Connect with us

Editorial

മനുഷ്യക്കടത്ത്: അന്വേഷണം സി ബി ഐക്ക് വിടണം

Published

|

Last Updated

ഹൈക്കോടതി നിര്‍ദേശം മാനിച്ച്‌, നെടുമ്പാശ്ശേരി വിമാനത്താവളം വഴി നടന്ന മനുഷ്യക്കടത്തിനെക്കുറിച്ചു സി ബി ഐ അന്വേഷണം നടത്താനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. ഇതുസംബന്ധിച്ചു നിലവില്‍ നടക്കുന്ന പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കേസ് ദേശീയ അന്വേഷണ ഏജന്‍സിക്കോ സി ബി ഐക്കോ കൈമാറണമെന്നും കേസിലെ പ്രതികളായ പോലീസ് ഉദ്യോഗസ്ഥന്‍ എ പി അജീബ്, എമിഗ്രേഷന്‍ വിഭാഗത്തിലെ അറബി വിവര്‍ത്തകന്‍ അബ്ദുല്‍ ഹമീദ് സാവാദ് എന്നിവരുടെ ജാമ്യാപേക്ഷയില്‍ വിധി പറയവെ, ബുധനാഴ്ചയാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. നെടുമ്പാശ്ശേരി വഴി നിരവധി പേര്‍ അനധികൃതമായി കടന്നിട്ടുണ്ടെന്നും ഇവരില്‍ ദേശവിരുദ്ധരും ഭീകര പ്രവര്‍ത്തകരും ഉള്‍പ്പെട്ടാതായി സംശയിക്കേണ്ടതുണ്ടെന്നും നിരീക്ഷിച്ച കോടതി സമഗ്രമായ അന്വേഷണം ഇക്കാര്യത്തില്‍ അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടിരുന്നു. മേല്‍ച്ചൊന്ന രണ്ട് പേരില്‍ മാത്രം ഒതുങ്ങുന്നതല്ല പ്രശ്‌നമെന്നും ഉന്നത പോലീസുദ്യോഗസ്ഥര്‍ക്കും എമിഗ്രേഷന്‍ അധികൃതര്‍ക്കും സംഭവത്തില്‍ പങ്കുണ്ടായിരിക്കാമെന്നും കോടതി വിലയിരുത്തുകയുണ്ടായി.

വിമാനത്താവളം വഴി സംസ്ഥാനത്ത് നിന്നുള്ള മനുഷ്യക്കടത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ഒറ്റപ്പെട്ട നിലയില്‍ നടന്നു വന്നിരുന്ന മനുഷ്യക്കടത്തിന് സംഘടിത രൂപം കൈവന്നത് കളമശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വന്നതോടെയാണ്. മനുഷ്യക്കടത്ത് ഏജന്‍സികളും എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരും പോലീസധികാരികളും ഉള്‍പ്പെട്ട ഒരു ലോബി തന്നെ 2006-2012 കാലയളവില്‍ കളമശ്ശേരി എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. തീര്‍ഥാടന യാത്രകള്‍, വിദേശ രാജ്യങ്ങളിലെ കോണ്‍ഫറന്‍സുകള്‍ തൊഴില്‍ തുടങ്ങിയവയുടെ മറവില്‍ ആയിരങ്ങളെയാണ് ഈ ലോബി അനധികൃതമായി കടത്തി വിട്ടത്.
അമേരിക്കയിലെ ഹൂസ്റ്റനില്‍ നടന്ന ലോക യുവജന സമ്മേളനത്തിന്റെ പേരില്‍ കേരള കാത്തലിക് യൂത്ത് മൂുവ്‌മെന്റ് ഡയറക്ടര്‍ ഫാ. ജെയ്‌സന്‍ കൊള്ളരിന്റെ നേതൃത്വത്തിലുള്ള ലോബി മനുഷ്യക്കടത്ത് നടത്താന്‍ ശ്രമിച്ച സംഭവം വാര്‍ത്താശ്രദ്ധ നേടിയിരുന്നു. കൊച്ചിയിലെ ഷാഡ്വെല്‍ എന്ന സ്ഥാപനവുമായി ചേര്‍ന്ന് ആസൂത്രണം ചെയ്ത ഈ മനുഷ്യക്കടത്ത,് ഇരകളില്‍ ചിലരുടെ പരാതിയെ തുടര്‍ന്ന് അധികൃതര്‍ പരജയപ്പെടുത്തുകയായിരുന്നു. ഇതേ ലോബി നേരത്തെ ഇറ്റലി, അമേരിക്ക, ഇസ്‌റാഈല്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള തീര്‍ഥാടന യാത്രകളുടെ മറവിലും മനുഷ്യക്കടത്ത് സംഘടിപ്പിച്ചതായി ആരോപണമുയര്‍ന്നിരുന്നു. ജയ്‌സനും സംഘവും ഇപ്പോള്‍ അന്വേഷണം നേരിട്ടു കൊണ്ടിരിക്കയാണ്.
ആള്‍ദൈവങ്ങള്‍ യഥേഷ്ടം വിഹരിക്കുന്ന നാടാണ് കേരളം. ഇന്ത്യക്ക് പുറത്തും ധാരാളം ശിഷ്യസമ്പത്തുള്ള ഇവരില്‍ ചിലര്‍ വിദേശ രാഷ്ടങ്ങളിലെ ആത്മീയ സമ്മേളനങ്ങളുടെയും തീര്‍ഥാടന യാത്രകളുടെയും മറവില്‍ മനുഷ്യക്കടത്തും ആയുധക്കടത്ത് പോലൂം നടത്തുന്നതായി പറയപ്പെടുന്നുണ്ട്. വീട്ടുജോലിക്കെന്ന വ്യാജേന സ്തീകളെ പുറം രാജ്യങ്ങളിലെത്തിക്കുന്ന സംഘങ്ങള്‍ സംസ്ഥാനത്തുണ്ട്. ഇവരെ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത് വേശ്യാവൃത്തിക്കാണ്. കഥയറിയാതെ ഇത്തരം ഏജന്‍സികളുടെ വലയില്‍ കുടുങ്ങിയ സ്ത്രീകളില്‍ നിരവധി പേര്‍ വിദേശത്തെ സാംസ്‌കാരിക സന്നദ്ധ സംഘടനകളുടെയും മറ്റും സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു.
നെടുമ്പാശ്ശേരിയിലെ മനുഷ്യക്കടത്തിനെക്കുറിച്ചു ചില ഉന്നത ഉദ്യോഗസ്ഥര്‍ പല തവണ സംസ്ഥാന ആഭ്യന്തര വകുപ്പിനെ അറിയിച്ചതാണ്. എന്നാല്‍ ആഭ്യന്തര വകുപ്പ് പ്രശ്‌നം അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണുകയോ, നടപടിയെടുക്കുകയോ ഉണ്ടായില്ല. കോടതി നിരീക്ഷിച്ച പോലെ മനുഷ്യക്കടത്തിന് പിന്നിലെ കരങ്ങളുടെ സ്വാധീനവും ഉന്നതങ്ങളിലുള്ള പിടിപാടുമായിരിക്കണം കാരണം. സംസ്ഥാന സര്‍ക്കാറിന്റെ ഈ അലംഭാവത്തെ തുടര്‍ന്ന് അന്നത്തെ ഇന്റലിജന്‍സ് എ ഡി ജി പി വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളുടെയും എമിഗ്രേഷന്‍ ചുമതല കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയെ ഏല്‍പ്പിച്ചത്. ഐ ബി ചുമതലയേറ്റതോടെയാണ് കേരളത്തിലെ വിമാനത്താവളങ്ങള്‍ മുഖേനയുള്ള മനുഷ്യക്കടത്ത് ഗണ്യമായി കുറഞ്ഞത്.
മനുഷ്യക്കടത്ത് കേസ് സി ബി ഐ അന്വേഷണത്തിന് വിടുന്നത് സംബന്ധിച്ച സംസ്ഥാന സര്‍ക്കാറിന്റെ നിയമോപദേശത്തിന്, അനുകൂലമായ മറുപടിയാണ് പ്രൊസിക്യൂട്ടര്‍ ജനറലില്‍ നിന്നുണ്ടായതെന്നിരിക്കെ, സംസ്ഥാന സര്‍ക്കാര്‍ എത്രയും പെട്ടെന്ന് കേസ് സി ബി ഐക്ക് കൈമാറി സംഭവത്തിന് പിന്നിലെ കറുത്ത കരങ്ങളെ വെളിച്ചത്ത് കൊണ്ടുവരാനുള്ള സാഹചര്യമൊരുക്കണം. ഇനിയും സ്വാധീനത്തിനും സമ്മര്‍ദത്തിനും വഴങ്ങി അന്വേഷണം ഉഴപ്പിക്കുന്ന സമീപനം സംസ്ഥാന സര്‍ക്കാര്‍ തുടരുകയില്ലെന്ന് പ്രത്യാശിക്കട്ടെ.