‘നിതാഖാത്ത്’ കണ്ട് പേടിക്കുന്നതിന് മുമ്പ്

Posted on: March 30, 2013 9:08 am | Last updated: April 2, 2013 at 10:12 pm
SHARE

ഗള്‍ഫിലെ സ്വദേശിവത്കരണം നാട്ടില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുന്നു. സഊദി അറേബ്യയില്‍ നിന്ന് ധാരാളം ആളുകള്‍ മടങ്ങിയെത്തുമെന്നാണ് ഭയം. മലപ്പുറം ജില്ലയാണ് ഏറ്റവും വിറകൊള്ളുന്നത്. കാരണം സഊദിയില്‍ നാല് ലക്ഷത്തോളം മലപ്പുറത്തുകാര്‍ ജോലിയിലോ ചെറുകിട സംരംഭങ്ങളിലോ ഏര്‍പ്പെട്ടിട്ടുണ്ട്. അവര്‍, കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയാല്‍ മലപ്പുറത്ത് പല വീടുകളിലും അടുപ്പ് പുക യില്ല.
സഊദിയിലുള്ള മലയാളികളില്‍ കൂടുതല്‍ പേരും വടക്കന്‍ ജില്ലകളില്‍ നിന്നുള്ളവര്‍. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ഭാഗത്തെ ഭൂരിപക്ഷം വീടുകളില്‍ നിന്ന് ഒരാളെങ്കിലും സഊദിയിലുണ്ടാകുമെന്നാണ് കണക്ക്. കുറഞ്ഞപക്ഷം, സഊദി അറേബ്യ സന്ദര്‍ശിച്ചവരെങ്കിലുമായിരിക്കും. ഹജ്ജ്, ഉംറ തീര്‍ഥാടനങ്ങള്‍ക്ക് പോയി വരുന്നവര്‍ വേറെ.
സഊദിയില്‍ ഡ്രൈവര്‍മാര്‍, പാചകക്കാര്‍, വീട്ടുവേലക്കാര്‍, സെയില്‍സ്മാന്മാര്‍ എന്നിങ്ങനെ ചെറിയ ജീവിതോപാധി കണ്ടെത്തിയവര്‍ പോലും ഇതേവരെ തൃപ്തരായിരുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ജീവിതച്ചെലവ് കുറവാണ്. മിച്ചംവരുന്ന പണം നാട്ടിലെത്തിച്ചാല്‍, അവിടെയുള്ള കുടുംബം അല്ലലില്ലാതെ കഴിഞ്ഞുപോകും.
അവരുടെ പ്രതീക്ഷയുടെ ആകാശത്താണ് ‘നിതാഖാത്ത്’ കാര്‍മേഖങ്ങള്‍ ആയത്. സ്‌പോണ്‍സറുടെ കീഴില്‍ അല്ലാതെ ഇനി സഊദിയില്‍ ജോലി ചെയ്യാന്‍ കഴിയില്ല. മുമ്പ്, ഫ്രീവിസയില്‍ പോയി എന്തെങ്കിലും ജീവിതോപാധി തേടി കഴിഞ്ഞുകൂടാമായിരുന്നു. ഇനി, സ്‌പോണ്‍സറുടെ കീഴില്‍ തന്നെ ജോലി നോക്കണം.
പതിനായിരക്കണക്കിനാളുകള്‍ വിസാ ക്രമീകരണം നടത്തുകയോ നാട്ടിലേക്ക് മടങ്ങുകയോ ചെയ്യണം. തൊഴില്‍ കമ്പോളം ചിട്ടപ്പെടുത്തുന്നതിന്റെ ഭാഗമാണിത്. മറ്റൊന്ന്, ചെറുകിട സംരംഭകര്‍ പോലും സ്വദേശികളെ ജോലിക്കെടുക്കണം എന്നതാണ്. ഒരു ‘ബഖാല’ (ഗ്രോസറി) നടത്തുന്നവരുടെ മാസ വരുമാനം 2,000 റിയാലായിരിക്കും. ഇവര്‍, ഇതിലേറെ ശമ്പളം നല്‍കി സ്വദേശിയെ എങ്ങിനെ ജോലിക്കെടുക്കാന്‍?
അതേസമയം, നാട്ടില്‍ പ്രചരിക്കുന്നതു പോലെയല്ല, കാര്യങ്ങളെന്ന് സഊദിയിലുള്ള സുഹൃത്തുക്കള്‍ പറയുന്നു. സ്വകാര്യ മേഖലയില്‍ വിദേശ തൊഴിലാളികളെ വ്യാപകമായി പുറത്താക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ല. സഊദി അറേബ്യക്ക് വിദേശ തൊഴിലാളികള്‍ ഇനിയും ധാരാളമായി ആവശ്യമുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകാന്‍ വിദേശ തൊഴിലാളികള്‍ അനിവാര്യം. അതേസമയം, സഊദിയിലെ വിദേശ തൊഴിലാളികളെ സംബന്ധിച്ച് തൊഴില്‍ വകുപ്പിന് വ്യക്തത കൈവരാന്‍ വേണ്ടിയാണ് പുതിയ നിബന്ധനകള്‍-സഊദിയില്‍ മാധ്യമരംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
യു എ ഇയിലും ഒമാനിലും ഇത്തരത്തിലുള്ള ക്രമീകരണങ്ങള്‍ നേരത്തെ നടന്നിട്ടുണ്ട്. പത്ത് വര്‍ഷം മുമ്പ്, ഇരു രാജ്യങ്ങളിലും ധാരാളം ഫ്രീ വിസക്കാര്‍ ഉണ്ടായിരുന്നു. നിര്‍മാണ മേഖലയില്‍ ആവശ്യമായ തൊഴിലാളികളെ ലഭിക്കാതെ വന്നപ്പോള്‍, പല തൊഴിലുടമകളും വീട്ടുവേലയുടെ വിസയില്‍ എത്തിയവരെയും മറ്റും ജോലിക്ക് നിയോഗിച്ചു. വിസ ഏതെങ്കിലും വീട്ടിലേതായിരിക്കും. തൊഴില്‍ കെട്ടിട നിര്‍മാണവും.
ഇത്തരം തൊഴിലാളികള്‍ക്ക് മതിയായ വേതനം ലഭിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നപ്പോള്‍ സ്ഥിതി മാറി. തൊഴില്‍ വകുപ്പ് ശക്തമായി ഇടപെടുകയും വിസാ മാറ്റങ്ങള്‍ക്ക് കമ്പനികളില്‍ സമ്മര്‍ദം ചെലുത്തുകയുമുണ്ടായി. യു എ ഇയില്‍ ഇപ്പോള്‍ ഇത്തരം ‘അനധികൃത താമസക്കാര്‍’ നന്നേ ചുരുക്കം.
ഒമാനില്‍, സ്വദേശികളുടെ തൊഴിലില്ലായ്മ വര്‍ധിച്ചു വന്നപ്പോള്‍ പല തൊഴില്‍ വിഭാഗങ്ങളും സ്വദേശികള്‍ക്ക് സംവരണം ചെയ്യപ്പെട്ടു. ഭാരവാഹനങ്ങളിലെ ഡ്രൈവര്‍ തസ്തികകളില്‍ പോലും സ്വദേശി സാന്നിധ്യമായി. നിരവധി മലയാളികള്‍ക്ക് അക്കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടു. മധ്യപൗരസ്ത്യദേശത്തെ മുല്ലപ്പൂ വിപ്ലവം കേട്ടുകേള്‍വിപോലുമില്ലാത്ത കാലത്താണ് ഒമാന്‍ വത്കരണം കൊണ്ടുപിടിച്ചു നടന്നത്. രണ്ട് വര്‍ഷം മുമ്പ് ഒമാനില്‍ രാഷട്രീയ അസ്വാസ്ഥ്യങ്ങള്‍ ഉടലെടുത്തത് ഒമാന്‍ വത്കരണത്തെയല്ല, ത്വരിതപ്പെടുത്തിയത്. മറിച്ച്, പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനെയാണ്. 2013ലെ ബജറ്റില്‍ 1,290 കോടി റിയാലാണ് ഇതിനായി വകയിരുത്തിയിരുന്നത്. പുതിയ സംരംഭങ്ങള്‍ വരുന്നത്, വിദേശ ഉദ്യോഗാര്‍ഥികള്‍ക്കും ഗുണം ചെയ്യുന്നു.യു എ ഇയില്‍ വന്‍കിട പദ്ധതികള്‍ ധാരാളം ആസൂത്രണം ചെയ്തിട്ടുണ്ട്. ദുബൈയില്‍ ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം, യു എ ഇയെ അങ്ങോളമിങ്ങോളം ബന്ധിപ്പിക്കുന്ന റെയില്‍പാത തുടങ്ങിയവയുടെ നിര്‍മാണം ദ്രുതഗതിയില്‍. കനത്ത തോതില്‍ വിദേശ മാനവശേഷി ഇവിടങ്ങളില്‍ ആവശ്യമായി വരും.
സഊദി അറേബ്യയിലാണ് വന്‍കിട നഗരങ്ങള്‍ കൂടുതലും ഉയര്‍ന്നു വരിക. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം ജിദ്ദയില്‍ യാഥാര്‍ഥ്യമാകാന്‍ പോകുന്നു. ഹൈപ്പര്‍മാര്‍ക്കറ്റുകളും ഹോട്ടലുകളും രൂപകല്‍പ്പന ചെയ്യപ്പെടുന്നു. സഊദി പൗരന്മാരോടൊപ്പം വിദേശികളും തോളോടുതോള്‍ ചേര്‍ന്നാല്‍ മാത്രമെ ഇതൊക്കെ പൂര്‍ണതയിലെത്തൂ.
ഇന്ത്യന്‍ സര്‍ക്കാര്‍ വേണ്ടത്, ഗള്‍ഫ് രാജ്യങ്ങളുമായി മികച്ച നയതന്ത്ര ബന്ധം സ്ഥാപിക്കുകയെന്നതാണ്. ഇന്ത്യയോട് ഗള്‍ഫ് ഭരണകൂടങ്ങള്‍ക്ക് വിരോധമില്ല. കൂട്ടുകൂടാന്‍ ആഗ്രഹവുമുണ്ട്. മടിച്ചു നില്‍ക്കുന്നത് ഇന്ത്യന്‍ ഭരണകൂടം. രാഷട്രീയ കക്ഷികളുടെ തെറ്റിദ്ധാരണകള്‍ മാറുകയും വേണം. മുസ്‌ലിം രാജ്യങ്ങള്‍ ശത്രു രാജ്യങ്ങളല്ല. മാത്രമല്ല, വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ ചെയ്യുന്ന പാതകത്തെക്കാള്‍ വലുതായൊന്നും ഗള്‍ഫിലെ പരിശോധകരുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് തോന്നുന്നില്ല. കുടുംബം പുലര്‍ത്താന്‍, എങ്ങിനെയെങ്കിലും കടല്‍കടക്കാന്‍ വിമാനത്താവളത്തിലെത്തുന്ന ഗള്‍ഫ് തൊഴിലന്വേഷകര്‍ക്ക് എന്തെല്ലാം ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നു. പാസ്‌പോര്‍ട്ടില്‍ അക്കപ്പിശകിന് തടവില്‍ കിടക്കേണ്ടിവന്നവരുടെ കണക്ക് പുറത്തുവിടണം. അപ്പോഴറിയാം സഊദി വത്കരണത്തെക്കാള്‍ വലിയ പ്രശ്‌നങ്ങളാണ് ഇന്ത്യന്‍ വിമാനത്താവളങ്ങളിലേതെന്ന്.
പാസ്‌പോര്‍ട്ടിലെ ജനനത്തീയതി തെറ്റിപ്പോയതിന്റെ പേരില്‍ നാട് തെണ്ടേണ്ടി വന്നവര്‍ ആയിരങ്ങള്‍ വരും. ഇത്തരം പീഡനങ്ങള്‍ അവസാനിക്കട്ടെ.
ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും ഇന്ത്യയും മധ്യപൗരസ്ത്യദേശങ്ങളും ഏറെ അടുപ്പമുള്ള മേഖലകളാണ്. എന്നിട്ടും എന്തുകൊണ്ട്, രാഷ്ട്രീയ ബന്ധങ്ങള്‍ കുറഞ്ഞുവെന്ന് സര്‍ക്കാര്‍ ആലോചിക്കണം. സഊദി അറേബ്യയിലെത്തുന്നവര്‍ തീവ്രവാദികളായി മാറുന്നുവെന്നു വിളിച്ചു പറഞ്ഞ ഒരു മാന്യദേഹം ഇന്ന് ഗവര്‍ണറാണ്. അദ്ദേഹം, കേന്ദ്രത്തില്‍ ഉന്നത ഉദ്യോഗം വഹിച്ചിരുന്ന കാലത്ത്, ഗള്‍ഫ് രാജ്യങ്ങളുമായി നയതന്ത്രബന്ധം പാടെ അവസാനിച്ചു. അദ്ദേഹം ഉള്‍പ്പെട്ട സംഘം, പാശ്ചാത്യ നാടുകളിലേക്കാണ് കണ്ണുനട്ടത്. പാശ്ചാത്യ രാജ്യക്കാര്‍ പക്ഷേ, ഗള്‍ഫ് ഭരണകൂടങ്ങളുമായാണ് ചങ്ങാത്തം സ്ഥാപിച്ചത്. അതുവഴി എണ്ണയുടെ ഒഴുക്കും നിക്ഷേപത്തിന്റെ ഒഴുക്കും പാശ്ചാത്യ വഴികളിലായി. ഇന്ത്യക്ക് ഇപ്പോള്‍ കടിച്ചതുമില്ല, പിടിച്ചതുമില്ല. ഇന്ത്യയും മധ്യപൗരസ്ത്യദേശവും സ്വാഭാവിക സുഹൃത്തുക്കളാണ്. തൊഴില്‍ കമ്പോളത്തിലെ ഇന്ത്യന്‍ ആധിപത്യം നിലനിര്‍ത്താനെങ്കിലും ആ സുഹൃദ് ബന്ധം അരക്കിട്ടുറപ്പിക്കണം.