കുറ്റവാസന തിരിച്ചറിയാന്‍ ബ്രയിന്‍ ഇമേജിംഗ് സഹായിക്കുമെന്ന് പഠനം

Posted on: March 30, 2013 4:03 pm | Last updated: March 31, 2013 at 2:53 pm
SHARE

ലോസ്ആഞ്ചല്‍സ്: കുറ്റവാളികളുടെ സ്വഭാവമറിയാന്‍ തലച്ചോറിന്റെ ന്യൂറോ ഇമേജിംഗ് വഴി സാധിക്കുമെന്ന് പഠനം. കുറ്റം ചെയ്ത് ശിക്ഷ അനുഭവിച്ച ആള്‍ ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ കുറ്റം ആവര്‍ത്തിക്കുമോ ഇല്ലയോ എന്ന് അറിയാന്‍ സാധിക്കുമെന്നാണ് പ്രൊസീഡിംഗ്‌സ് ഓഫ് ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ( Proceedings of the National Academy of Sciences) ല്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. ന്യൂ മെക്‌സിക്കോയിലെ അല്‍ബുക്വേര്‍ഖിലെ മൈന്‍ഡ് റിസര്‍ച്ച് നെറ്റ് വര്‍ക്ക് (MRN) ആണ് പഠനം നടത്തിയിരിക്കുന്നത്.
തലച്ചോറിലെ ആന്റീരിയര്‍ സിന്‍ഗുലേറ്റ് കോര്‍ട്ടെക്‌സ് (nterior cingulate cortex -ACC) എന്ന ഭാഗത്തിന്റെ ന്യൂറോ ഇമേജിംഗ് വഴിയാണ് കുറ്റവാസന അറിയാന്‍ സാധിക്കുകയെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. മനുഷ്യന്റെ സ്വഭാവത്തേയും പ്രചോദനങ്ങളെയും നിയന്ത്രിക്കുന്നത് ഈ ഭാഗമാണ്. ആന്റീരിയല്‍ സിംഗുലേറ്റിന്റെ പ്രവര്‍ത്തനം കുറഞ്ഞവര്‍ ഒരു കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാല്‍ വീണ്ടും കുറ്റം ചെയ്യാന്‍ സാധ്യതയുണ്ട്. കൂടിയവരില്‍ ഇതിനുള്ള സാധ്യത കുറവാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
യൂനിവേഴ്‌സിറ്റി ഓഫ് ന്യൂ മെക്‌സിക്കോയിലെ മനശാസ്ത്ര പ്രൊഫസറും എം ആര്‍ എന്‍ ഡയറക്ടറുമായ കെന്‍ എ ഖ്യേലിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. 20നും 52നും ഇടയില്‍ പ്രായമുള്ള 96 പുരുഷന്മാരായ കുറ്റവാളികളെയാണ് പഠനത്തിന് വിധേയരാക്കിയത്. 4 വര്‍ഷം നീണ്ട ഗവേഷണത്തിനൊടുവിലാണ് ശാസ്ത്രജ്ഞര്‍ നിഗമനത്തിലെത്തിയത്.