Connect with us

Kerala

എസ് എസ് എഫ്‌ സമര ജാഗരണ യാത്രക്ക് നാളെ തുടക്കം

Published

|

Last Updated

കോഴിക്കോട്: “സമരമാണ് ജീവിതം” എന്ന ശീര്‍ഷകത്തില്‍ അടുത്ത മാസം 26, 27 ,28 തീയതികളില്‍ എറണാകുളം രിസാല സ്‌ക്വയറില്‍ നടക്കുന്ന എസ് എസ് എഫ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായുള്ള സമര ജാഗരണ യാത്രക്ക് നാളെ തുടക്കം. തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് നിന്നും ആരംഭിക്കുന്ന യാത്രകള്‍ അടുത്ത മാസം ഏഴിന് തിരൂരങ്ങാടിയില്‍ പൊതുസമ്മേളനത്തോടെ സമാപിക്കും.
സാമൂഹിക തിന്മകളും സാമ്പത്തിക കുറ്റകൃത്യങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ധര്‍മവും സദാചാരവും തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സമര ജാഗരണ യാത്ര. സംസ്ഥാനത്തെ 87 കേന്ദ്രങ്ങളില്‍ യാത്രയുടെ ഭാഗമായുള്ള പൊതുസമ്മേളനങ്ങളില്‍ പ്രമേയ വിശദീകരണ പ്രഭാഷണങ്ങള്‍ നടക്കും.
തിരുവനന്തപുരം നെടുമങ്ങാട്ടു നിന്നാരംഭിക്കുന്ന യാത്രക്ക് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫിയും കാസര്‍കോട് നിന്ന് ആരംഭിക്കുന്ന യാത്രക്ക് ജനറല്‍ സെക്രട്ടറി കെ അബ്ദുല്‍ കലാമും നേതൃത്വം നല്‍കും. എസ് എസ് എഫ് ദേശീയ അധ്യക്ഷന്‍ മുഹമ്മദ് തുറാബ് തങ്ങള്‍ തിരുവനന്തപുരത്ത് പതാക നല്‍കി ഉദ്ഘാടനം ചെയ്യും. കാസര്‍കോട് നിന്ന് ആരംഭിക്കുന്ന യാത്ര എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. ബ്രിട്ടീഷ്‌വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയ ആലി മുസ്‌ലിയാരെ സ്മരിച്ചുകൊണ്ട് ഏഴിന് തിരൂരങ്ങാടിയില്‍ നടക്കുന്ന സമാപന സമ്മേളനം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
സുരക്ഷിതമായ സാമൂഹിക, കുടുംബ ജീവിതം നിലനിര്‍ത്താന്‍ ധര്‍മവും നീതിയും സംരക്ഷിക്കപ്പെടുകയും സാമൂഹിക തിന്‍മകള്‍ക്കെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് സമര ജാഗരണ യാത്രയില്‍ എസ് എസ് എഫ് ബോധവത്കരണം നടത്തും.

Latest