കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ബജറ്റ്‌: കാര്‍ഷിക മേഖലക്കും കുടിവെള്ളത്തിനും മുന്‍ഗണന

Posted on: March 31, 2013 2:19 am | Last updated: March 31, 2013 at 2:19 am
SHARE

കണിയാമ്പറ്റ: 16,30,59,962 രൂപ വരവും 16,07,60,750 രൂപ ചെലവും വരുന്ന 2013-14 വര്‍ഷത്തേക്കുള്ള സുവര്‍ണ്ണ ജൂബിലി വാര്‍ഷിക ബജറ്റ് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗീകരിച്ചു.കാര്‍ഷിക മേഖലക്കും, കുടിവെള്ളം ലഭ്യമാക്കുന്നതിനും, പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും വൈദ്യുതിയും തെരുവ് വിളക്കുകളും എത്തിക്കുന്നതിനും, പട്ടികജാതി-പട്ടിക വര്‍ഗ കുടുംബങ്ങളുടെ ക്ഷേമത്തിനും, ഭവന നിര്‍മാണ പദ്ധതികള്‍ക്കും, ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിനും പുനരുദ്ധാരണത്തിനുമാണ് വൈസ് പ്രസിഡന്റ് പി എന്‍ അനില്‍കുമാര്‍ അവതരിപ്പിച്ച ബജറ്റില്‍ ഊന്നല്‍ നല്‍കുന്നത്.
ഹരിത പഞ്ചായത്ത് എന്ന ആശയം മുന്‍ നിര്‍ത്തി കാര്‍ഷിക മേഖലയില്‍ നെല്ലുല്‍പ്പാദന രംഗത്ത് ആറു ലക്ഷവും, പച്ചക്കറി കൃഷിക്ക് 6.75ലക്ഷവും, കാലിത്തീറ്റ വിതരണത്തിന് ആറു ലക്ഷവും കാലിത്തൊഴുത്ത് നിര്‍മ്മാണത്തിന് 5.4 ലക്ഷവും ഔഷധ സസ്യ-ഫലവൃക്ഷ, സുഗന്ധ വിള, ധാന്യവിള സംരക്ഷണത്തിനും വികസനത്തിനും 215.25 ലക്ഷവും, മൃഗസംരക്ഷണ മേഖലക്ക് 94000 രൂപയും, മണ്ണ് ജല സംരക്ഷണത്തിന് 354 ലക്ഷവും, ചെറുകിട ജലസേചനം 30 ലക്ഷവും വകയിരുത്തി.
ഗ്രാമീണ ശുദ്ധജല വിതരണം ത്വരിതപ്പെടുത്തുന്നതിനായി പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും കുടിവെള്ളമെത്തിക്കാന്‍ ഉദ്ദേശിച്ച് എട്ട് കോടി രൂപ മുതല്‍ മുടക്കില്‍ തയ്യാറാക്കിയ കണിയാമ്പറ്റ ശുദ്ധജല വിതരണ പദ്ധതിയും മൂന്ന് കോടി രൂപ ലഭ്യമാക്കി നടപ്പിലാക്കുന്ന ജലനിധി പദ്ധതിയും സംയോജിപ്പിച്ച് സ്‌നേഹതീര്‍ത്ഥം എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ കുറഞ്ഞ വരുമാനക്കാര്‍ക്കായി ഗാര്‍ഹിക കണക്ഷനുകള്‍ക്ക് 2500 രൂപ നിരക്കില്‍ സബ്‌സിഡി നല്‍കുന്നതിനുള്ള പദ്ധതിയും തയ്യാറാക്കി. ഇതിനായി ബജറ്റില്‍ 16 ലക്ഷം രൂപയും കൂടാതെ ജലനിധി പദ്ധതിയില്‍ ഈ വര്‍ഷം ഒരു കോടി രൂപയും മറ്റ് ശുദ്ധജല പദ്ധതികള്‍ക്കായി 45.40 ലക്ഷവും നീക്കിവെച്ചു.
പശ്ചാത്തല മേഖലയില്‍ ഗ്രാമീണ റോഡുകളുടെയും നടപ്പാതകളുടെയും നിര്‍മ്മാണത്തിനായി വിവിധ മേഖലകളെ സമന്വയിപ്പിച്ച് രണ്ട് കോടി രൂപ വകയിരുത്തി.
പഞ്ചായത്തിലെ മുഴുവന്‍ ഗ്രാമപ്രദേശങ്ങളിലും ആദിവാസി കോളനികളിലും സന്ധ്യാദീപം എന്ന പേരില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ലോമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന് പത്ത് ലക്ഷവും, പഞ്ചായത്ത് ആസ്ഥാനമായ കണിയാമ്പറ്റ, കമ്പളക്കാട്, കരണി, കൂടോത്തുമ്മല്‍ എന്നിവിടങ്ങളില്‍ എല്‍.ഇ.ഡി, ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന് 16 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
വയോജന സുകൃതം എന്ന പേരില്‍ വൃദ്ധജന ക്ഷേമത്തിനായി അഞ്ച് ലക്ഷം, ഇന്ദിര ആവാസ് യോജന പദ്ധതിുമായി സംയോജിപ്പിച്ച് തണല്‍ എന്ന പേരില്‍ 100ലധികം വീടുകള്‍ക്ക് വിഹിതമായി 22 ലക്ഷം, വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 13 ലക്ഷം രൂപയും കാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങളുമായി ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് പരിചരണം നല്‍കുന്നതിനായി കാരുണ്യ സ്പര്‍ശം എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിക്ക് മൂന്ന് ലക്ഷം, വിദ്യാഭ്യാസ മേഖലയില്‍ 15 ലക്ഷം തുടങ്ങിയ ജനപ്രിയ പദ്ധതികള്‍ നടപ്പാക്കാന്‍ ബജറ്റില്‍ തുക വകയിരുത്തി.
സെക്രട്ടറി പി ഇബ്രാഹിം സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞായിഷ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.പി. യൂസഫ്, സിസിലി മൈക്കിള്‍, മൈമൂന ഉസ്മാന്‍, കടവന്‍ ഹംസ ഹാജി, കെ.എം. ഫൈസല്‍, എം.പി. നജീബ്, കെ.കെ. മുഹമ്മദ്, ഗിരിജ രാജന്‍, ആബിദ ഫൈസല്‍, രവീന്ദ്രന്‍ നെല്ലിയമ്പം, സി. സുരേഷ് ബാബു, അജിത ഗംഗാധരന്‍, കമല രാമന്‍, ടി. മണി, ഗിരിജ ചോമാടി സംസാരിച്ചു. ജൂനിയര്‍ സൂപ്രണ്ട് അജിത്കുമാര്‍ നന്ദി പറഞ്ഞു.