ഇ.അഹമ്മദ് സൗദി വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി

Posted on: March 30, 2013 6:02 am | Last updated: March 30, 2013 at 6:44 am
SHARE

ദുഷാന്‍ബെ(താജിക്കിസ്താന്‍):  സൗദിഅറേബ്യ നടപ്പാക്കുന്ന സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് സൗദി വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി. സൗദിയിലെ ഇന്ത്യക്കാര്‍ ഭയാശങ്കപ്പെടേണ്ടതില്ലെന്ന് ഇ.അഹമ്മദ്. സൗദിയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്കുള്ള ആശങ്കകള്‍ സംബന്ധിച്ച് സഊദി വിദേശകാര്യ സഹമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ സഅദ് രാജകുമാരനുമായി മന്ത്രി ഇ.അഹമ്മദ് ഇന്നലെ ചര്‍ച്ച നടത്തി. സൗദിയിലെ തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരെ സംബന്ധിച്ച് ഇന്ത്യക്കും സൗദിക്കും നല്ല അഭിപ്രായമാണുള്ളത്. ഇന്ത്യയുമായുള്ള ബന്ധം വളരെ സൗഹൃദപരമാണെന്നും ആ ബന്ധം സൗദി അറേബ്യ വിലമതിക്കുന്നുവെന്നും രാജകുമാരന്‍ അഭിപ്രായപ്പെട്ടു. തൊഴില്‍രംഗത്തുള്ള ഇന്ത്യക്കാരുടെ ആശങ്ക സൗദി കണക്കിലെടുക്കുമെന്നും ഇപ്പോഴത്തെ സംഭവ വികാസങ്ങളെക്കുറിച്ച് സഊദിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി താന്‍ അവിടെ എത്തിയ ഉടന്‍ ചര്‍ച്ച നടത്തുമെന്നും രാജകുമാരന്‍ ഉറപ്പുനല്‍കി. നിയമപരമായി ഇക്കാര്യങ്ങളെക്കുറിച്ച് തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് കഴിയുന്നിടത്തോളം സൗദി പരിഗണന നല്‍കും. തൊഴില്‍ വകുപ്പാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരം കാണേണ്ടതെന്നും രാജകുമാരന്‍ ഇ.അഹമ്മദുമായുള്ള ചര്‍ച്ചയില്‍ പറഞ്ഞു.തൊഴില്‍ രംഗത്തെ ഇന്ത്യക്കാരുടെ ആശങ്ക കണക്കിലെടുക്കുമെന്നും അദ്ധേഹം പറഞ്ഞു.