Connect with us

Kozhikode

ചൂട് കനക്കുന്നു; നഗരത്തില്‍ പഴം വിപണിയില്‍ കൊയ്ത്തുകാലം

Published

|

Last Updated

കോഴിക്കോട്:നഗരം കൊടും ചൂടില്‍ ഉരുകിയൊലിക്കുമ്പോള്‍ ജനം ദാഹജലത്തിനായി നെട്ടോട്ടമോടുന്നു. ഇത് ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്നത് ജ്യൂസ് കടക്കാരെയും പഴക്കച്ചവടക്കാരെയുമാണ്. ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ളത് തണ്ണിമത്തനാണ്. പെട്ടെന്ന് ദാഹം ശമിപ്പിക്കുന്നതാണ് ഡിമാന്‍ഡ് കൂട്ടുന്നത്. പല രൂപത്തിലാണ് തണ്ണിമത്തന്റെ വിപണനം. ഒരു കഷ്ണം തണ്ണിമത്തന് 5 രൂപയാണ് വില. ഒരു ഗ്ലാസ് ജ്യൂസിന് 10 രൂപയും. ശീതള പാനീയങ്ങള്‍ക്ക് വില എത്ര തന്നെയാണെങ്കിലും കടകളിലും പാതയോരത്തും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. വേനല്‍ചൂട് കനത്തതോടെ വിപണിയിലെത്തുന്ന മുഴുവന്‍ പഴവര്‍ഗങ്ങളും വിറ്റു കാലിയാകുന്ന അവസ്ഥയാണുള്ളതെന്ന് പാളയം മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ പറയുന്നു. ഡിമാന്‍ഡിനനുസരിച്ച് വില ഉയരുമ്പോഴും അതൊന്നും ആവശ്യക്കാരെ അലട്ടുന്നില്ല. മലയാളിയുടെ സ്വന്തം ഇളനീരാണ് ഡിമാന്‍ഡിന്റെ കാര്യത്തില്‍ രണ്ടാമതുള്ളത്. ഒരു ഗ്ലാസ് ഇളനീര്‍ ജൂസിന് 20 രൂപയും ഇളനീര്‍ സോഡക്ക് 15 രൂപയുമാണ് വില. ഇളനീര്‍ ആവശ്യക്കാരുടെ എണ്ണം കൂടി വരുന്നുണ്ടെങ്കിലും ക്ഷാമം വര്‍ധിക്കുകയാണ്. ഇളനീര്‍ ലഭിക്കണമെങ്കിലോ തമിഴ്‌നാട് കനിയണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കരിമ്പിന്‍ ജ്യൂസിനും ഡിമാന്‍ഡുണ്ട്. പ്രധാന റോഡരികുകളിലും ദേശീയപാതയോരത്തും കരിമ്പിന്‍ ജ്യൂസ് വില്‍പ്പന സജീവമാണ്. ജ്യൂസുകള്‍ക്ക് പല വിലയാണ്. ഫ്രഷ് ജ്യൂസിന് 30 മുതല്‍ 50 വരെ നല്‍കേണ്ടപ്പോള്‍ ഫ്രഷല്ലാത്തതിന് 25 മുതല്‍ 35 വരെ മതി. കൂള്‍ബാറുകളില്‍ മുന്തിരി, പൈനാപ്പിള്‍, മുസമ്പി ,ആപ്പിള്‍ തുടങ്ങിയ നാടന്‍ ജ്യൂസുകള്‍ക്ക് പുറമെ ഷാര്‍ജ, ബട്ടര്‍, ബദാം, പിസ്ത, ചിക്കു തുടങ്ങിയവയുടെ കച്ചവടവും പൊടിപൊടിക്കുകയാണ്. ചൂടു കനത്തതോടെ ഷെയ്ക്ക് വിപണിയില്‍ പുതിയ പേരുകളാണ് സ്ഥാനം പിടിക്കുന്നത്. മുപ്പതോളം ഷെയ്ക്കുകളാണ് വിപണിയില്‍ സുലഭം. സ്വദേശി മാത്രമല്ല വിദേശിയും ശീതളപാനീയ വിപണിയില്‍ സുലഭം. ഐസ്‌ക്രീമും മിനറല്‍ വാട്ടറും ഡിമാന്റിന്റെ കാര്യത്തില്‍ എന്നും മുന്‍പന്തിയില്‍ തന്നെ. 15 രൂപമുതല്‍ 20 രൂപവരെയാണ് ഒരു ബോട്ടില്‍ മിനറല്‍ വാട്ടറിന്റെ വില. പല കടകളിലും പല വിലയാണ്. നഗരപ്രദേശങ്ങളില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ നാലഞ്ച് രൂപയുടെ വ്യത്യാസമാണ് നഗര പരിധിയില്‍പ്പെട്ട ഉള്‍പ്രദേശങ്ങളില്‍. എന്നാല്‍ ഇത്തരം പഴച്ചാറുകളും ഐസ്‌ക്രീമുമെല്ലാം വരുത്തിയേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചോ പകര്‍ച്ചവ്യാധികളെക്കുറിച്ചോ ഒന്നും ആശങ്കയില്ലാതെയാണ് ആളുകള്‍ ഇവയെല്ലാം വാങ്ങികുടിക്കുന്നത്. ശീതള പാനീയങ്ങളില്‍ ചേര്‍ക്കുന്ന ഐസുകളില്‍ രാസവസ്തക്കളും മാലിന്യവും വന്‍ തോതില്‍ കലരുന്നതിനെക്കുറിച്ചുള്ള പഠനം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. എന്നാല്‍ ഇതൊക്കെ ആരുശ്രദ്ധിക്കുന്നു…?