് നാല് സീറ്റുകള്‍ മാത്രമേ ലഭിക്കൂ. എസ് പിയുടെ ശവസംസ്‌കാരം ഈ തിരഞ്ഞെടുപ്പോടെ നടക്കുമെന്ന് ബേനിപ്രസാദ് കുറ്റപ്പെടുത്തി.
പാര്‍ട്ടിയെയും മുലായം സിംഗ് യാദവിനെയും അപമാനിക്കുന്നത് തുടരുന്ന കേന്ദ്രമന്ത്രി ബേനി പ്രസാദ് വര്‍മയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടി ആവശ്യപ്പെട്ടു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ കോണ്‍ഗ്രസ് അനുഭവിക്കും. ബേനിയുടെ മാനസികനില തകരാറിലായിരിക്കുകയാണെന്നും എസ് പി നേതാക്കള്‍ കുറ്റപ്പെടുത്തി. ബേനി പ്രസാദ് ഇത്തരത്തിലുള്ള പ്രസ്താവന ഇറക്കിയത് തികച്ചും നിര്‍ഭാഗ്യകരമായിപ്പോയെന്നും അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം ആശ്രേയ് കുഷ്‌വാഹ ആവശ്യപ്പെട്ടു. വര്‍മ കോണ്‍ഗ്രസിന് വേണ്ടപ്പെട്ട വ്യക്തിയായിരിക്കും. എന്നാല്‍ സമാജ്‌വാദി പാര്‍ട്ടിക്ക് അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.
എസ് പി നേതാക്കളുടെ പ്രതികരണത്തെ തുടര്‍ന്ന് ബേനിപ്രസാദ് വര്‍മ ഇന്നലെ വൈകുന്നേരം മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് ന്യൂനപക്ഷങ്ങളെ വഞ്ചിച്ചുവെന്ന് ബേനി പ്രസാദ് വര്‍മ ആരോപിച്ചു. മുലായം സിംഗ് യാദവും ബി ജെ പിയും തമ്മില്‍ ധാരണയുണ്ട്. അത് മുമ്പെ തന്നെ പലപ്പോഴും വ്യക്തമായിരുന്നതാണ്. മുലായം എല്ലായ്‌പ്പോഴും ന്യൂനപക്ഷങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും ബേനി പ്രസാദ് പറഞ്ഞു.