ഈസ്റ്റ് ബംഗാളിനെ പ്രയാഗ് തളച്ചു (2-2)

Posted on: March 30, 2013 2:06 am | Last updated: March 30, 2013 at 2:11 am
SHARE

കല്യാണി: ഐ ലീഗില്‍ ഈസ്റ്റ്ബംഗാളും പ്രയാഗ് യുനൈറ്റഡും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആവേശം സമനിലയില്‍ ഒതുങ്ങി. രണ്ട് ഗോളിന് മുന്നിട്ടുനിന്ന ഈസ്റ്റ്ബംഗാളിനെ ഞെട്ടിച്ചുകൊണ്ട് പ്രയാഗ് സമനില പൊരുതിയെടുക്കുകയായിരുന്നു. ഐ എഫ് എ ഷീല്‍ഡ് ഫൈനലില്‍ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി കിരീടം ചൂടിയവരാണ് പ്രയാഗ്. ഇരുപത്തിരണ്ടാം റൗണ്ടില്‍ ജയം കൈവിട്ടത് ഈസ്റ്റ്ബംഗാളിന് വലിയ തിരിച്ചടിയായി. ഗോവ ചര്‍ച്ചില്‍ ബ്രദേഴ്‌സിനൊപ്പം പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള അവസരമാണ് ഈസ്റ്റ്ബംഗാളിന് നഷ്ടമായത്. എദേ ചിദി(41), മനന്‍ദീപ് സിംഗ്(49) എന്നിവരായിരുന്നു ഈസ്റ്റ്ബംഗാളിന് ലീഡ് നേടിയത്. കാര്‍ലോസ് ഹെര്‍നാണ്ടസ്(63), റാന്റിമാര്‍ട്ടിന്‍സ്(69) പ്രയാഗിന്റെ രക്ഷകരായി. 22 മത്സരങ്ങളില്‍ ഈസ്റ്റ്ബംഗാള്‍ 42 പോയിന്റോടെ രണ്ടാം സ്ഥാനത്ത്. പ്രയാഗിന് മുപ്പത്തഞ്ച് പോയിന്റ്.
ആദ്യ പകുതിയില്‍ ഇരുടീമുകളും ആക്രമിച്ചു കളിക്കുന്നതിനേക്കാള്‍ എതിരാളിയുടെ ശക്തിദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കാനാണ് ശ്രമിച്ചത്. പ്രയാഗ് യുനൈറ്റഡാണ് അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുന്നിട്ടു നിന്നത്. മുഹമ്മദ് റഫീഖും മാര്‍ട്ടിന്‍സും തുടക്കത്തില്‍ ലഭിച്ച അവസരങ്ങള്‍ പാഴാക്കിയത് പ്രയാഗിന് ലീഡ് നേടാനുള്ള അവസരം നഷ്ടമായി. പതിയെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഈസ്റ്റ്ബംഗാള്‍ അരമണിക്കൂറിന് ശേഷം ഗോളന്വേഷണം ആരംഭിച്ചു. നാല്‍പ്പത്തൊന്നാം മിനുട്ടില്‍ പ്രയാഗിന്റെ മധ്യനിരയിലെ പിഴവ് മുതലെടുത്ത് എദേ ചിദി തൊടുത്ത ഷോട്ടാണ് ഗോളില്‍ കലാശിച്ചത്. തുടര്‍ന്ന് ആധിപത്യം നിലനിര്‍ത്തിയ ട്രെവര്‍ മോര്‍ഗന്റെ സംഘം ബ്രേക്കിന് ശേഷം നാലാം മിനുട്ടില്‍ ലീഡുയര്‍ത്തി. മിഡ്ഫീല്‍ഡര്‍ ഇഷ്ഫാഖ് അഹമ്മദിനെ പ്രയാഗ് ഗോളി സംഗ്രാം മുഖര്‍ജി ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റിയിലാണ് ഗോള്‍. കിക്കെടുത്ത മനന്‍ദീപ് സിംഗിന് പിഴച്ചില്ല.
വിജയികളെ പോലെ പന്ത് തട്ടിയ ഈസ്റ്റ്ബംഗാളിന്റെ പതനം ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗിലൂടെയാണ്. കാര്‍ലോസിന്റെ ലോംഗ് റേഞ്ചര്‍ ബ്ലോക്ക് ചെയ്യാനുള്ള ശ്രമത്തില്‍ പന്ത് വഴുതി വലയില്‍ കയറി. അറുപത്തിമൂന്നാം മിനുട്ടിലെ ഗോള്‍ പ്രയാഗിന് ചില്ലറ ഊര്‍ജമൊന്നുമല്ല നല്‍കിയത്. സമനില ഗോളിനായി അവര്‍ പൊരുതി. മൂന്ന് മിനുട്ടിനകം കാര്‍ലോസിന്റെ പാസില്‍ റാന്റി മാര്‍ട്ടിന്‍സ് അനായാസഗോളില്‍ പ്രയാഗിന് വീരോചിത സമനിലയൊരുക്കി. ഈസ്റ്റ്ബംഗാളിന്റെ പ്രതിരോധനിരയെ ഒന്നടങ്കംകബളിപ്പിക്കുന്നതായിരുന്നു കാര്‍ലോസ്-റാന്റി പാസിംഗ്. തിരിച്ചടി കിട്ടിയ ഈസ്റ്റ്ബംഗാള്‍ ലീഡ് തേടി പൊരുതി. നാല് മിനുട്ടിനകം ചിദിക്ക് മികച്ച അവസരംകൈവന്നു. പക്ഷേ, ഗോളി സംഗ്രാം മുഖര്‍ജി അനുവദിച്ചില്ല. എണ്‍പത്തിരണ്ടാം മിനുട്ടില്‍ ഇഷ്ഫാഖ് അഹമ്മദും സുവര്‍ണാവസരം പാഴാക്കി.
നിലവിലെ ചാമ്പ്യന്‍മാരായ ഡെംപോ ഗോവയുടെ കിരീടപ്രതീക്ഷകള്‍ക്ക് പൂനെ എഫ് സിയില്‍ നിന്ന് തിരിച്ചടിയേറ്റു. വ്യാഴാഴ്ച എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഹോംഗ്രൗണ്ടില്‍ പൂനെ എഫ് സി ഗോവന്‍ ക്ലബ്ബിനെ മുട്ടുകുത്തിച്ചത്. ഇതോടെ, 20 മത്സരങ്ങളില്‍ 37 പോയിന്റോടെ പൂനെ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഡെംപോക്ക് 35 പോയിന്റാണ്. സീസണില്‍ ഡെംപോക്കെതിരെ പൂനെ നേടുന്ന രണ്ടാം ജയമാണിത്. ഡിസംബറിലെ എവേ മത്സരത്തില്‍ 5-1നായിരുന്നു പൂനെ ഡെംപോയെ തകര്‍ത്തത്. പൂനെയിലെ ബാലെവാഡി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന മത്സരത്തില്‍ മുപ്പതാം മിനുട്ടില്‍ സുഖ്‌വീന്ദര്‍ സിംഗിലൂടെ പൂനെ മുന്നിലെത്തി. നാല്‍പ്പത്തിനാലാം മിനുട്ടില്‍ സുഖ്‌വീന്ദര്‍ ഡബിള്‍ തികച്ചു.