Connect with us

Kerala

ശിരുവാണി പുഴയിലെ അണക്കെട്ട് പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാറിന് കടമ്പകളേറെ

Published

|

Last Updated

പാലക്കാട്: ശിരുവാണി പുഴക്ക് കുറുകെയുള്ള അണക്കെട്ട് പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ സംസ്ഥാനത്തിന് മുന്നില്‍ കടമ്പകളേറെ. വൈദ്യുതി ഉത്പാദനം, കാര്‍ഷിക ജലസേചനം, കുടിവെള്ളം എന്നിവക്കായി വിഭാവനം ചെയ്ത അട്ടപ്പാടി വാലി ഇറിഗേഷന്‍ പ്രോജക്ട് (എ വി ഐ പി) രണ്ടര പതിറ്റാണ്ട് മുമ്പ് കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് നിലക്കുകയായിരുന്നു. അട്ടപ്പാടിയുടെ കിഴക്കന്‍ മേഖലകളെ സമ്പുഷ്ടമാക്കാന്‍ 1971ല്‍ ആണ് പദ്ധതി ആരംഭിച്ചത്. ഇടതു കര കനാലും കെട്ടിടങ്ങളും റോഡും മറ്റ് അടിസ്ഥാന സൗകര്യങ്ങളും അടക്കം പണി പൂര്‍ത്തിയാക്കിയ ഈ കാലഘട്ടത്തില്‍ അണക്കെട്ടിനായി കണക്കാക്കിയിരുന്ന തുക അഞ്ച് കോടിയില്‍ താഴെയായിരുന്നു. 1989ല്‍ പ്രവൃത്തി നിലച്ച ശേഷവും 13 കോടി രൂപ സര്‍ക്കാര്‍ ചെലവിട്ടു.——

പദ്ധതി പുനരുദ്ധരിപ്പിക്കണമെങ്കില്‍ നിരവധി പ്രതിസന്ധികളാണുള്ളത്. മുമ്പ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി മാത്രം ലഭിച്ചാല്‍ നിര്‍മാണ പ്രവൃത്തി ആരംഭിക്കാനുള്ള പ്രധാന തടസ്സം മറികടക്കാമായിരുന്നു. ഇപ്പോള്‍ സ്ഥിതി മറിച്ചാണ്. പരിസ്ഥിതി ആഘാത പഠനം പൂര്‍ത്തിയാക്കിയ ശേഷമേ മന്ത്രാലയത്തെ സമീപിക്കാനാകൂ. ഇതിന് പുറമെ കേരളത്തില്‍ അണക്കെട്ട് നിര്‍മിക്കുന്നതിനെതിരെ തമിഴ്‌നാട് ഉയര്‍ത്തുന്ന സമ്മര്‍ദത്തെ മറികടക്കണം. കാവേരി നദീജല െ്രെടബ്യൂണലിന്റെ അന്തിമ വിധി പ്രകാരമുള്ള ആറ് ടി എം സി ജലം ഫലപ്രദമായി ഉപയോഗിക്കാവുന്ന പദ്ധതിയെന്ന നിലക്കാണ് “വാനി ബേസില്‍ ഡിവിഷന്‍ എന്ന് പേര് മാറിയ എ വി ഐ പി കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. യാതൊരു തടസ്സവുമില്ലാതെ തമിഴ്‌നാട്ടിലേക്ക് ഒഴുകുന്ന പുഴയില്‍ കേരളം തടയണ നിര്‍മിക്കുമെന്ന പ്രതികരണത്തോട് പോലും വളരെ വൈകാരികമായാണ് തമിഴ്‌നാട്ടുകാര്‍ പ്രതികരിച്ചിരുന്നത്. പുതിയ പ്രഖ്യാപനവും അവരെ ചൊടിപ്പിക്കുമെന്നുറപ്പാണ്.
ഇതിനെല്ലാം പുറമെയാണ് പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്തെ കൈയേറ്റം ഒഴിപ്പിക്കല്‍. ഇത്രയും കടമ്പകള്‍ മറികടന്നെത്തിയാല്‍ തന്നെ അഞ്ച് കോടി രൂപ ചെലവ് പ്രതീക്ഷിച്ച പദ്ധതി 2010ലെ കണക്കനുസരിച്ച് 416 കോടിയായിരുന്നു. 2013ല്‍ ചെലവ് 800 കോടിയോളമെത്തും. അനുമതികള്‍ ലഭിച്ച് പ്രവൃത്തി പൂര്‍ത്തിയാകുമ്പോഴേക്കും കോടികളുടെ എണ്ണം കൂടുമെന്നത് പ്രതിസന്ധിയുണ്ടാക്കുമെന്നാണ് പറയുന്നത്.

Latest