Connect with us

Gulf

'ചാനലുകളുടെ പക്വതയില്ലായ്മ മാധ്യമ മേഖലയുടെ ഗൗരവം ചോര്‍ത്തുന്നു'

Published

|

Last Updated

ദുബൈ: ടെലിവിഷന്‍ ചാനലുകളടക്കം നവ മാധ്യമങ്ങളുടെ മുഖ്യ പ്രശ്‌നം പക്വതയില്ലായ്മയാണെന്ന് വിദഗ്ധര്‍. ദുബൈയില്‍ ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
“സത്യം പുറത്തുകൊണ്ടുവരാന്‍ പല മാര്‍ഗങ്ങളുണ്ട്. അതേസമയം, വ്യക്തിയുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറുന്നത് ധാര്‍മികതക്ക് നിരക്കുന്നതല്ല. ഒളിക്യാമറകള്‍ പലപ്പോഴും ചെയ്യുന്നത് അതാണ്. ചാനലുകള്‍ സജീവമാകുന്നതിന് മുമ്പ് പത്രങ്ങള്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ കടമ നിര്‍വഹിച്ചിട്ടുണ്ടെന്ന് ചാനലുകള്‍ ഓര്‍ക്കണം. അതേസമയം നെഗറ്റീവ് വാര്‍ത്തകളാണ് കേരളത്തില്‍ കൂടുതല്‍ ചെലവാകുന്നത്. അതിന് ഇടംകൊടുക്കാനേ പാടില്ല-കോളമിസ്റ്റ് കെ എം റോയ് പറഞ്ഞു.
21 വയസ് പോലും പൂര്‍ത്തിയാകാത്തവര്‍ ലോകത്തെക്കുറിച്ച് സകലതും സംസാരിക്കാന്‍ നിയോഗിക്കപ്പെട്ടതുപോലുള്ള അവസ്ഥയാണ് ചാനലുകള്‍ സൃഷ്ടിക്കുന്നതെന്ന് മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് പറഞ്ഞു.
അത് അബദ്ധങ്ങള്‍ വരുത്തിവെക്കും. അതേസമയം മലയാളത്തിലടക്കം നൂറ്റാണ്ടുകളുടെ പാരമ്പര്യം പത്രങ്ങള്‍ക്ക് അവകാശപ്പെടാനുണ്ട്. അതിന്റെ ഗുണം അച്ചടി മാധ്യമങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. മുമ്പ് സമുദായങ്ങള്‍ തിരിച്ചായിരുന്നു പത്രങ്ങള്‍. ഇന്ന് എല്ലാപത്രങ്ങളും എല്ലാവര്‍ക്കും വായിക്കാവുന്ന വിധത്തിലാണ് സംവിധാനം ചെയ്യുന്നത്. അതുകൊണ്ടുകൂടിയാകണം മുസ്‌ലിം ലീഗിന്റെ മുഖപത്രമായ “ചന്ദ്രിക” ആര്‍ എസ് എസിന്റെ നിയന്ത്രണത്തിലുള്ള അയോധ്യ പ്രസില്‍ അച്ചടിക്കുന്നത്. ഇലക്‌ട്രോണിക് മീഡിയയിലേക്ക് കടന്നെത്തുന്നവര്‍ക്ക് ശരിയായ പരിശീലനം ലഭിക്കാറില്ല. തിരുവനന്തപുരത്ത് പ്രസ് ക്ലബ്ബ് നടത്തുന്ന ഒരു വര്‍ഷത്തെ കോഴ്‌സില്‍ ഒരു മാസം മാത്രമാണ്, ഇലക്‌ട്രോണിക് മാധ്യമങ്ങളെ കുറിച്ച് പഠിപ്പിക്കുന്നത്-തോമസ് ജേക്കബ് ചൂണ്ടിക്കാട്ടി.
മാധ്യമ സ്ഥാപനങ്ങള്‍ രൂപവത്കരിക്കുന്ന നയവും ധാര്‍മികതയും ആലോചനക്ക് വിധേയമാക്കണമെന്ന് മാധ്യമം ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. മാധ്യമ രംഗത്ത് എല്ലാം അനാരോഗ്യകരം എന്നു പറയുന്നില്ല. എന്നാല്‍ മഹാഭൂരിപക്ഷം ദാരിദ്ര്യം അനുഭവിക്കുമ്പോള്‍ ചെറുന്യൂനപക്ഷത്തിന്റെ നേട്ടങ്ങള്‍ക്കാണ് കൂടുതല്‍ സ്ഥലം വിനിയോഗിക്കുന്നത്. ഭീകരതയുടെ പട്ടം ഒരു വിഭാഗത്തിനു മാത്രം ചാര്‍ത്തിക്കൊടുക്കുന്നു-ഒ അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം നടപ്പാക്കാന്‍ സര്‍ക്കാറിന് കഴിയില്ലെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ടി വി ആര്‍ ഷേണായ് പറഞ്ഞു. മാധ്യമങ്ങള്‍ അത് നടപ്പാക്കില്ല. പണ്ട്, പത്രങ്ങള്‍ ന്യൂസ് പേപ്പറുകള്‍ ആയിരുന്നു. ഇന്ന് വ്യൂസ് പേപ്പര്‍ ആണ്. വിശകലനങ്ങള്‍ക്കാണ് മുന്‍തൂക്കം. ഇത് പത്രങ്ങള്‍ സ്വയം സൃഷ്ടിച്ച മാറ്റമാണ്. അങ്ങിനെയേ മാറ്റങ്ങള്‍ വരുകയുള്ളൂ. ബിരുദം കൊണ്ട് മാധ്യമപ്രവര്‍ത്തകനാകാന്‍ കഴിയില്ല. ബിരുദം ഒരു ഹാള്‍ ടിക്കറ്റ് മാത്രമാണ്. അതാത് മാധ്യമങ്ങള്‍ നല്‍കുന്ന പരിശീലനമാണ് പ്രധാനം. ഇന്ന് ചാനലുകള്‍ക്ക് വിശ്വാസതയില്ല. പത്രങ്ങള്‍ക്ക് ഗൗരവവുമില്ല. ഉള്ളടക്കത്തിനല്ല മാനേജ്‌മെന്റ് പ്രാധാന്യം നല്‍കുന്നത്. മാര്‍ക്കറ്റിംഗിനാണ്. ഇത് അപകടകരമാണ്-ടി വി ആര്‍ ഷേണായ് പറഞ്ഞു.
രാജ്യങ്ങളുടെ നയരൂപവത്കരണം മാധ്യമങ്ങളുടെ അഭിപ്രായരൂപവത്കരണത്തെ ആധാരമാക്കുന്ന കാലമാണിതെന്ന് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തന്‍ കെ പി നായര്‍ പറഞ്ഞു. എന്‍ വിജയ്‌മോഹന്‍, രമേശ് പയ്യന്നൂര്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest