ഈ പോര് ആര്‍ക്കു വേണ്ടി?

Posted on: March 31, 2013 12:37 am | Last updated: March 31, 2013 at 12:37 am
SHARE

george and ganeshജോര്‍ജിനെതിരെ ജെ എസ് എസ് സമ്മര്‍ദം മുറുക്കിയിരിക്കുന്നു. കേരള കോണ്‍ഗ്രസിലും ജോര്‍ജിനെതിരെ പടയൊരുക്കം മുറുകുന്നുണ്ട്. കോണ്‍ഗ്രസില്‍ നല്ലൊരു ശതമാനം നേതാക്കളും ജോര്‍ജിന്റെ പോക്ക് ശരിയല്ലെന്ന് പരസ്യമായും രഹസ്യമായും പറഞ്ഞുകൊണ്ടിരിക്കുന്നു. അപ്പോള്‍ പി സി ജോര്‍ജ് ആര്‍ക്കുവേണ്ടിയാണ് ഇങ്ങനെ അരയും തലയും മുറുക്കി യുദ്ധം ചെയ്യുന്നത്?

ല്ലാവരും കൈവിട്ടെങ്കിലും പി സി ജോര്‍ജിനെ മാണി മാത്രം കൈവിട്ടില്ല. വേണ്ട സമയത്ത് വേണ്ടതുപോലെ മാണി ഇടപെട്ടു. ‘ പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് നീക്കുന്നകാര്യം കേരള കോണ്‍ഗ്രസിന്റെ അജന്‍ഡയിലില്ല’. കെ എം മാണി പ്രഖ്യാപിച്ചു. ജോര്‍ജിന് പിടിച്ചുനില്‍ക്കാന്‍ ഒരു കച്ചിത്തുരുമ്പ്.
എന്നുകരുതി പി സി ജോര്‍ജ് രക്ഷപ്പെട്ടെന്ന് പറയാനാകുമോ? മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഐക്യജനാധിപത്യ മുന്നണിയെ തന്നെയും രക്ഷിക്കാന്‍ പണിപ്പെട്ടുകൊണ്ടിരിക്കുന്ന ജോര്‍ജ് ഇന്ന് മുന്നണിയില്‍ ഒറ്റപ്പെട്ടവനാണ്. കൂട്ടിന് ആരുമില്ല. നിയമസഭയില്‍ അംഗങ്ങളെയെല്ലാം സര്‍ക്കാറിനുവേണ്ടി ഒന്നിച്ചണിനിരത്താന്‍ ഔദ്യോഗികമായി ചുമതലയുള്ള ചീഫ് വിപ്പ് ജോര്‍ജിനെ ഗൗനിക്കാന്‍ ഭരണപക്ഷത്ത് ആരും തന്നെയില്ല. കോണ്‍ഗ്രസുകാര്‍ക്ക് ജോര്‍ജിനെ കണ്ടാല്‍ കണ്ട ഭാവമില്ല. സ്വന്തം പാര്‍ട്ടിയില്‍ ജോര്‍ജിനോട് താത്പര്യമുള്ളവര്‍ തീരെയില്ല. പി ജെ ജോസഫും മോന്‍സ് ജോസഫുമൊക്കെ അകന്നു നില്‍ക്കുന്നു. ഇവരൊക്കെ പഴയ ജോസഫ് ഗ്രൂപ്പുകാരാണെന്ന് പറയാം. മാണി ഗ്രൂപ്പിലുള്ളവര്‍ക്കും ജോര്‍ജിനോട് താത്പര്യമില്ല തന്നെ. കോണ്‍ഗ്രസ് അംഗങ്ങള്‍ക്കു വേണ്ടി ടി എന്‍ പ്രതാപന്‍ വിപ്പ് നല്‍കാന്‍ തുടങ്ങിയിരിക്കുന്നു. നിയമസഭയില്‍ ജോര്‍ജിനോട് ഒന്ന് കുശലം പറയാന്‍ ആരുമില്ലാത്ത സ്ഥിതി. ജോര്‍ജിന് തുണയായി മാണി മാത്രം.
പി സി ജോര്‍ജിനെന്തു പറ്റി? ഇടതുമുന്നണിയില്‍ ആയിരുന്നപ്പോള്‍ ജോര്‍ജിന് ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ജോസഫ് ഗ്രൂപ്പില്‍ പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫിന് തുണയായി ഓടിനടന്നിരുന്ന ജോര്‍ജ് ഒരിക്കലും ഒരു അതിക്രമവും കാണിച്ചിട്ടില്ല. യു ഡി എഫിലെത്തിയപ്പോള്‍ ജോര്‍ജ് പ്രവര്‍ത്തന മണ്ഡലം വലുതാക്കി. യു ഡി എഫിനെ രക്ഷിക്കാന്‍ തനിക്കേ കഴിയൂവെന്ന് എല്ലാവരെയും ബോധ്യപ്പെടുത്താനായി ജോര്‍ജിന്റെ ശ്രമം. ആദ്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പാമോലിന്‍ കേസില്‍നിന്നും രക്ഷിക്കാനുള്ള ദൗത്യം സ്വയം ഏറ്റെടുത്തു. വേണ്ടാത്ത ഉത്തരവിട്ട വിജിലന്‍സ് ജഡ്ജിക്കെതിരെ ആദ്യം ചീത്തവിളി. പിന്നീട് ഗുരുതരമായ ആരോപണങ്ങള്‍. ഒടുവില്‍ ജഡ്ജി കേസും ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ താന്‍ അല്ലാതെ വേറെ ആരുണ്ടെന്ന ഭാവമായിരുന്നു ജോര്‍ജിന്റെ മുഖത്ത്.
അതൊക്കെ ഒട്ടൊതുക്കി പിറവം ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് വന്‍ വിജയം നേടിക്കഴിഞ്ഞപ്പോഴാണ് ജോര്‍ജ് അടുത്ത കരു നീക്കിയത്. ഇത്തവണ നെയ്യാറ്റിന്‍കരയില്‍ സി പി എം നിയമസഭാംഗം ആര്‍ സെല്‍വരാജിനെ രാജി വെപ്പിച്ച് യു ഡി എഫ് പാളയത്തിലെത്തിച്ച് ജോര്‍ജ് ഒരു വന്‍ നീക്കം നടത്തി. ഉമ്മന്‍ ചാണ്ടിയുടെയും യു ഡി എഫ് സര്‍ക്കാറിന്റെയും രക്ഷക്കും കെട്ടുറപ്പിനും ഇതിനപ്പുറം എന്തെങ്കിലും ചെയ്യാന്‍ ആര്‍ക്കെങ്കിലും കഴിയുമോ എന്ന ഭാവമായിരുന്നു അപ്പോള്‍ ജോര്‍ജിന്റെ മുഖത്ത്.
അങ്ങനെ മുന്നണിയില്‍ സകലതിന്റെയും രക്ഷകനായി വിലസുമ്പോഴാണ് ജോര്‍ജ് വനം മന്ത്രി ഗണേഷ്‌കുമാറുമായി കോര്‍ത്തത്. അതാകട്ടെ നെല്ലിയാമ്പതിയിലെ തോട്ടമുടമകളുടെ താത്പര്യത്തിന്റെ പേരിലും. ആ വിദ്വേഷമാകട്ടെ അറുവഷളന്‍ ആരോപണങ്ങള്‍ വരെയെത്തി. ജോര്‍ജിന്റെ ഒറ്റപ്പെടല്‍ അവിടെയാണ് തുടങ്ങിയത്. മാണി രക്ഷിക്കാനിറങ്ങിയിട്ടും ജോര്‍ജിനെ തുണക്കാന്‍ മറ്റാരുമില്ലാത്ത സ്ഥിതി. സ്വന്തം പക്ഷത്തെ ഇത്രയധികം പേരെ ഒറ്റയടിക്ക് ശത്രുക്കളാക്കാന്‍ മാത്രമേ ജോര്‍ജിന്റെ വാക്കുകള്‍ക്കും നീക്കങ്ങള്‍ക്കും കഴിഞ്ഞുള്ളൂവെന്നതാണ് സത്യം.
ദുഷിച്ച ഈ സംഭവങ്ങളൊക്കെയും സര്‍ക്കാറിന്റെയും മുന്നണിയുടെയും പ്രതിച്ഛായ കുറച്ചൊന്നുമല്ല തകര്‍ത്തത്. ഭരണമേറ്റ് ആദ്യത്തെ ഒരു വര്‍ഷക്കാലം ശക്തമായി മുന്നോട്ടുപൊയ്‌ക്കൊണ്ടിരുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ മുഖത്ത് കരിവാരിത്തേക്കാന്‍ പോരുന്നതായി ഈ സംഭവങ്ങള്‍. അതിന് മുമ്പുതന്നെ സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റു കഴിഞ്ഞിരുന്നു. അതാകട്ടെ, ജോര്‍ജിന്റെ തന്നെ ‘നെയ്യാറ്റിന്‍കര ഓപ്പറേഷനി’ലാണ് തുടങ്ങിയതും.
ശെല്‍വരാജിന്റെ രാജിയെത്തുടര്‍ന്ന് നടന്ന നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലഘട്ടത്തിലെ ഒരു സുപ്രധാന അധ്യായമായിരുന്നു. ശെല്‍വരാജിന്റെ രാജികൊണ്ട് യു ഡി എഫ് എന്തു നേടി? മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രിപദത്തെ തുടര്‍ന്ന് സമൂഹത്തിലുണ്ടായ സമുദായ സ്പര്‍ധ നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിലൂടെ വെളിവായത് മിച്ചം. അന്നു മുതല്‍ക്കാണ് യു ഡി എഫിന്റെ പ്രതിച്ഛായക്ക് വീഴ്ച പറ്റിയതെന്ന് ഉറപ്പിച്ച് പറയാം. നെയ്യാറ്റിന്‍കരയില്‍ തുടങ്ങി ഗണേഷ്‌കുമാര്‍ വിവാദം വരെയെത്തിനില്‍ക്കുന്ന നിരവധി സംഭവങ്ങളും വിവാദങ്ങളും മുന്നണിയുടെ പ്രതിച്ഛായ കുറച്ചൊന്നുമല്ല തകര്‍ത്തത്. അന്നുമുതല്‍ ഇന്നുവരെ പി സി ജോര്‍ജ് ഇതിലൊക്കെ ഒരു പ്രധാന കഥാപാത്രമായി ഉയര്‍ന്നുനില്‍ക്കുന്നു. അതുകൊണ്ടുതന്നെ പി സി ജോര്‍ജ് മുന്നണിയില്‍ ഒറ്റപ്പെട്ടിരിക്കുന്നു; സ്വന്തം പാര്‍ട്ടിയിലും.
ജോര്‍ജിനെതിരെ ജെ എസ് എസ് സമ്മര്‍ദം മുറുക്കിയിരിക്കുന്നു. കേരള കോണ്‍ഗ്രസിലും ജോര്‍ജിനെതിരെ പടയൊരുക്കം മുറുകുന്നുണ്ട്. കോണ്‍ഗ്രസില്‍ നല്ലൊരു ശതമാനം നേതാക്കളും ജോര്‍ജിന്റെ പോക്ക് ശരിയല്ലെന്ന് പരസ്യമായും രഹസ്യമായും പറഞ്ഞുകൊണ്ടിരിക്കുന്നു. അപ്പോള്‍ പി സി ജോര്‍ജ് ആര്‍ക്കുവേണ്ടിയാണ് ഇങ്ങനെ അരയും തലയും മുറുക്കി യുദ്ധം ചെയ്യുന്നത്? ആര്‍ക്കും അറിയില്ല. ഒരുപക്ഷേ ജോര്‍ജിനും.