ഇന്ത്യയുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് അഫ്ഗാനോട് ആവശ്യപ്പെട്ടിട്ടില്ല: പാക്കിസ്ഥാന്‍

Posted on: March 31, 2013 1:38 am | Last updated: March 31, 2013 at 1:38 am
SHARE

pakistan_map21ഇസ്‌ലാമാബാദ്: അഫ്ഗാനിസ്ഥാനിലെ സമാധാനശ്രമങ്ങള്‍ക്ക് ഇന്ത്യയുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉപാധിവെച്ചുവെന്ന അഫ്ഗാന്റെ ആരോപണം പാക്കിസ്ഥാന്‍ നിഷേധിച്ചു. അഫ്ഗാന്‍ പ്രസിഡന്റിന്റെ വക്താവ് നടത്തിയ പ്രസ്താവനക്ക് മറുപടിയായാണ് പാക്കിസ്ഥാന്റെ വിദേശകാര്യ വക്താവ് ഇക്കാര്യം പറഞ്ഞത്. യാതൊരുവിധ ഉപാധികളുമില്ലാതെ അഫ്ഗാനിലെ സമാധാന ശ്രമങ്ങളെ പാക്കിസ്ഥാന്‍ പിന്തുണക്കുന്നുണ്ടെന്ന് വക്താവ് അസീസ് അഹമദ് ചൗധരി പറഞ്ഞു .
ഇന്ത്യുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് പാക്കിസ്ഥാന്‍ അഫ്ഗാനോട് ആവശ്യപ്പെട്ടിട്ടില്ല. അഫ്ഗാനിസ്ഥാന്‍ മറ്റ് രാജ്യങ്ങളുമായി ബന്ധം പുലര്‍ത്തുന്നതില്‍ പാക്കിസ്ഥാന് യാതൊരു പ്രശ്‌നവുമില്ല. പുറത്തുനിന്നുള്ള ശക്തികള്‍ അഫ്ഗാന്‍ മണ്ണില്‍നിന്നും പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കരുതെന്ന് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളുവെന്നും ചൗധരി പറഞ്ഞു. പാക്കിസ്ഥാനുമായുള്ള തന്ത്രപരമായ പങ്കാളിത്ത ഉടമ്പടിയെന്നുള്ള അഫ്ഗാന്റെ ആശയത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.