Connect with us

Kerala

സഊദി സ്വദേശിവത്കരണം: കേരളം പൊതുമാപ്പിന് സാധ്യത തേടുന്നു

Published

|

Last Updated

തിരുവനന്തപുരം: സ്വദേശിവത്കരണം ശക്തമാക്കിയ സഊദി അറേബ്യയില്‍ പൊതുമാപ്പ് പ്രഖ്യാപിക്കുന്നതിനുള്ള സാധ്യതകള്‍ ആരായാന്‍ സംസ്ഥാന സര്‍ക്കാറിന്റെ ശ്രമം. നയതന്ത്ര ഇടപെടലിലൂടെ പൊതുമാപ്പ് പ്രഖ്യാപനത്തിന് സഊദി ഭരണകൂടത്തിന് മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് കേരളം ആവശ്യപ്പെടും. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്.
പൊതുമാപ്പ് പ്രഖ്യാപിച്ചാല്‍ സഊദിയില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്ക് നിയമ വിധേയമായി നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യമൊരുങ്ങും. പ്രതിസന്ധിക്ക് പരിഹാരം തേടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം ചൊവ്വാഴ്ച ഡല്‍ഹിക്ക് പോകും.
നിയമം കര്‍ശനമാക്കുന്നത് അനധികൃതമായി സഊദിയില്‍ താമസിക്കുന്നവരെയാണ് കാര്യമായി ബാധിക്കുക. നിയമലംഘകരായി രാജ്യത്ത് തുടരുന്നവര്‍ ഔട്ട് പാസ് നേടി രാജ്യം വിടണമെന്ന് സഊദിയിലെ ഇന്ത്യന്‍ എംബസി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിലിടങ്ങളില്‍ പരിശോധന ശക്തമാക്കിയതോടെ ഇഖാമ കഴിഞ്ഞവരുള്‍പ്പെടെ അനധികൃതമായി തൊഴിലെടുക്കുന്നവരെല്ലാം ഭീതിയിലാണ്. കമ്പനികളിലും തൊഴില്‍ സ്ഥാപനങ്ങളിലും നിയമലംഘകരായ തൊഴിലാളികളുണ്ടോയെന്ന് ഏത് സമയവും പരിശോധിക്കുമെന്നാണ് തൊഴില്‍ മന്ത്രാലയം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
അതാത് സ്‌പോണ്‍സറുടെ കീഴില്‍ മാത്രമേ ജോലി ചെയ്യാന്‍ പാടുള്ളൂവെന്നാണ് ചട്ടം. സ്വന്തം നിലയില്‍ ജോലി ചെയ്യാനും അവകാശമില്ല. എന്നാല്‍, സ്‌പോണ്‍സര്‍ മാറിയും സ്വന്തമായും തൊഴിലെടുക്കുന്ന നിരവധി മലയാളികള്‍ സഊദിയിലുണ്ട്. ഇത്തരത്തിലുള്ളവരെയാണ് നിയമം കൂടുതല്‍ ബാധിക്കുക. കൂടാതെ സ്വദേശിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ വിദേശികള്‍ നടത്തുന്ന ബിനാമി ഇടപാടുകളും നിരീക്ഷണത്തിലാണ്. തൊഴില്‍ മന്ത്രാലയത്തിന്റെ പരിശോധനയില്‍ ഇവര്‍ പിടിക്കപ്പെട്ടാല്‍ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്കാണ് ഇവരെ മാറ്റുക. ഇങ്ങനെ പിടിയിലാകുന്നവരുടെ പാസ്‌പോര്‍ട്ടുകളില്‍ നാട്ടിലേക്ക് അയക്കും മുമ്പ് പ്രത്യേക സീല്‍ പതിക്കും. അങ്ങനെ വന്നാല്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് പിന്നീട് മടങ്ങിപ്പോകാന്‍ കഴിയില്ല. ഫ്രീ വിസയില്‍ വന്ന് പിടിക്കപ്പെടുന്നവര്‍ പോലും നാടുകടത്തല്‍ കേന്ദ്രങ്ങളിലെത്തിയാല്‍ മറ്റ് ജി സി സി രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യാന്‍ അയോഗ്യത കല്‍പ്പിക്കപ്പെടും.
ഈ സാഹചര്യത്തിലാണ് പൊതുമാപ്പ് പ്രഖ്യാപിക്കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. പൊതു മാപ്പ് പ്രഖ്യാപിച്ചാല്‍ അനധികൃത തൊഴിലാളികള്‍ക്കെല്ലാം നിയമവിധേയമായി നാട്ടിലേക്ക് മടങ്ങാന്‍ കഴിയും. മറ്റു വിസകളില്‍ സഊദിയിലേക്ക് തന്നെയൊ മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കോ തിരിച്ചു പോകുന്നതിനും തടസ്സമുണ്ടാകില്ല. തൊഴില്‍ നിര്‍ണയിക്കാതെ സഊദിയിലെത്തി യോഗ്യതക്ക് അനുസരിച്ചുള്ള ജോലി ചെയ്യാന്‍ കഴിയുന്നതാണ് ഫ്രീ വിസ സംവിധാനം. പുതിയ പശ്ചാത്തലത്തില്‍ ഇതും നിയമവിരുദ്ധമായി മാറി. സഊദി ഭരണകൂടം നല്‍കി വന്നിരുന്ന ഈ സൗജന്യത്തില്‍ ലക്ഷക്കണക്കിന് പ്രവാസികള്‍ ഫ്രീ വിസയില്‍ അവിടെ തൊഴിലെടുത്ത് വരികയാണ്. ഇവരും നിതാഖാത്ത് നിയമത്തിന്റെ പരിധിയില്‍ വന്നതോടെ സഊദി വിട്ട് നാട്ടിലേക്ക് മടങ്ങേണ്ട അവസ്ഥയാണ്.
സഊദി അറേബ്യയുമായി ഇന്ത്യക്ക് നല്ല സുഹൃദ് ബന്ധമുണ്ടെന്നിരിക്കെ പൊതുമാപ്പ് പ്രഖ്യാപനത്തിനുള്ള സാഹചര്യം ഉണ്ടാകുമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ പ്രതീക്ഷ. വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, പ്രതിരോധ മന്ത്രി എ കെ ആന്റണി, പ്രവാസികാര്യമന്ത്രി വയലാര്‍ രവി, വിദേശ കാര്യ സഹമന്ത്രി ഇ അഹമ്മദ് എന്നിവരുമായെല്ലാം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തി. അടുത്ത മാസം രണ്ടിന് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി ഡല്‍ഹിക്ക് പോകുന്നുണ്ട്.
സഊദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഹാമിദ് അലി റാവുവുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചത്. സഊദിയില്‍ നിയമവിധേയരായി താമസിക്കുന്ന ഇന്ത്യക്കാര്‍ ഭയപ്പെടേണ്ടതില്ലെന്നും അനധികൃതമായി കഴിയുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിയുമെന്നും അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് എംബസി അധികൃതരും കേന്ദ്രവും സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തുള്ളവരുടെ ആശങ്ക തടയാന്‍ പ്രത്യേക ഹെല്‍പ്പ്‌ലൈന്‍ തുടങ്ങുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

Latest