Connect with us

Ongoing News

പ്രവാസികളുടെ സംരക്ഷണത്തിനായി കേന്ദ്രം ഇടപെടണം: പിണറായി

Published

|

Last Updated

വടകര: സഊദിയിലെ പ്രവാസി മലയാളികളുടെ സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സംഘടനയായ ദല ഏര്‍പ്പെടുത്തിയ ഐ വിദാസ് സ്മാരക സാഹിത്യ അവാര്‍ഡും ടി വി കൊച്ചുബാവ പുരസ്‌കാരവും വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് വിദേശ നാണ്യം നേടിത്തരുന്ന പ്രവാസികള്‍ക്കുണ്ടാകുന്ന ആപത്തിനെ മൂന്‍കൂട്ടി കണ്ട് ജാഗ്രതയോടെ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. പ്രധാനമന്ത്രിക്ക് കത്തയച്ചു എന്ന് പറയുന്ന മുഖ്യമന്ത്രി അടങ്ങിയിരിക്കാതെ രാഷ്ട്രീയ സമ്മര്‍ദം നടത്താന്‍ തയ്യാറാകണം. പ്രവാസികളില്‍ നിന്ന് കോടികള്‍ പിരിച്ചെടുക്കുന്നുണ്ടെങ്കിലും ഇവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒരു പ്രവര്‍ത്തനവും നടത്തുന്നില്ല. സഊദിയിലെ സ്വദേശിവത്കരണത്തിന്റെ പേരില്‍ കൂടുതല്‍ തിരിച്ചയക്കപ്പെടുന്നവരും മലയാളികളായിരിക്കും.
ഇവര്‍ക്ക് പൂര്‍ണസംരക്ഷണം നല്‍കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണെന്നും പിണറായി പറഞ്ഞു. സാഹിത്യകാരനായാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ലെന്ന് ചിന്തിക്കുന്ന ഈ കാലഘട്ടത്തില്‍ സാഹിത്യത്തോടൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനവും നടത്തിയ നേതാവായിരുന്നു അവാര്‍ഡ് ജേതാവായ എം കേളപ്പനെന്ന് അദ്ദേഹം പറഞ്ഞു.
സാഹിത്യരംഗത്തെ അപൂര്‍വം ചിലര്‍ പാര്‍ട്ടി പ്രസിദ്ധീകരണങ്ങളിലൂടെ പ്രശസ്തമായ ശേഷം അവര്‍ വന്ന വഴിയെ തള്ളിപ്പറയുകയാണ്. അവരെ പ്രലോഭിപ്പിക്കുന്നത് പാര്‍ട്ടി ശത്രുക്കളാണ്. അതേ സമയം ചില വാരികകളും ഇടതുപക്ഷ രാഷ്ട്രീയത്തോട് ഭ്രഷ്ട് കല്‍പ്പിക്കുന്നുണ്ട്. പാര്‍ട്ടി വിട്ടാല്‍ അവരെ സ്വാഗതം ചെയ്യുകയാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. അവാര്‍ഡ് ജേതാക്കളായ എം കേളപ്പന്‍, അനീഷ് ആയടത്തില്‍, ഇ കെ ഷീബ, എന്‍ എന്‍ രാജന്‍, റിയാസ് എന്നിവര്‍ പിണറായിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. ചടങ്ങില്‍ ദല അവാര്‍ഡ് സമിതി ചെയര്‍മാന്‍ വി വി ദക്ഷിണാമൂര്‍ത്തി അധ്യക്ഷത വഹിച്ചു.

---- facebook comment plugin here -----

Latest