Connect with us

Sports

ഇന്ന് ഗോളടിച്ചാല്‍ മെസി വീണ്ടും സംഭവമാകും

Published

|

Last Updated

മാഡ്രിഡ്: മെസിയെ കാത്ത് ഇന്ന് മറ്റൊരു റെക്കോര്‍ഡ്. സ്പാനിഷ് ലാ ലീഗയിലെ എല്ലാ എതിര്‍ടീമുകള്‍ക്കെതിരെയും ഗോള്‍ നേടുന്ന ആദ്യ താരം എന്ന ബഹുമതി മെസിക്ക് സ്വന്തമാകാന്‍ സെല്‍റ്റാ വിഗോക്കെതിരെ സ്‌കോര്‍ ചെയ്താല്‍ മതി. ന്യൂയോര്‍ക്കിലെ അര്‍ബുദ ചികിത്സ കഴിഞ്ഞ് കോച്ച് ടിറ്റോ വിലനോവ തിരിച്ചെത്തിയതും ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സ്പാനിഷ് ടീം ഫ്രാന്‍സിനെ തോല്‍പ്പിച്ചതും ഇന്ന് ബാഴ്‌സയുടെ പ്രകടനത്തിന് കരുത്തേകും. ബൊളിവിയയിലെ മലമുകളിലുള്ള ലാപാസില്‍ ഏറെ വൈഷമ്യം നേരിട്ട ലയണല്‍ മെസി സെല്‍റ്റാവിഗോക്കെതിരെ സ്‌കോറിംഗ് റെക്കോര്‍ഡ് തുടരുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ സീസണില്‍ 73 ഗോളുകള്‍ നേടി റെക്കോര്‍ഡിട്ട ലയണല്‍ മെസി ഇത്തവണ 55 ഗോളുകള്‍ നേടിയിട്ടുണ്ട്. അടുത്താഴ്ച യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഫ്രഞ്ച് ക്ലബ്ബ് പി എസ് ജി യെ നേരിടുന്ന ബാഴ്‌സലോണക്ക് ലാ ലിഗയിലെ ജയം ആത്മവിശ്വാസം ഉയര്‍ത്തും. അതുകൊണ്ടു തന്നെ സെല്‍റ്റ വിഗോക്കെതിരെ വലിയ മാര്‍ജിനിലുള്ള ജയമാണ് നൗകാംപ് ടീം ലക്ഷ്യമിടുന്നത്. ലാ ലീഗയില്‍ 28 റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ 74 പോയിന്റോടെ ബാഴ്‌സലോണ ഒന്നാം സ്ഥാനത്താണ്. 61 പോയിന്റോടെ റയല്‍ രണ്ടാം സ്ഥാനത്തും 60 പോയിന്റോടെ അത്‌ലറ്റികോ മാഡ്രിഡ് മൂന്നാം സ്ഥാനത്തും. പത്ത് മത്സരങ്ങള്‍ ശേഷിക്കെ, ലീഗ് കിരീടം ബാഴ്‌സയുടെ കരങ്ങളില്‍ തന്നെയാണ്. തുടര്‍ തോല്‍വികള്‍ക്ക് മാത്രമേ ബാഴ്‌സയെ അട്ടിമറിക്കാനാകൂ. പതിമൂന്ന് പോയിന്റ് പിറകിലുള്ള റയല്‍മാഡ്രിഡിന് വലിയ സാധ്യതകളില്ലെന്ന് കോച്ച് ജോസ് മൗറിഞ്ഞോ പറഞ്ഞിരുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് റയലിന്റെ ലക്ഷ്യം. അടുത്താഴ്ച തുര്‍ക്കി ക്ലബ്ബ് ഗലാത്‌സരെയെ നേരിടുന്ന റയല്‍ ഇന്ന് ലാ ലീഗയില്‍ റയല്‍ സരഗോസയെ നേരിടും. ചാമ്പ്യന്‍സ് ലീഗ് കളിക്കുന്ന മലാഗയുടെ ഇന്നത്തെ എതിരാളി റയോ വാള്‍കാനോയാണ്. മലാഗയുടെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ എതിരാളി ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോട്മുണ്ടാണ്. സ്‌പെയില്‍ ഇന്ന് ലയണല്‍ മെസിയിലേക്ക് തന്നെയാണ് ഉറ്റുനോക്കുന്നത്. കഴിഞ്ഞ പതിനെട്ട് ലീഗ് മത്സരങ്ങളിലും ഗോളടിച്ച മെസിക്ക് ഈസി സ്‌കോറിംഗ് അനുവദിക്കാത്ത ടീമാണ് സെല്‍റ്റ വിഗോ. നവംബര്‍ മൂന്നിന് ബാഴ്‌സലോണ 3-1ന് സെല്‍റ്റയെ തോല്‍പ്പിച്ചപ്പോള്‍ മെസിക്ക് ഗോള്‍ നേടാനായിരുന്നില്ല. അതിന് ശേഷമുള്ള പതിനെട്ട് മത്സരങ്ങളിലും മെസി ഗോള്‍ നേടി. അര്‍ജന്റൈന്‍ വിസ്മയത്തിന് മറ്റൊരു ഷോര്‍ട് ബ്രേക്ക് നല്‍കാനാകുമോ സെല്‍റ്റ പ്രതിരോധത്തിന്റെ പദ്ധതി.
28 മത്സരങ്ങളില്‍ 42 ഗോളുകളോടെ മെസിയാണ് ടോപ്‌സ്‌കോറര്‍ സ്ഥാനത്ത്. ഇതില്‍ 28 ഗോളുകള്‍ കഴിഞ്ഞ പതിനെട്ട് മത്സരങ്ങളിലായിരുന്നു. കഴിഞ്ഞ സീസണില്‍ അമ്പത് ഗോളുകള്‍ നേടി ലീഗ് റെക്കോര്‍ഡ് മെസി സൃഷ്ടിച്ചിരുന്നു. പത്ത് മത്സരങ്ങള്‍ ശേഷിക്കെ പുതിയൊരു സ്‌കോറിംഗ് റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ മെസിക്ക് അവസരമുണ്ട്, സാധ്യതയുണ്ട്. മയ്യോര്‍ക്കക്കെതിരെ ഇരട്ടഗോളുകള്‍ നേടിക്കൊണ്ടാണ് മെസി ബാഴ്‌സക്കായി ലാ ലീഗ സീസണ്‍ ആരംഭിച്ചത്. മത്സരം 4-2ന് ബാഴ്‌സ ജയിച്ചു. പത്ത് മത്സരങ്ങള്‍ക്ക് ശേഷം 5-1ന് ഒസാസുനയെ തകര്‍ത്തപ്പോള്‍ മെസി നേടിയത് നാലുഗോളുകള്‍. ബാഴ്‌സയുടെ മരിയോ മാര്‍ട്ടിന്റെയും റയലിന്റെ ബ്രസീല്‍ റൊണാള്‍ഡോയുടെയും റെക്കോര്‍ഡ് ഈ പ്രകടനത്തോടെ മെസി മറികടക്കുകയും ചെയ്തു.
കാര്‍ലസ് പ്യുയോള്‍, അഡ്രിയാനോ, ജോര്‍ഡി അല്‍ബ എന്നിവര്‍ പരുക്ക് കാരണം ഇന്ന് ബാഴ്‌സ നിരയിലുണ്ടാകില്ല. യോഗ്യതാ റൗണ്ടില്‍ ഫ്രാന്‍സിനെതിരെ പരുക്കേറ്റ പെഡ്രോ റോഡ്രിഗസും ഉണ്ടാകില്ല. അതേ സമയം മിഡ്ഫീല്‍ഡര്‍ ഷാവി ഹെര്‍നാണ്ടസ് തിരിച്ചെത്തി.
അര്‍ബുദ ചികിത്സക്കായി പത്താഴ്ച ന്യൂയോര്‍ക്കിലായിരുന്ന ടിറ്റോ വിലനോവ തിരിച്ചെത്തിയത് ബാഴ്‌സക്ക് ആവേശമാണ്. എന്നാല്‍, ദൈനംദിനമായി പുരോഗതി കൈവരിക്കുന്ന വിലനോവ മുഴുവന്‍ സമയ കോച്ചിംഗ് റോള്‍ ഏറ്റെടുത്തിട്ടില്ല. അസിസ്റ്റന്റ് കോച്ച് ജോര്‍ഡി റൗറയുടെ കീഴിലാണ് ബാഴ്‌സ ഇന്ന് കളിക്കാനിറങ്ങുക.ലെവന്റെ-സെവിയ്യ മത്സരവും ഇന്ന് നടക്കും.

Latest