പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ മഅദിന്‍ അക്കാദമിക്ക് കീഴില്‍ പദ്ധതി

Posted on: March 31, 2013 12:56 am | Last updated: March 31, 2013 at 1:03 am
SHARE

mahdin-buzz-imageമലപ്പുറം: ഗള്‍ഫ് നാടുകളില്‍ നിന്ന് തിരിച്ചെത്തുന്നവരെ പുനരധിവസിപ്പിക്കുന്നതിന് മലപ്പുറം മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്ന് ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പരിശീലന പരിപാടികള്‍, കൗണ്‍സലിംഗ്, കരിയര്‍ ഗൈഡന്‍സ്, സോഫ്റ്റ് സ്‌കില്‍ ഡെവലപ്‌മെന്റ് വര്‍ക്ക്‌ഷോപ്പുകള്‍, ഫാമിലി ഓറിയന്റേഷന്‍ ക്യാമ്പുകള്‍ എന്നിവ ഉള്‍പ്പെടതായിരിക്കും പദ്ധതി.
ഇതിനായി ജര്‍മനിയിലെ ഹാംബര്‍ഗ് ആസ്ഥാനമായുള്ള യുനെസ്‌കൊ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ലൈഫ് ലോംഗ് ലേണിംഗിന്റെ പിന്തുണയോടെ മഅ്ദിന്‍ ലൈഫ് ലോംഗ് ലേണിംഗ് സെന്റര്‍ ആരംഭിക്കാനാണ് തീരുമാനം. വിദ്യാഭ്യാസ യോഗ്യതകള്‍ക്കപ്പുറം ഓരോരുത്തര്‍ക്കുമുള്ള കഴിവുകളെ പരിപോഷിപ്പിക്കുകയും മികച്ച തൊഴിലും ജീവിത നിലവാരവും കണ്ടെത്താന്‍ സഹായിക്കുകയുമാണ് ലക്ഷ്യമെന്ന് പദ്ധതിയുടെ ഡയറക്ടര്‍ മുഹമ്മദ് നൗഫല്‍ പറഞ്ഞു.
ഭാഷാ നൈപുണ്യവും തൊഴില്‍ പരിശീലനവും നല്‍കി അഭിരുചിക്കനുസരിച്ച് പുതിയ മേഖലകള്‍ കണ്ടെത്താന്‍ ലൈഫ് ലോംഗ് ലേണിംഗ് സെന്ററിലൂടെ കഴിയും. നാട്ടിലുള്ള പ്രവാസി കുടുംബങ്ങളെക്കൂടി ഉള്‍പ്പടുത്തിയായിരിക്കും പദ്ധതി നടപ്പാക്കുക. തൊഴില്‍ പരിശീലനം നല്‍കുന്നതിന് പോളിടെക്‌നിക്, ഐ ടി ഐ, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, ഇംഗ്ലീഷ് വില്ലേജ്, ലാംഗ്വേജ് റിസോഴ്‌സ് സെന്റര്‍, സ്‌കൂളുകള്‍ തുടങ്ങിയ മഅ്ദിന്‍ സ്ഥാപനങ്ങളിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തും. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍, ഓട്ടോ മൊബൈല്‍ തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്നതിനൊപ്പം മെക്കട്രോണിക്‌സ് പോലുള്ള പുത്തന്‍ പഠന മേഖലകളില്‍ ഹ്രസ്വകാല കോഴ്‌സുകളുമുണ്ടാകും.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് ചെറുകിട – കുടില്‍ വ്യവസായങ്ങളെയും നിക്ഷേപ രംഗത്തെയും കുറിച്ച് അവബോധമുണ്ടാക്കാനും പദ്ധതിയാവിഷ്‌കരിച്ചിട്ടുണ്ട്. ഇടക്കാലത്ത് പഠനം അവസാനിപ്പിച്ച പ്രവാസികള്‍ക്ക് തുടര്‍ പഠനത്തിന് അവസരമൊരുക്കി പരീക്ഷയെഴുതാനുള്ള സാഹചര്യവുമുണ്ടാക്കും. ഇതോടൊപ്പം, ഗള്‍ഫിനപ്പുറം മറ്റു രാജ്യങ്ങളിലെ ജോലി സാധ്യതകളെപ്പറ്റി വിവരങ്ങള്‍ നല്‍കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്. പ്രവാസി പുനരധിവാസ പദ്ധതികളെ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമാകാന്‍ താത്പര്യമുള്ളവര്‍ 9048140233 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.