കരുണാകരനൊപ്പം മടങ്ങിയെത്തിയവര്‍ക്ക് അര്‍ഹമായ സ്ഥാനം ലഭിച്ചില്ല: മുല്ലപ്പള്ളി

Posted on: March 30, 2013 1:59 am | Last updated: March 30, 2013 at 1:59 am
SHARE

കോഴിക്കോട്: കരുണാകരനൊപ്പം മടങ്ങിയെത്തിയവര്‍ക്ക് കോണ്‍ഗ്രസ് പുനഃസംഘടനയില്‍ അര്‍ഹമായ സ്ഥാനം ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍.
ഇവര്‍ക്ക് മതിയായ പ്രാതിനിധ്യം ഉറപ്പ് വരുത്തേണ്ടത് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ഉത്തരവാദിത്തമാണ്. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് കെ കരുണാകരന്റെ പേര് നല്‍കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. കെ കരുണാകരന്‍ സ്മാരക കേന്ദ്രത്തിന്റെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട്ട് നിര്‍വഹിക്കുകയായിരുന്നു മുല്ലപ്പള്ളി.
കരുണാകരന്റെ പേര് വിമാനത്താവളത്തിന് ഇടുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം സമര്‍പ്പിച്ചാല്‍ കേന്ദ്രം അനുകൂല തീരുമാനമെടുക്കും. ഇതായിരിക്കും കരുണാകരനുള്ള ഉചിതമായ സ്മാരകമെന്നും മുല്ലപ്പള്ളി പറഞ്ഞു.
യു ഡി എഫിലെ പ്രശ്‌നങ്ങള്‍ കാണുമ്പോള്‍ കരുണാകരന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു. ഒരു സമുദായ സംഘടനയുടെ മുന്നിലും ഓച്ചാനിച്ചു നില്‍ക്കാത്ത മതേതരവാദിയായിരുന്നു കരുണാകരന്‍. സമുദായ സംഘടനകളുമായി ഹൃദയബന്ധം സൂക്ഷിക്കുമ്പോഴും അവര്‍ക്ക് കീഴടങ്ങാന്‍ കരുണാകരന്‍ തയാറായിരുന്നില്ല.
ഘടക കക്ഷികളെ നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി വിടാനെടുത്ത തീരുമാനമാണ് കരുണാകരന്റെ പിഴവായി കാണുന്നത്.
കരുണാകരനെയും മുരളീധരനെയും കോണ്‍ഗ്രസില്‍ തിരികെ എത്തിക്കാന്‍ എ കെ ആന്റണിയുമായി ചേര്‍ന്ന് ഡല്‍ഹിയില്‍ വേണ്ട പരിശ്രമങ്ങള്‍ താന്‍ നടത്തിയിരുന്നതായും മുല്ലപ്പള്ളി പറഞ്ഞു.