Connect with us

Gulf

അവധിക്കാലം: കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് കുടുംബങ്ങളുടെ ഒഴുക്ക്‌

Published

|

Last Updated

ദുബൈ: അവധിക്കാലമായതോടെ കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് വിമാനങ്ങളില്‍ വന്‍ തിരക്ക്. വേനലവധിക്കാലമായതിനാല്‍ കുടുംബങ്ങളാണ് കൂടുതല്‍. തിരക്ക് മുതലാക്കി വിമാന കമ്പനികള്‍ നിരക്ക് കുത്തനെ കൂട്ടി. ഗള്‍ഫിലേക്കുള്ള നിരക്കുകള്‍ ഇരട്ടിയിലധികമായി.

7000-7500 രൂപ നിരക്കില്‍ യു എ ഇയിലേക്കും മറ്റും നാട്ടില്‍ ടിക്കറ്റ് ലഭിച്ചിരുന്നു. അതുകൊണ്ട് പലരും നാട്ടില്‍ നിന്നാണ് ടിക്കറ്റ് എടുത്തിരുന്നത്. ഇപ്പോള്‍ 15,000-20,000 രൂപയായി. ഏപ്രില്‍ പകുതിവരെ പല വിമാനങ്ങളിലും ടിക്കറ്റ് കിട്ടാനുമില്ല. ഇപ്പോഴത്തെ നിലയ്ക്ക് ഏപ്രില്‍ 15നുശേഷം തിരക്ക് കുറയേണ്ടതാണ്. എന്നാല്‍ ഈസ്റ്ററിനുശേഷം അവധിക്കാലം ചെലവഴിക്കാന്‍ കൂടുതല്‍പേര്‍ ഗള്‍ഫിലേക്ക് പറന്നാല്‍ തിരക്ക് ഏപ്രില്‍ അവസാനം വരെ തുടരുമെന്ന് ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ പറയുന്നു. കൊച്ചിയില്‍ നിന്ന് കുവൈത്തിലേക്കാണ് ഏറ്റവും തിരക്ക്. കുവൈത്തിലേക്ക് സര്‍വീസ് കുറവായതിനാലാണിത്. കുവൈത്തിലേക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥയുമുണ്ട്. കുവൈത്ത് എയര്‍വേസും എയര്‍ ഇന്ത്യയും കുവൈത്തിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.
എയര്‍ഇന്ത്യ കോഴിക്കോട് വഴിയാണ് കുവൈത്തിലേക്ക് പോകുന്നത്. അതും ആഴ്ചയില്‍ മൂന്ന് സര്‍വീസുമാത്രം. അതിനാല്‍ കൊച്ചിയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പരിമിത സീറ്റുകളേയുള്ളൂ. ഗള്‍ഫില്‍ ജോലിനോക്കുന്ന മലയാളികളുടെ കുടുംബാംഗങ്ങള്‍ അവധിക്കാലം ചെലവഴിക്കാന്‍ ഗള്‍ഫിലേക്ക് പറക്കുന്നതിനാലാണ് വിമാനങ്ങളില്‍ തിരക്ക് കൂടിയിരിക്കുന്നത്. യൂറോപ്പിലേക്കും അമേരിക്കയിലേക്കും തിരക്കുണ്ട്. കേരളത്തില്‍ നിന്നുള്ള കൂടുതല്‍ യാത്രക്കാരും അമേരിക്കയിലേക്കും യൂറോപ്പിലേക്കും പറക്കുന്നത് ദുബൈ വഴിയാണ്. അതും നിരക്ക് വര്‍ധനക്ക് കാരണമാണ്. ധാരാളം കുടുംബങ്ങള്‍ ഗള്‍ഫിലെത്തുന്നതിനാല്‍ അപ്പാര്‍ട്ട്‌മെന്റ് വാടകയും വര്‍ധിച്ചു. പല നഗരങ്ങളിലും അപ്പാര്‍ട്ട്‌മെന്റുകള്‍ കിട്ടാനില്ല.

വിമാന സമയങ്ങളില്‍ മാറ്റം

ദുബൈ: കേരളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനസമയങ്ങളില്‍ മാറ്റം. എയര്‍ ഇന്ത്യയുടെ എ ഐ 963 കോഴിക്കോട്-ജിദ്ദ വിമാനം വൈകുന്നേരം 6.10ന് കോഴിക്കോട്ടു നിന്നും പുറപ്പെട്ടിരുന്നത് നാളെ മുതല്‍ രാത്രി 8.35നാകും പുറപ്പെടുക. എയര്‍ ഇന്ത്യ എക്‌സപ്രസിന്റെ ഐ എക്‌സ് 411 കൊച്ചി-ഷാര്‍ജ വിമാനം രാവിലെ എട്ടിന് കൊച്ചിയില്‍ നിന്നും പുറപ്പെട്ടിരുന്നത് 31 മുതല്‍ രാത്രി 7.30നാകും പുറപ്പെടുക. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ എക്‌സ് 435 കൊച്ചി-ദുബൈ വിമാനം കൊച്ചിയില്‍ നിന്നും വൈകുന്നേരം 3.35ന് പുറപ്പെട്ടിരുന്നത് 31 മുതല്‍ പുലര്‍ച്ചെ 4.40നാകും പുറപ്പെടുക.

---- facebook comment plugin here -----

Latest